കണ്ണൂർ: സൗമ്യ വധക്കേസിലെ പ്രതി ഗോവിന്ദച്ചാമിയുടെ കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നുള്ള രക്ഷപ്പെടൽ, മുൻ എം.എൽ.എ. പി.വി. അൻവർ പുനരാവിഷ്കരിച്ച് പ്രതിഷേധിച്ചു. ഒറ്റക്കൈ ഉപയോഗിച്ച് ഒരാൾക്ക് കണ്ണൂർ സെൻട്രൽ ജയിലിന്റെ മതിൽ ചാടിക്കടക്കാൻ സാധിക്കില്ലെന്ന് സ്ഥാപിക്കാൻ വേണ്ടിയായിരുന്നു പി.വി. അൻവറിന്റെ ജയിൽച്ചാട്ട പുനരാവിഷ്കാരം. ഒരു കൈ മാത്രം ഉപയോഗിച്ച് 7.5 മീറ്റർ ഉയരമുള്ള മതിൽ കയറിയെന്ന ജയിൽ അധികൃതരുടെ വാദത്തെ അൻവർ പരിഹസിച്ചു. പ്ലാസ്റ്റിക് ബാരലുകൾ വഴി മതിൽ ചാടിയെന്ന വിശദീകരണം അവിശ്വസനീയമാണെന്നും, മുഖ്യമന്ത്രി പിണറായി വിജയന്റെ “കുബുദ്ധി”യുടെ ഫലമാണ് ഈ സംഭവമെന്നും അദ്ദേഹം ആരോപിച്ചു. വി.എസ്. അച്യുതാനന്ദനുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങൾ മറച്ചുവെക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമാണ് ഈ രക്ഷപ്പെടലെന്നും അൻവർ കുറ്റപ്പെടുത്തി.
ജയിലിന്റെ സുരക്ഷാ വീഴ്ചകൾ എടുത്തുകാട്ടാൻ അൻവർ മതിലിന് സമീപം ഒരു ഡെമോ നടത്തി. ഗോവിന്ദച്ചാമി ഇരുമ്പഴികൾ മുറിച്ച്, തുണികൾ കെട്ടിയ കയർ ഉപയോഗിച്ചാണ് രക്ഷപ്പെട്ടതെന്നാണ് ഔദ്യോഗിക റിപ്പോർട്ട്. എന്നാൽ, ഇതിന് ആന്തരിക-ബാഹ്യ സഹായം ലഭിച്ചുവെന്ന് ഉറപ്പാണെന്ന് അൻവർ ആരോപിച്ചു.
ജയിൽ അഴിക്ക് സമാനമായ കമ്പി കാണിച്ച്, അത് ആക്സോ ബ്ലെയിഡ് ഉപയോഗിച്ച് മുറിക്കാൻ ശ്രമിച്ചു. എന്നാൽ ഈ കമ്പി നൂറ് ആക്സോ ബ്ലെയിഡ് ഉപയോഗിച്ചാലും മുറിക്കാൻ സാധിക്കില്ലെന്ന് അദ്ദേഹം തുടക്കത്തിൽ പറഞ്ഞുവെച്ചു. തുടർന്ന് മൂന്ന് ഡ്രമ്മുകൾ മതിലിനോട് ചേർത്ത് വെച്ചു. ഗോവിന്ദച്ചാമി ഡ്രമ്മുകളുപയോഗിച്ചാണ് മതിൽ ചാടിക്കടന്നത് എന്ന ജയിൽ ഉദ്യോഗസ്ഥരുടെ വാദത്തെ ഖണ്ഡിക്കാനായിരുന്നു അൻവറിന്റെ ശ്രമം.
പിവിസി പൈപ്പ് മുറിക്കാനാണ് ആക്സോ ബ്ലെയ്ഡ് ഉപയോഗിക്കുന്നത്. ഇതുകൊണ്ടാണ് ഒന്നര ഇഞ്ച് വണ്ണമുള്ള ജയിലഴി മുറിച്ചുവെന്ന് പറഞ്ഞാണ് കേരളത്തിലെ മൂന്നരക്കോടി ജനങ്ങളെ പറ്റിക്കുന്നത്. ഉപ്പ് വെച്ച ശേഷം തുണി മറച്ച് കെട്ടിവെച്ചുവെന്ന് പറയുന്നു. ഇത്രയും ദിവസം തുണി കെട്ടിവെച്ചപ്പോൾ ജയിൽ ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപെട്ടില്ലേ എന്നും അദ്ദേഹം ചോദിച്ചു.
7.8 മീറ്റർ ഉയരത്തിലെ മതിൽ ചാടിക്കടക്കാൻ വെള്ളത്തിന് വെച്ച മൂന്ന് ഡ്രമ്മുകൾ ഉപയോഗിച്ചുവെന്നാണ് പറയുന്നത്. അത് മനുഷ്യസാധ്യമല്ല. ഹെലികോപ്റ്ററിൽ പോയി ഇറങ്ങി നിൽക്കേണ്ടി വരും. രണ്ടു കൈ ഇല്ലാത്ത ഒരാൾ ഡ്രമ്മിൽ നിന്ന് തുണിയിൽ ചാടിപ്പിടിച്ചത് എങ്ങനെയെന്നും അദ്ദേഹം ചോദിച്ചു.
https://www.facebook.com/share/v/15g7YDCU83