വെടിനിർത്തലിന് തയാർ: ചർച്ചകൾ ഉടൻ ആരംഭിക്കാമെന്ന് ഹമാസ്

വെടിനിർത്തലിന് തയാർ: ചർച്ചകൾ ഉടൻ ആരംഭിക്കാമെന്ന് ഹമാസ്

ഗസ്സ സിറ്റി: ഗസ്സയിൽ 60 ദിവസത്തെ വെടിനിർത്തൽ സംബന്ധിച്ച യു.എസ് പ്രസിഡന്റ് ​ഡോണൾഡ് ട്രംപിന്റെ നിർദേശത്തിൽ ഇസ്രായേലുമായി ഉടനടി ചർച്ചകൾ ആരംഭിക്കാൻ തയ്യാറാണെന്ന് ഹമാസ്. മുന്നോട്ടുവെച്ച കരാർ പ്രകാരം ഹമാസ് ഇപ്പോഴും കൈവശം വച്ചിരിക്കുന്ന 50 ബന്ദികളിൽ പകുതി പേരെയും തിരികെ നൽകുകയും യുദ്ധം അവസാനിപ്പിക്കാൻ ഇസ്രായേലുമായി മധ്യസ്ഥ ചർച്ചകൾ തുടരുകയും ചെയ്യാമെന്നാണ്. ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു അംഗീകരിച്ച ഈ നിർദേശം തിങ്കളാഴ്ച ട്രംപുമായുള്ള കൂടിക്കാഴ്ചയിലെ പ്രധാന വിഷയങ്ങളിലൊന്നായിരിക്കും.

‘മധ്യസ്ഥർ മുന്നോട്ടുവച്ച ഏറ്റവും പുതിയ നിർദേശത്തെക്കുറിച്ച് ഹമാസ് ഫലസ്തീൻ വിഭാഗങ്ങളുമായും സേനകളുമായും ആഭ്യന്തര കൂടിയാലോചനകളും ചർച്ചകളും പൂർത്തിയാക്കിയെന്ന് ഗ്രൂപ്പ് ഒരു പ്രസ്താവനയിൽ പറഞ്ഞു. മധ്യസ്ഥരെ തങ്ങളുടെ പ്രതികരണം അറിയിച്ചതായ​ും ഹമാസ് പറഞ്ഞു.

‘അടുത്ത ആഴ്ച ഗസ്സ കരാർ ഉണ്ടാകാം’ എന്ന് വെള്ളിയാഴ്ച വൈകി ട്രംപ് പ്രകതിരിച്ചു. ആഴ്ചകൾക്കുമുമ്പ് നെതന്യാഹു ഭരണകൂടം യു.എസ് നിർദേശം അംഗീകരിച്ചെങ്കിലും മറ്റ് പ്രധാന മധ്യസ്ഥരായ ഖത്തറിനും ഈജിപ്തിനും പ്രധാന തർക്ക വിഷയങ്ങൾ മറികടക്കാൻ കക്ഷികളെ പ്രേരിപ്പിക്കാനായില്ല. എങ്കിലും വെടിനിർത്തൽ വഴി സംഘർഷം അവസാനിപ്പിക്കണമെന്ന് ഹമാസ് പറഞ്ഞിരുന്നു. കൂടാതെ ഗസ്സയിലെ നിരായുധീകരണത്തിനും അധികാരത്തിൽനിന്ന് സ്വയം പിന്മാറാനുമുള്ള ഇസ്രായേലിന്റെ ആവശ്യങ്ങൾ നിരസിക്കുകയും ചെയ്തിരുന്നു.

ചർച്ചകൾക്ക് സമ്മതിച്ചിട്ടും ഗസ്സയിൽ ഇസ്രായേൽ സൈനിക പ്രവർത്തനങ്ങൾ ശക്തമായി തുടരുകയാണ്. ചൊവ്വാഴ്ച മുതൽ ഗസ്സ നഗരത്തിന്റെ പ്രാന്തപ്രദേശങ്ങൾ വിട്ടുപോകാൻ സൈന്യം ഫലസ്തീനികളോട് ഉത്തരവിട്ടു. വടക്കൻ നഗരത്തിൽ വ്യോമാക്രമണങ്ങളും കടന്നുകയറ്റങ്ങളും ശക്തമാക്കി.

ഗസ്സയിൽ ഒരൊറ്റ ദിവസം 42 ഫലസ്തീനികളെ കൊലപ്പെടുത്തിയതായി ആശുപത്രി വൃത്തങ്ങൾ പറഞ്ഞതായി അൽ ജസീറ റി​പ്പോർട്ട് ചെയ്തു. ഭക്ഷണത്തിനായി കാത്തിരിക്കുന്നവരെ ഇസ്രായേൽ സൈന്യം വീണ്ടും ലക്ഷ്യം വെക്കുകയും പരിക്കേറ്റവരെ ഉൾകൊള്ളാനാവാതെ ആശുപത്രികൾ ബുദ്ധിമുട്ടുകയും ചെയ്യുന്നതായാണ് റിപ്പോർട്ട്.

Hamas ready for ceasefire: Negotiations to begin soon

Share Email
Top