ഗസ്സ: 60 ദിവസത്തെ വെടിനിർത്തൽ നിർദേശത്തോട് പ്രതികരിച്ച് ഹമാസ്. പോസിറ്റീവായ പ്രതികരണം നിർദേശത്തോട് ഹമാസ് നടത്തിയിട്ടുണ്ട്. ഇസ്രായേൽ മാധ്യമങ്ങളാണ് വെടിനിർത്തൽ കരാറിനോട് ഹമാസ് പ്രതികരിച്ച വിവരം റിപ്പോർട്ട് ചെയ്തത്. ഹമാസുമായി ബന്ധമുള്ള ഇസ്ലാമിക് ജിഹാദാണ് ഇതുമായി ബന്ധപ്പെട്ടുള്ള ചർച്ചകൾക്കുള്ള സന്നദ്ധത അറിയിച്ചത്.
അതേസമയം, ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ സമ്പൂർണ്ണവെടിനിർത്തലിലേക്ക് നയിക്കണമെന്ന ആവശ്യം ഹമാസ് മുന്നോട്ടുവെച്ചിട്ടുണ്ട്. ഹമാസിന്റെ നിർദേശം ഇസ്രായേൽ ചർച്ച ചെയ്തതിന് ശേഷം മറുപടി അറിയിക്കും. ചർച്ചകൾക്ക് മധ്യസ്ഥത വഹിക്കുന്നവർ വഴിയാണ് ഹമാസ് നിലപാട് അറിയിച്ചത്.
നേരത്തെ 12 ദിവസം നീണ്ട ഇറാൻ- ഇസ്രായേൽ സംഘർഷത്തിൽ വെടിനിർത്തൽ നടപ്പാക്കുന്നതിൽ വിജയിച്ചതിനു പിറകെ ഗസ്സയിലും സമാധാനശ്രമങ്ങൾക്ക് യു.എസ് രംഗത്തെത്തിയിരുന്നു. ഒരാഴ്ചക്കകം ഗസ്സയിൽ വെടിനിർത്തൽ നടപ്പാക്കുമെന്ന് ട്രംപ് പ്രഖ്യാപിക്കുകയും ചെയ്തു. ഞായറാഴ്ച ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു വാഷിങ്ടണിലേക്ക് പറക്കുന്നുണ്ട്.
ഗസ്സയിൽ സമ്പൂർണ യുദ്ധവിരാമം വേണമെന്ന് ഹമാസ് പറയുമ്പോൾ അത് അംഗീകരിക്കില്ലെന്നാണ് നെതന്യാഹുവിന്റെ നിലപാട്. യു.എസിൽ ട്രംപ്- നെതന്യാഹു ചർച്ചകൾക്കുശേഷം തിങ്കളാഴ്ച വെടിനിർത്തൽ പ്രഖ്യാപനം ഉണ്ടാകുമെന്ന് ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. 10 ബന്ദികളെയും 18 മൃതദേഹങ്ങളും ഹമാസ് വിട്ടയക്കുമെന്നും പകരം നിരവധി തടവുകാരെ ഇസ്രായേലും മോചിപ്പിക്കുമെന്നുമാണ് കരാർ വ്യവസ്ഥകളിൽ പ്രധാനം.
ഘട്ടംഘട്ടമായി ഇസ്രായേൽ സേന ഗസ്സയിൽനിന്ന് പിന്മാറ്റം ആരംഭിക്കും. പൂർണ യുദ്ധവിരാമ ചർച്ചകൾ അനുബന്ധമായി നടക്കും. 2023ലെ ആക്രമണത്തിൽ 251 പേരെ ഹമാസ് ബന്ദിയാക്കിയതിൽ 50 ഓളം പേർ ഇപ്പോഴും ഹമാസ് നിയന്ത്രണത്തിലുണ്ടെന്നാണ് സൂചന. ഇവരിൽ പകുതി പേർ ജീവനോടെയുമുണ്ട്. ഗസ്സയിലേക്ക് ഭക്ഷ്യവസ്തുക്കൾ കടത്തിവിടുന്നതിലെ നിയന്ത്രണം അവസാനിപ്പിക്കണമെന്ന ഹമാസ് ആവശ്യവും പരിഗണനയിലുണ്ട്.
Hamas responds positively to 60-day ceasefire proposal in Gaza