ന്യൂഡൽഹി: റഷ്യൻ ക്രൂഡ് ഓയിൽ വാങ്ങുന്ന രാജ്യങ്ങൾക്കെതിരെ 100 ശതമാനം നികുതി ഏർപ്പെടുത്തുമെന്ന യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഭീഷണിയിൽ മറുപടിയുമായി കേന്ദ്രമന്ത്രി ഹർദീപ് സിംഗ് പുരി. രാജ്യത്തിനാവശ്യമുള്ള ക്രൂഡ് ഓയിൽ എവിടെനിന്നും വാങ്ങാനുള്ള സ്വാതന്ത്ര്യം ഇന്ത്യയ്ക്കുണ്ടെന്ന് പുരി പറഞ്ഞു. ക്രൂഡ് ഓയിൽ വാങ്ങുന്നതിനുള്ള സാധ്യതകൾ ഇന്ത്യ വർധിപ്പിച്ചിട്ടുണ്ടെന്നും ട്രംപിന്റെ പുതിയ ഭീഷണിയിൽ സമ്മർദ്ദമില്ലെന്നും അദ്ദേഹം പറഞ്ഞു.
ട്രംപിന്റെ ഉപരോധ ഭീഷണിയെക്കുറിച്ചും അത് ഇന്ത്യയുടെ ഇന്ധന വ്യവസായത്തിൽ ഉണ്ടാക്കിയേക്കാവുന്ന സ്വാധീനത്തെക്കുറിച്ചും ഫസ്റ്റ് പോസ്റ്റിനോട് പ്രതികരിക്കുകയായിരുന്നു കേന്ദ്ര പെട്രോളിയം മന്ത്രി.
”പ്രതിദിനം ആഗോള എണ്ണ ഉപഭോഗത്തിന്റെ 10 ശതമാനം റഷ്യയാണ് നൽകുന്നത്. റഷ്യയെ മാറ്റിനിർത്തുന്നത് വൻ പ്രത്യാഘാതം സൃഷ്ടിക്കും. വില കുതിച്ചുയരും. കൂടുതൽ ആളുകൾ ഒപെക് രാജ്യങ്ങളിൽനിന്ന് വാങ്ങാൻ തുടങ്ങിയാൽ, വില ബാരലിന് കുറഞ്ഞത് 130 മുതൽ 140 ഡോളർ വരെ ഉയരുമെന്ന് ഞങ്ങൾ വിലയിരുത്തി.” അദ്ദേഹം പറഞ്ഞു.
”കഴിഞ്ഞ 11 വർഷമായി, സാധ്യതകൾ വൈവിധ്യവത്കരിക്കുകയും, വെല്ലുവിളികളെ അതിജീവിക്കുകയും ചെയ്തു. ഓരോ പ്രതിസന്ധികളും ഞങ്ങൾക്ക് പുതിയ അവസരങ്ങൾ നൽകി. മുമ്പ് നാല് രാജ്യങ്ങളിൽ നിന്ന് മാത്രമായിരുന്നു ക്രൂഡോയിൽ വാങ്ങിയിരുന്നതെങ്കിൽ ഇന്നത് 27 രാജ്യങ്ങളിൽ നിന്ന് വാങ്ങാനുള്ള വിശാലമായ സാധ്യതയായി.
പ്രധാനമന്ത്രിയുടെ പ്രതിബദ്ധത ഇന്ത്യക്കാരോടാണ്. കഴിഞ്ഞ 10-11 വർഷത്തിനുള്ളിൽ അന്താരാഷ്ട്ര ഊർജ്ജ വിപണിയുടെ 16 ശതമാനം വളർച്ചയും ഇന്ത്യയിൽ നിന്നാണ്. അടുത്ത രണ്ട് പതിറ്റാണ്ടിനുള്ളിൽ, ആഗോള ഊർജ്ജ വിപണി വളർച്ചയുടെ 25 ശതമാനവും ഇന്ത്യയിൽ നിന്നായിരിക്കുമെന്ന് അന്താരാഷ്ട്ര ഊർജ്ജ ഏജൻസി പറഞ്ഞിട്ടുണ്ട്.” പുരി ഓർമ്മിപ്പിച്ചു.
ചിലർക്ക് ശൈത്യകാലത്ത് ഹീറ്റിങ് ലഭിക്കില്ല, ചിലർക്ക് വേനൽക്കാലത്ത് എയർ കണ്ടീഷനിങ് ലഭിക്കില്ല. അതിനാൽ ഉപഭോഗത്തിൽ 10 ശതമാനം കുറവ് വരുത്തുന്നത് എളുപ്പമുള്ള കാര്യമല്ല. അല്ലെങ്കിൽ മറ്റെന്തെങ്കിലും സംഭവിക്കും. 10 ശതമാനം ഒഴിവാക്കാൻ തീരുമാനിച്ചാൽ ഉപഭോഗം കുറയ്ക്കാത്തതിനാൽ ബാക്കിയുള്ള 90 ശതമാനത്തിൽനിന്ന് കൂടുതൽ വാങ്ങാൻ തുടങ്ങും.” പുരി വിശദീകരിച്ചു.
”ക്രൂഡ് ഓയിലിന്റെ രണ്ട് പ്രധാന വിതരണക്കാരായ ഇറാനും വെനസ്വേലയും ഉപരോധം നേരിടുകയാണ്. ആ ഉപരോധങ്ങൾ എന്നേക്കും നിലനിൽക്കുമോ? ബ്രസീൽ, കാനഡ, ഗയാന തുടങ്ങിയ രാജ്യങ്ങളിൽനിന്ന് കൂടുതൽ എണ്ണ വിപണിയിലേക്ക് വരുന്നുണ്ട്. ഒട്ടും ആശങ്കയില്ല. എന്തെങ്കിലും സംഭവിച്ചാൽ, ഞങ്ങൾ അത് കൈകാര്യം ചെയ്യും.” അദ്ദേഹം പറഞ്ഞു.
യുക്രൈൻ- റഷ്യ സമാധാന ചർച്ചയ്ക്ക് റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ വിമുഖത കാണിക്കുന്നതിനെ തുടർന്നാണ് റഷ്യയിൽനിന്ന് ക്രൂഡ് ഓയിൽ വാങ്ങുന്ന രാജ്യങ്ങൾക്ക് നികുതിയും ഉപരോധവും ഏർപ്പെടുത്തുമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകിയത്.
റഷ്യൻ ക്രൂഡ് ഓയിലിന്റെ ഏറ്റവും വലിയ ഉപഭോക്താക്കളിൽ ഒന്നാണ് ഇന്ത്യ. 2022 ഫെബ്രുവരി മുതൽ, പാശ്ചാത്യ രാജ്യങ്ങൾ ഉപരോധം ഏർപ്പെടുത്തി റഷ്യയെ ഒഴിവാക്കിയപ്പോൾ, ഇന്ത്യൻ റിഫൈനറികൾ കുറഞ്ഞ വിലയ്ക്ക് റഷ്യൻ ക്രൂഡ് ഓയിൽ വാങ്ങിക്കൂട്ടുകയായിരുന്നു. യുക്രൈൻ- റഷ്യ യുദ്ധത്തിന് മുമ്പ് ഒരു ശതമാനത്തിൽ താഴെയായിരുന്ന എണ്ണ ഇറക്കുമതിയുടെ മൂന്നിലൊന്നും ഇപ്പോൾ റഷ്യയിൽനിന്നാണ്.
യുക്രൈയ്‌നെതിരായ യുദ്ധം അവസാനിപ്പിക്കാൻ മോസ്‌കോയ്ക്ക് 50 ദിവസത്തെ സമയം നൽകുമെന്നും അതിനുശേഷം കൂടുതൽ നികുതി ചുമത്തുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകിയിരുന്നു.
Hardeep Singh Puri responds to Trump’s tax threat