നാലു ദിവസം സംസ്ഥാനത്ത് പെരു മഴയ്ക്ക് സാധ്യത; മത്സ്യത്തൊഴിലാളികള്‍ക്കും മുന്നറിയിപ്പ്

നാലു ദിവസം സംസ്ഥാനത്ത് പെരു മഴയ്ക്ക് സാധ്യത; മത്സ്യത്തൊഴിലാളികള്‍ക്കും മുന്നറിയിപ്പ്

തിരുവനന്തപുരം: വരുന്ന നാലു ദിവസം സംസ്ഥാനത്ത് പെരുമഴയ്ക്ക് സാധ്യത. കാലാവസ്ഥാ നിരീക്ഷണകേന്ദ്രം നല്കുന്ന മുന്നറിയിപ്പ് പ്രകാരം അടുത്ത നാലു ദിവസം സംസ്ഥാനത്ത് മിക്ക ജില്ലകളിലും അതിതീവ്ര മഴയ്ക്കാണ് സാധ്യത. ഇതില്‍ തന്നെ വടക്കന്‍ കേരളത്തിലാകും മഴഅതി രൂക്ഷമാകുക. കനത്തമഴ പെയ്യാന്‍ സാധ്യതയുള്ളതിനാല്‍ ഇന്ന് നാലു  ജില്ലകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു.

കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിലാണ് റെഡ് അലര്‍ട്ട്. മലപ്പുറം, പാലക്കാട്, തൃസൂര്‍ ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടും എറണാകുളം, ഇടുക്കി, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

കേരള – കര്‍ണാടക – ലക്ഷദ്വീപ് തീരങ്ങളില്‍ ഇന്നു മുതല്‍ 21 വരെ മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഈ മേഖലയില്‍  മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ 60 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.

മധ്യ പടിഞ്ഞാറന്‍ അറബിക്കടല്‍, മധ്യ കിഴക്കന്‍ അറബിക്കടലിനോട് ചേര്‍ന്ന ഭാഗങ്ങള്‍, തെക്കു പടിഞ്ഞാറന്‍ അറബിക്കടല്‍ എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 45 മുതല്‍ 55 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ 65 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിന് സാധ്യത.


ഇന്നലെ പെയ്ത ശക്തമായ മഴയില്‍ കണ്ണൂര്‍, കാസര്‍കോട്, കോഴിക്കോട് ജില്ലകളില്‍ വ്യാപക നാശമുണ്ടായി.  കോഴിക്കോട് കുററ്യാടി ചുരത്തില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടു. ഇവിടെ  കുടുംബങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി. തലയാട് പേര്യമലയില്‍ ഉരുള്‍ പൊട്ടി കൃഷി നാശമുണ്ടായി.കാസര്‍കോട് മേല്പറമ്പിൽ വീടിന് മുകളില്‍ വന്‍ പാറ അടര്‍ത്തുവീണു. നടക്കാല്‍ സ്വദേശി മിറ്റേഷിന്റെ കുടുംബം ഭാഗ്യം കൊണ്ടാണ് രക്ഷപ്പെട്ടത്. സംസ്ഥാനത്ത് പലയിടങ്ങളിലും മഴ ഇന്നും നാശം വിതച്ചു.

Heavy rain likely in the state for four days; Fishermen also warned
Share Email
LATEST
Top