ഒറിഗോൺ: ബീവർട്ടണിലെ ഒരു പ്രീസ്‌കൂളിൽ കുട്ടിയെ ഇറക്കാൻ എത്തിയ പിതാവിനെ ഇമിഗ്രേഷൻ ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തതിന്‍റെ ഞെട്ടലിൽ രക്ഷിതാക്കൾ. പോർട്ട്‌ലാൻഡിനടുത്തുള്ള ഈ സ്കൂളിന് മുന്നിൽവെച്ച് കാറിന്റെ ജനൽ തകർത്താണ് 38 വയസ്സുകാരനായ ഇറാൻ പൗരനും കൈറോപ്രാക്ടറുമായ മഹ്ദി ഖാൻബാബാസദേഹിനെ ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്സ്മെന്റ് (ICE) ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തത്.
“ചെറിയ കുട്ടികളെ പരിപാലിക്കുന്ന ഒരു ഡേ കെയർ സുരക്ഷിതമായ ഇടമായിരിക്കണം,” മകളെ ബീവർട്ടണിലെ മോണ്ടിസോറി സ്കൂളിൽ കൊണ്ടുവിട്ട ശേഷം നതാലി ബെർണിംഗ് പറഞ്ഞു. ഈ സംഭവം കുട്ടികൾക്കും കുടുംബങ്ങൾക്കും മാനസികാഘാതമുണ്ടാക്കുന്നതാണെന്നും അവർ കൂട്ടിച്ചേർത്തു.
ചൊവ്വാഴ്ച, കുട്ടിയെ സ്കൂളിലേക്ക് കൊണ്ടുപോകവേ, ICE ഉദ്യോഗസ്ഥർ ഖാൻബാബാസദേഹിനെ തടഞ്ഞു. കുട്ടിയെ സ്കൂളിൽ വിടാൻ അനുവദിക്കണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു. തുടര്‍ന്ന് വാഹനം മുന്നോട്ടെടുത്ത് ഭാര്യയെ വിളിച്ച് വിവരം അറിയിച്ചു. സ്വകാര്യതയുമായി ബന്ധപ്പെട്ട ആശങ്കകൾ കാരണം പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ഭാര്യയാണ് ഇക്കാര്യങ്ങൾ മാധ്യമങ്ങളുമായി പങ്കുവെച്ചത്.
ഭാര്യ ഉടൻ സ്കൂളിലെത്തി കുട്ടിയെ കാറിൽ നിന്ന് കൂട്ടിക്കൊണ്ടുപോയി. ഖാൻബാബാസദേഹ് വാഹനം പാർക്കിംഗ് സ്ഥലത്ത് നിന്ന് തെരുവിലേക്ക് മാറ്റി, മറ്റുള്ളവർക്ക് ബുദ്ധിമുട്ടുണ്ടാകാതിരിക്കാൻ ശ്രമിച്ചു. എന്നാൽ, വാഹനത്തിൽ നിന്നിറങ്ങാൻ വാതിൽ തുറക്കാൻ തുടങ്ങിയപ്പോൾ ഉദ്യോഗസ്ഥർ ജനൽ തകർത്ത് അദ്ദേഹത്തെ അറസ്റ്റ് ചെയ്തതായി ഭാര്യ വ്യക്തമാക്കി.