ഹൈദരാബാദ്: നിയമവിരുദ്ധമായ വാതുവെപ്പ്, ചൂതാട്ട ആപ്പുകളുടെ പ്രചാരണവുമായി ബന്ധപ്പെട്ട് റാണ ദഗ്ഗുബതി, വിജയ് ദേവരകൊണ്ട, പ്രകാശ് രാജ് എന്നിവരുൾപ്പെടെ പ്രമുഖ നടന്മാർക്ക് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) സമൻസ് അയച്ചു.
ലഭ്യമായ വിവരങ്ങൾ അനുസരിച്ച്, ജൂലൈ 23 ന് റാണ ദഗ്ഗുബതിയോട് ഇഡിയുടെ മുമ്പാകെ ചോദ്യം ചെയ്യലിനായി ഹാജരാകാൻ നിർദ്ദേശിച്ചിട്ടുണ്ട്. ജൂലൈ 30ന് പ്രകാശ് രാജും ഓഗസ്റ്റ് 6ന് വിജയ് ദേവരകൊണ്ടയും ഹാജരാകണമെന്നാണ് നിർദേശം. നിയമവിരുദ്ധമായ ഓൺലൈൻ ചൂതാട്ട വെബ്‌സൈറ്റുകൾ പ്രോത്സാഹിപ്പിക്കുന്നതിന് സെലിബ്രിറ്റി എൻഡോഴ്‌സ്‌മെന്റുകൾ ഉപയോഗിച്ചുവെന്നാരോപിച്ച് നടക്കുന്ന വിപുലമായ അന്വേഷണത്തിന്റെ ഭാഗമാണ് ഈ സമൻസ്.
നിയമവിരുദ്ധമായ ആപ്പുകൾക്ക് പ്രൊമോഷൻ നൽകിയെന്നാരോപിച്ച് 25 സെലിബ്രിറ്റികൾക്കും സോഷ്യൽ മീഡിയ പ്രമോട്ടർമാർക്കുമെതിരെ തെലങ്കാന പോലീസ് ഈ വർഷം ആദ്യം ഫയൽ ചെയ്ത പ്രഥമ വിവര റിപ്പോർട്ടിനെ (എഫ്‌ഐആർ) തുടർന്നാണിത്. 32 കാരനായ വ്യവസായി പിഎം ഫണീന്ദ്ര ശർമ്മ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് മാർച്ച് 19 ന് ഹൈദരാബാദിലെ മിയാപൂർ പോലീസ് സ്റ്റേഷനിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്.
റാണ ദഗ്ഗുബതി, പ്രകാശ് രാജ്, വിജയ് ദേവരകൊണ്ട, മഞ്ചു ലക്ഷ്മി തുടങ്ങിയ പ്രശസ്ത സെലിബ്രിറ്റികൾ 1867 ലെ പബ്ലിക് ഗാംബ്ലിംഗ് ആക്റ്റ് ലംഘിക്കുന്നുവെന്നാണ് പ്രധാന ആരോപണം. സെലിബ്രിറ്റികളുടെ പങ്കാളിത്തം ഈ വെബ്‌സൈറ്റുകൾക്ക് നിയമസാധുതയുടെ ഒരു മറ നൽകുന്നുവെന്നും, ദുർബലരായ വ്യക്തികൾ വൻതോതിൽ പണം നിക്ഷേപിക്കുന്നതിലേക്ക് നയിക്കുന്നുവെന്നും, അത് വലിയ സാമ്പത്തിക നഷ്ടങ്ങൾക്ക് കാരണമാകുമെന്നും പരാതിയിൽ ആരോപിക്കുന്നുണ്ട്.