പാൽഘർ: മഹാരാഷ്ട്രയിൽ കാമുകനൊപ്പം ചേർന്ന് യുവതി ഭർത്താവിനെ കൊലപ്പെടുത്തി വീടിനുള്ളിൽ കുഴിച്ചിട്ടു. പാൽഘർ ജില്ലയിലെ നളസൊപ്പാരയിലെ ധനിവ് ബാഗ് പ്രദേശത്തെ സായ് ശാരദ വെൽഫെയർ സൊസൈറ്റിയിൽ ആണ് ഈ നാടിനെ നടുക്കിയ കൊലപാതകം നടന്നത്. കൊലപാതകത്തിന് ശേഷം യുവതി കാമുകനൊപ്പം ഒളിവിൽ പോയി.
34കാരനായ വിജയ് ചൌഹാനാണ് ദാരുണമായി കൊല്ലപ്പെട്ടത്. കേസിലെ പ്രതിയും വിജയുടെ ഭാര്യയുമായ ഗുഡിയ ദേവി അയൽവാസിയായ മോനു എന്നൊരാളുമായി പ്രണയത്തിലായിരുന്നു. ഒരാഴ്ച മുൻപാണ് കൊലപാതകം നടന്നത്. വിജയിയെ കൊലപ്പെടുത്തിയ ശേഷം ഗുഡിയയും മോനുവും ചേർന്ന് വീടിൻ്റെ തറ പൊളിച്ച ശേഷം മൃതദേഹം മറവ് ചെയ്ത് ടൈൽസ് അടക്കം ഉപയോഗിച്ച് കുഴി മൂടുകയായിരുന്നു.
വിജയിയുടെ രണ്ട് സഹോദരന്മാർ അടുത്തിടെ പുതിയൊരു വീട് വാങ്ങിയിരുന്നു. ഇതിന് പിന്നാലെ പണം ആവശ്യപ്പെട്ട് ഇവർ വിജയിയെ ഫോണിൽ ബന്ധപ്പെട്ടെങ്കിലും വിജയ് കോളെടുത്തില്ല. പിന്നാലെ ഗുഡിയയെ വിളിച്ച് കാര്യം അന്വേഷിച്ചപ്പോൾ വിജയ് ജോലിക്കായി കുർളയിൽ പോയിരിക്കുകയാണെന്നാണ് യുവതി മറുപടി പറഞ്ഞത്. തൊട്ടുപിന്നാലെ യുവതി മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്യുകയും ചെയ്തു. ഇതിന് പിന്നാലെ സംശയം തോന്നിയ വിജയുടെ സഹോദരന്മാർ പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകി.
ശേഷം വീട്ടിലെത്തി പരിശോധന നടത്തിയപ്പോൾ വീട്ടിൽ ആരുമില്ലെന്ന് ഇവർക്ക് മനസ്സിലായി. ഇതോടെ വീടിനുള്ളിൽ പ്രവേശിച്ച് പരിശോധന നടത്തിയപ്പോഴാണ് ഇവർ തറയിൽ പുതിയ ടൈലുകൾ പാകിയിരിക്കുന്നതായി ശ്രദ്ധിച്ചത്. ഇതോടെ ഈ ടൈലുകൾ നീക്കം ചെയ്തപ്പോഴാണ് വിജയുടെ മൃതദേഹം തറയ്ക്കുള്ളിൽ മറവുചെയ്തിരിക്കുന്നതായി കണ്ടെത്തിയത്.
വിവരം ലഭിച്ചതിനെത്തുടർന്ന്, ഒരു പോലീസ് സംഘം വീട്ടിലെത്തി ഡോക്ടർമാരുടെയും ഫോറൻസിക് വിദഗ്ധരുടെയും പ്രാദേശിക തഹസിൽദാരുടെയും സാന്നിധ്യത്തിൽ മൃതദേഹം പുറത്തെടുത്തു. അഴുകിയ മൃതദേഹം മുംബൈയിലെ ബൈക്കുളയിലെ സർക്കാർ ഉടമസ്ഥതയിലുള്ള ജെജെ ആശുപത്രിയിലേക്ക് പോസ്റ്റ്‌മോർട്ടത്തിനായി അയച്ചിരിക്കുകയാണ്.
സംഭവത്തിൽ പൊലീസ് കേസെടുത്ത് വിശദമായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഒളിവിൽ പോയ ഗുഡിയയക്കും മോനുവിനായുമുള്ള തെരച്ചിലിലാണ് പൊലീസ്.