യുഎസിനെ ‌ഞെട്ടിച്ച് യു- വിസ തട്ടിപ്പ്; പിന്നിൽ ഇന്ത്യൻ വംശജനായ റസ്റ്റോറന്‍റ് ഉടമ, പോലീസ് ഉദ്യോഗസ്ഥർക്കെതിരെയും കുറ്റം ചുമത്തി

യുഎസിനെ ‌ഞെട്ടിച്ച് യു- വിസ തട്ടിപ്പ്; പിന്നിൽ ഇന്ത്യൻ വംശജനായ റസ്റ്റോറന്‍റ് ഉടമ, പോലീസ് ഉദ്യോഗസ്ഥർക്കെതിരെയും കുറ്റം ചുമത്തി

ലൂസിയാന: അനധികൃത കുടിയേറ്റക്കാർക്ക് യു-വിസ നേടാൻ വ്യാജ പോലീസ് റിപ്പോർട്ടുകൾ നിർമ്മിച്ചതിന് ഇന്ത്യൻ വംശജനായ റസ്റ്റോറൻ്റ് ഉടമയ്ക്കെതിരെ ഫെഡറൽ കുറ്റം ചുമത്തി. ലൂസിയാനയിലെ ഓക്ക്ഡേലിൽ നിന്നുള്ള ചന്ദ്രകാന്ത് പട്ടേൽ എന്ന ലാലയാണ് റെസ്റ്റോറൻ്റ് ഉടമ. ഒരു ദശാബ്ദത്തോളം നീണ്ടുനിന്ന തട്ടിപ്പ് പദ്ധതിയുടെ മുഖ്യസൂത്രധാരനായാണ് ഇയാളെ ലൂസിയാന അധികൃതർ വിശേഷിപ്പിക്കുന്നത്. കുറ്റകൃത്യങ്ങൾക്ക് ഇരയാകുന്ന ചിലർക്ക് യുഎസിൽ തങ്ങാൻ അനുവാദം നൽകുന്നതാണ് യു-വിസകൾ. മൂന്ന് ചെറുകിട നഗരങ്ങളിലെ പോലീസ് മേധാവികൾ ഉൾപ്പെടെ നാല് നിയമപാലകരെയും കേസിൽ പ്രതി ചേർത്തിട്ടുണ്ട്.

അനധികൃത കുടിയേറ്റക്കാർക്ക് യുഎസിൽ തുടരാൻ അനുവദിക്കുന്ന പഴുതുകൾ അടയ്ക്കാൻ ഡോണൾഡ് ട്രംപ് ഭരണകൂടം ശ്രമിക്കുന്നതിനിടെയാണ് ഈ സംഭവം. യു-വിസകൾ നേടുന്നതിനായി കെട്ടിച്ചമച്ച കവർച്ചാ സംഭവങ്ങൾ കൂടുതൽ കൂടുതൽ വെളിച്ചത്ത് വരുന്നു എന്നതും ശ്രദ്ധേയമാണ്.

ലൂസിയാനയിലെ ഓക്ക്ഡേലിൽ നിന്നുള്ള ചന്ദ്രകാന്ത് പട്ടേൽ എന്ന ലാലയും മൂന്ന് ചെറുകിട നഗരങ്ങളിലെ പോലീസ് മേധാവികളും ചേർന്ന് വ്യാജ കുറ്റകൃത്യ റിപ്പോർട്ടുകൾ നിർമ്മിച്ചതായി ഫെഡറൽ പ്രോസിക്യൂട്ടർമാർ ആരോപിക്കുന്നു. യുഎസ് നിയമപാലകരുമായി സഹകരിക്കുന്ന കുറ്റകൃത്യങ്ങൾക്ക് ഇരയായവർക്ക് വേണ്ടിയുള്ള പ്രത്യേക വിസകളാണ് യു-വിസകൾ. ഇത് അനധികൃത കുടിയേറ്റക്കാർക്ക് തട്ടിപ്പിലൂടെ നേടിക്കൊടുക്കാനായിരുന്നു ഇവരുടെ ശ്രമം.
ഓരോ വ്യാജ റിപ്പോർട്ടിനും പോലീസ് ഉദ്യോഗസ്ഥർക്ക് 5,000 ഡോളർ (ഏകദേശം 4.18 ലക്ഷം രൂപ) ലഭിച്ചിരുന്നതായും വർഷങ്ങളായി ഇത്തരത്തിൽ നൂറുകണക്കിന് റിപ്പോർട്ടുകൾ ഉണ്ടാക്കിയിട്ടുണ്ടെന്നും യുഎസ് അറ്റോർണി അലക്സാണ്ടർ സി. വാൻ ഹുക്ക് ലഫായറ്റിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

Share Email
Top