ചരിത്രനേട്ടവുമായി ഇന്ത്യൻ താരം, ദിവ്യ ദേശ്മുഖ് വനിതാ ലോകകപ്പ് ചെസ് ഫൈനലിൽ

ചരിത്രനേട്ടവുമായി ഇന്ത്യൻ താരം, ദിവ്യ ദേശ്മുഖ്  വനിതാ ലോകകപ്പ് ചെസ് ഫൈനലിൽ

ബാറ്റുമി (ജോർജിയ): വനിതാ ലോകകപ്പ് ചെസ് ടൂർണമെന്റിൽ ചരിത്രമെഴുതി ഇന്ത്യൻ താരം ദിവ്യ ദേശ്മുഖ് ഫൈനലിൽ. സെമിഫൈനലിൽ മുൻ ലോക ചാമ്പ്യൻ കൂടിയായ ചൈനയുടെ ടാൻ സോങ്യിയെ അട്ടിമറിച്ചാണ് 19 വയസ്സുകാരിയായ ദിവ്യയുടെ മുന്നേറ്റം. ഈ നേട്ടത്തോടെ, ഫിഡെ വനിതാ ലോകകപ്പ് ഫൈനലിൽ എത്തുന്ന ആദ്യ ഇന്ത്യൻ താരമായി ദിവ്യ മാറി.

സെമിഫൈനൽ പോരാട്ടത്തിൽ ആദ്യ ക്ലാസിക്കൽ ഗെയിം സമനിലയിലായതിന് ശേഷം, രണ്ടാം ഗെയിമിൽ വെള്ളക്കരുക്കളുമായി കളിച്ച ദിവ്യ നിർണായക വിജയം നേടി 1.5-0.5 എന്ന സ്കോറിന് മത്സരം സ്വന്തമാക്കി. ടൂർണമെന്റിലുടനീളം മികച്ച പ്രകടനം കാഴ്ചവെച്ച ദിവ്യ, നാലാം റൗണ്ടിൽ ചൈനയുടെ രണ്ടാം സീഡ് ഷു ജിനറിനെയും ക്വാർട്ടർ ഫൈനലിൽ ഇന്ത്യയുടെ തന്നെ ഹരിക ദ്രോണവല്ലിയെയും പരാജയപ്പെടുത്തിയിരുന്നു.

ഫൈനലിൽ, ഇന്ത്യയുടെ ഒന്നാം നമ്പർ താരം കൊനേരു ഹംപിയും ചൈനയുടെ ടോപ്പ് സീഡ് ലെയ് ടിങ്ജിയും തമ്മിലുള്ള മറ്റൊരു സെമിഫൈനൽ മത്സരത്തിലെ വിജയിയെയാണ് ദിവ്യക്ക് നേരിടേണ്ടത്.

Share Email
Top