അമേരിക്കക്കെതിരെയുള്ള കടുത്ത നിലപാട് മയപ്പെടുത്തി ഇറാൻ: ആക്രമണം ഉണ്ടാവില്ലെന്ന് ഉറപ്പ് നൽകിയാൽ ചർച്ചകൾക്ക് സാധ്യത

അമേരിക്കക്കെതിരെയുള്ള കടുത്ത നിലപാട് മയപ്പെടുത്തി ഇറാൻ: ആക്രമണം ഉണ്ടാവില്ലെന്ന് ഉറപ്പ് നൽകിയാൽ ചർച്ചകൾക്ക് സാധ്യത

ടെഹ്റാൻ: ഇസ്രയേലിനൊപ്പം ചേർന്ന് തങ്ങളെ ആക്രമിച്ചതുമുതൽ അമേരിക്കക്കെതിരെ സ്വീകരിച്ച കടുത്ത നിലപാട് മയപ്പെടുത്തി ഇറാൻ. അമേരിക്കയുമായി ഇനി ഒരു തരത്തിലുമുള്ള ചർച്ചക്കുമില്ലെന്നുമുള്ള നിലപാടിലാണ് ഇറാൻ വിട്ടുവീഴ്ചക്ക് തയ്യാറെന്ന് വ്യക്തമാക്കിയത്. ചർച്ചകൾക്കിടെ ആക്രമണം ഉണ്ടാവില്ലെന്ന് അമേരിക്ക ഉറപ്പ് നൽകിയാൽ ചർച്ചകൾക്ക് വീണ്ടും സാധ്യത ഉണ്ടെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ച്ചി വ്യക്തമാക്കി. അമേരിക്കയുമായുള്ള ചർച്ച വേഗം സാധ്യമാവില്ലെന്നും അദ്ദേഹം സൂചന നൽകി. ബോംബിട്ടാൽ ശാസ്ത്രവും ടെക്നോളജിയും ഇല്ലാതാവില്ലെന്നും ഇറാൻ വിദേശകാര്യ മന്ത്രി ഓർമ്മിപ്പിച്ചു. ആണവ പദ്ധതി ഇപ്പോൾ ഇറാന്റെ അഭിമാനത്തിന്റെ വിഷയമെന്നും അബ്ബാസ് അരാഗ്ച്ചി വ്യക്തമാക്കി. അമേരിക്കയുടെയും ഇസ്രയേലിന്‍റെയും ആക്രമണത്തിൽ ആണവ കേന്ദ്രത്തിനേറ്റ തകരാറുകൾ പരിഹരിച്ചു മുന്നോട്ട് പോകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അമേരിക്കയുമായുള്ള ബന്ധം വലിയ രീതിയിൽ ഉലയുന്നതിനിടെ നിലപാട് മയപ്പെടുത്തി ഇറാൻ വിദേശകാര്യ മന്ത്രി തന്നെ രംഗത്തെത്തിയത് ശുഭ സൂചകമായാണ് ലോകം കാണുന്നത്. നേരത്തെ ഇറാന്‍ പരമോന്നത നേതാവായ ആയത്തുല്ല ഖംനഇയെ അങ്ങേയറ്റം നിന്ദ്യവും ദാരുണവുമായ മരണത്തില്‍ നിന്ന് രക്ഷിച്ചത് താനാണെന്ന ഡോണള്‍ഡ് ട്രംപിന്‍റെ അവകാശവാദം ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വളരെയധികം മോശമാക്കിയിരുന്നു. ഖംനഇ ഒളിച്ചിരുന്ന സ്ഥലം തനിക്ക് കൃത്യമായി അറിയാമായിരുന്നുവെന്നും തന്‍റെ കാരുണ്യത്താലാണ് ഖംനഇ ജീവനോടെ രക്ഷപെട്ടതെന്നുമാണ് ട്രംപ് അവകാശപ്പെട്ടത്. ട്രംപിന്‍റെ ഈ പരാമർശത്തോട് രൂക്ഷമായാണ് ഇറാൻ പ്രതികരിച്ചത്. യു എസ് പ്രസിഡന്‍റിന്‍റേത് അനാദരവ് നിറഞ്ഞ പരാമർശമാണെന്നാണ് ഇറാൻ അഭിപ്രായപ്പെട്ടത്. ട്രംപിന്റെ ഭാഷയ്ക്ക് ബഹുമാനം വേണമെന്നും, ഇറാന്റെ യഥാർത്ഥ ശേഷി വെളിപ്പെടുത്താൻ മടിക്കില്ലെന്നും ഇറാൻ വിദേശകാര്യ മന്ത്രി വ്യക്തമാക്കിയിരുന്നു. ഖമനയിയുടെ ദശലക്ഷക്കണക്കിന് അനുയായികളെ വേദനിപ്പിക്കുന്ന പരാമർശങ്ങൾ ട്രംപ് അവസാനിപ്പിക്കണമെന്നും അബ്ബാസ് അരാഗ്ചി ആവശ്യപ്പെട്ടിരുന്നു.

ഇറാനെ കീഴടക്കാൻ ശ്രമിക്കുന്നതാണ് അമേരിക്കയോടുള്ള എതിർപ്പെന്നും ഇറാൻ കീഴടങ്ങില്ലെന്നും പരമോന്നത നേതാവ് ആയത്തുള്ള അലി ഖംനഇയും വ്യക്തമാക്കിയിരുന്നു. ഇറാന്റെ കീഴടങ്ങലിന് ശ്രമിക്കുന്നതാണ് അമേരിക്കയുടെ തെറ്റെന്നും ഇറാൻ ജനത ഒരിക്കലും കീഴടങ്ങില്ല എന്നും പരമോന്നത നേതാവ് അഭിപ്രായപ്പെട്ടിരുന്നു. പിന്നാലെ ഇറാനുമായി സംസാരിക്കില്ലെന്ന് ഡോണൾഡ് ട്രംപും ആക്രമണവും ചർച്ചയും ഒരുമിച്ച് നടക്കില്ലെന്ന് ഇറാനും നിലപാടെടുത്തിരുന്നു. ഈ നിലപാടാണ് ഇറാൻ ഇപ്പോൾ മയപ്പെടുത്തിയിരിക്കുന്നത്.

ഖംനഇയെ താഴെയിറക്കുമെന്ന വെല്ലുവിളി ഇറാൻ സമൂഹത്തെ ഒന്നിപ്പിച്ചോ?
അതേസമയം ആണവ പദ്ധതിക്ക് പിന്നാലെ ഇപ്പോൾ ഇറാന്റെ ബാലിസ്റ്റിക് മിസൈൽ പദ്ധതിക്കെതിരെയും സമ്മർദം ശക്തമാക്കുകയാണ് യൂറോപ്യൻ രാജ്യങ്ങൾ. ഫ്രഞ്ച് പ്രസിഡണ്ട് തന്നെ ഇറാന് മുന്നറിയിപ്പ് നൽകുന്ന സ്വരത്തിൽ രംഗത്തെത്തുകയും ചെയ്തു. ആണവോർജ സമിതിയുമായുള്ള സഹകരണം പുനരാരംഭിക്കണമെന്നും ബലിസ്റ്റിക് – ന്യൂക്ലിയർ പ്രശ്നങ്ങളിൽ ചർച്ചയ്ക്ക് തയാറാകണമെന്നുമാണ് ഇറാനോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഇറാന്റെ മിസൈൽ ശേഷിയിൽ ഇസ്രയേലുയർത്തിയ ആശങ്ക യുറോപ്പിനുമുണ്ടെന്ന് ഇത് വ്യക്തമാക്കുന്നു. യുറേനിയം സംമ്പുഷ്ടീകരണം നിർത്തില്ലെന്നാണ് യു എന്നിലെ ഇറാന്റെ പ്രതിനിധി അമീർ സെയ്ദ് ഇറവാനി വ്യക്തമാക്കിയത്.

Iran softens its tough stance against the US

Share Email
Top