ടെഹ്റാൻ: രാജ്യത്തിന്‍റെ ആണവ പദ്ധതിയുമായി ബന്ധപ്പെട്ട് യൂറോപ്യൻ രാജ്യങ്ങളുമായി ഈ ആഴ്ച തുർക്കിയിൽ വെച്ച് വീണ്ടും ചർച്ചകൾ നടത്തുമെന്ന് ഇറാൻ. ഇസ്താംബൂളിൽ വെള്ളിയാഴ്ച നടക്കുന്ന ഈ ചർച്ചകൾ, ജൂണിൽ ഇസ്രായേൽ ഇറാനെതിരെ 12 ദിവസം നീണ്ട യുദ്ധം അവസാനിപ്പിച്ച് വെടിനിർത്തൽ നിലവിൽ വന്നതിന് ശേഷമുള്ള ആദ്യ കൂടിക്കാഴ്ചയാണ്. ഈ യുദ്ധത്തിൽ അമേരിക്കയും ഇസ്ലാമിക് റിപ്പബ്ലിക്കിലെ ആണവ സംബന്ധിയായ കേന്ദ്രങ്ങളിൽ ആക്രമണം നടത്തിയിരുന്നു.
മെയ് മാസത്തിലും സമാനമായൊരു കൂടിക്കാഴ്ച തുർക്കിയിലെ ഇതേ നഗരത്തിൽ നടന്നിരുന്നു. ബ്രിട്ടൻ, ഫ്രാൻസ്, ജർമ്മനി എന്നീ E3 രാജ്യങ്ങളിലെ ഉദ്യോഗസ്ഥരും യൂറോപ്യൻ യൂണിയന്റെ വിദേശനയ മേധാവി കായ കല്ലാസും ഇറാനിയൻ ഉദ്യോഗസ്ഥരും ഈ ചർച്ചകളിൽ പങ്കെടുക്കും. “ചർച്ചകളുടെ വിഷയം വ്യക്തമാണ്: ഉപരോധങ്ങൾ നീക്കുന്നതും ഇറാനിലെ സമാധാനപരമായ ആണവ പരിപാടിയുമായി ബന്ധപ്പെട്ട വിഷയങ്ങളും,” ഇറാനിയൻ വിദേശകാര്യ മന്ത്രാലയം വക്താവ് ഇസ്മായിൽ ബാഗായി തന്‍റെ പ്രതിവാര പത്രസമ്മേളനത്തിൽ പറഞ്ഞു. കൂടിക്കാഴ്ച ഉപമന്ത്രിതലത്തിലായിരിക്കുമെന്നും അദ്ദേഹം അറിയിച്ചു. ഈ വിഷയത്തിൽ അമേരിക്കൻ നിലപാടിൽ ഇതോടെ വലിയ ആകാംക്ഷ ഉയര്‍ന്നിട്ടുണ്ട്.