ഇറാഖിലെ ഹൈപ്പർമാർക്കറ്റിൽ വൻ തീപിടുത്തം; 69 പേർക്ക് ദാരുണാന്ത്യം

ഇറാഖിലെ ഹൈപ്പർമാർക്കറ്റിൽ വൻ തീപിടുത്തം; 69 പേർക്ക് ദാരുണാന്ത്യം

ബാഗ്ദാദ്: തെക്കൻ ഇറാഖിലെ ഒരു ഹൈപ്പർമാർക്കറ്റിലുണ്ടായ വൻ തീപിടുത്തത്തിൽ 69 പേർക്ക് ദാരുണാന്ത്യം. അൽ-കുട്ട് നഗരത്തിൽ സ്ഥിതി ചെയ്യുന്ന “കോർണിഷ് ഹൈപ്പർമാർക്കറ്റിലായിരുന്നു അപകടം. തീപിടുത്തത്തിൽ പതിനൊന്ന് പേരെ കാണാനില്ലെന്നും റോയിട്ടേഴ്സ് അടക്കം റിപ്പോർട്ട് ചെയ്യുന്നുണ്ട്.

സംഭവത്തിൻ്റെ ചില ദൃശ്യങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. തീപിടിച്ച കെട്ടിടത്തിലേക്ക് രാത്രി മുഴുവൻ അഗ്നിശമന സേനാംഗങ്ങൾ വെള്ളമൊഴിച്ച് തീകെടുത്താൻ ശ്രമിക്കുന്നതും രക്ഷാപ്രവർത്തകരുടെ സഹായത്തോടെ ആളുകൾ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറുന്നതും വീഡിയോയിൽ കാണാം. രക്ഷാപ്രവർത്തനം വളരെ അധികം ദുഷ്കരമായിരുന്നുവെങ്കിലും കെട്ടിടത്തിനുള്ളിൽ നിന്ന് അൻപതോളം പേരെ ഇതുവരെ രക്ഷപ്പെടുത്താൻ കഴിഞ്ഞുവെന്നാണ് ആഭ്യന്തര മന്ത്രാലയം അറിയിച്ചിരിക്കുന്നത്. കഴിഞ്ഞ ആഴ്ചയാണ് ഈ മാൾ പ്രവർത്തനം ആരംഭിച്ചത്. ഇതിൽ ഒരു റസ്റ്റോറന്റും സൂപ്പർമാർക്കറ്റുമാണ് ഉണ്ടായിരുന്നത്.

അതേസമയം തീപിടുത്തത്തെക്കുറിച്ച് അന്വേഷിക്കാനും ഇത്തരം ആപകടങ്ങൾ ഇനി ആവർത്തിക്കാതിരിക്കാൻ നടപടികൾ സ്വീകരിക്കാനും ആഭ്യന്തര മന്ത്രിയോട് നിർദ്ദേശിച്ചതായി ഇറാഖി പ്രധാനമന്ത്രി മുഹമ്മദ് ഷിയ അൽ-സുഡാനി പ്രസ്താവനയിൽ പറഞ്ഞു. അപകടത്തെ തുടർന്ന് രാജ്യത്ത് മൂന്ന് ദിവസത്തെ ദുഃഖാചരണവും അദ്ദേഹം പ്രഖ്യാപിച്ചിട്ടുണ്ട്.

എന്നാൽ അപകടകാരണം ഇതുവരെ വ്യക്തമായിട്ടില്ല. ഇത്തരമൊരു വലിയ ദുരന്തത്തിലേക്ക് നയിച്ച കാരണം കണ്ടെത്താനുള്ള ശ്രമങ്ങൾ അധികൃതർ ആരംഭിച്ചിട്ടുണ്ട്. അന്വേഷണത്തിൻ്റെ പുരോഗതിയടക്കം വരും മണിക്കൂറുകളിൽ പുറത്തുവിടുമെന്നാണ് വിവരം.

അപകടത്തിൻ്റെ ദൃശ്യങ്ങൾ:







Share Email
Top