അങ്കാറ: സിറിയയും ഇസ്രായേലും തമ്മിൽ വെടിനിർത്തൽ കരാറിന് ധാരണയായതായി തുർക്കിയിലെ യു.എസ്. അംബാസഡറും സിറിയയിലെ പ്രത്യേക ദൂതനുമായ ടോം ബാരക്ക്. ഈ കരാറിനെ തുർക്കി, ജോർദാൻ, മറ്റ് അയൽരാജ്യങ്ങൾ എന്നിവ സന്തോഷത്തോടെ സ്വാഗതം ചെയ്തു എന്നും ബാരക്ക് എക്സിൽ കുറിച്ചു.
ഡ്രൂസ്, ബെഡൂയിൻ, സുന്നി വിഭാഗങ്ങളോട് ആയുധങ്ങൾ വെടിഞ്ഞ് മറ്റ് ന്യൂനപക്ഷ വിഭാഗങ്ങളോടൊപ്പം പുതിയതും ഐക്യമുള്ളതുമായ ഒരു സിറിയൻ സ്വത്വം സമാധാനത്തിലും സമൃദ്ധിയിലും അയൽക്കാരുമായി ചേർന്ന് കെട്ടിപ്പടുക്കാൻ ഞങ്ങൾ ആഹ്വാനം ചെയ്യുന്നു എന്ന്ബാരക്ക് തന്റെ പോസ്റ്റിൽ കൂട്ടിച്ചേർത്തു.
റിപ്പോർട്ട് ചെയ്യപ്പെട്ട ഈ കരാറിനെക്കുറിച്ച് ഇരു രാജ്യങ്ങളും ഉടനടി പ്രതികരിച്ചില്ല. സിറിയയുടെ ദീർഘകാല ഭരണാധികാരിയായിരുന്ന ബാഷർ അൽ അസദിന്റെ പതനത്തിനുശേഷം, സർക്കാർ അനുകൂല സേനകളും അറബ് മതന്യൂനപക്ഷമായ ഡ്രൂസ് വിഭാഗവും തമ്മിലുള്ള ഏറ്റുമുട്ടലുകളിൽ നിരവധി പേർ കൊല്ലപ്പെട്ടിരുന്നു. ഡ്രൂസ് വിഭാഗത്തെ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇസ്രായേൽ ബുധനാഴ്ച സിറിയയിൽ വ്യോമാക്രമണം നടത്തിയതെന്ന് ഇസ്രായേൽ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ വെടിനിർത്തൽ പ്രഖ്യാപിച്ചിരിക്കുന്നത്.