ജാപ്പനീസ് ‘ബാബാ വാംഗ’യുടെ പ്രവചനം തെറ്റി; ജപ്പാനിൽ ദുരന്തങ്ങളില്ല, ടൂറിസത്തിന് തിരിച്ചടി

ജാപ്പനീസ് ‘ബാബാ വാംഗ’യുടെ പ്രവചനം തെറ്റി; ജപ്പാനിൽ ദുരന്തങ്ങളില്ല, ടൂറിസത്തിന് തിരിച്ചടി

ജപ്പാൻ: ഇന്ന്, ജൂലൈ 5, ജാപ്പനീസ് ബാബാ വാംഗ എന്ന അപരനാമത്തിൽ അറിയപ്പെടുന്ന റിയോ തത്സുകിയുടെ പ്രവചനത്തിൽ സൂചിപ്പിച്ച ദിവസമാണ്. ജപ്പാനിൽ ഇന്ന് പുലർച്ചെ 4.18-ന് ഒരു മഹാദുരന്തം സംഭവിക്കുമെന്നും മഹാനഗരങ്ങൾ കടലിൽ വീഴുമെന്നുമായിരുന്നു പ്രവചനം. പ്രവചനം വന്നതിന് പിന്നാലെ അഞ്ഞൂറിലധികം ചെറുചലനങ്ങൾ തെക്കുപടിഞ്ഞാറൻ ടോകാറ ദ്വീപിനെ പിടിച്ചുലച്ചത് ജനങ്ങൾക്കിടയിൽ കൂടുതൽ ആശങ്ക പരത്തിയിരുന്നു. എന്നാൽ, റിയോ തത്സുകിയുടെ പ്രവചന സമയം പിന്നിട്ടിട്ടും ജപ്പാനിൽ എവിടെയും വലിയ ദുരന്തങ്ങളൊന്നും അധികൃതർ റിപ്പോർട്ട് ചെയ്തിട്ടില്ല. ജനങ്ങൾ എല്ലായിടത്തും സുരക്ഷിതരാണെന്നും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

രണ്ടാഴ്ചയ്ക്കിടെ ജപ്പാനിൽ 1,000-ൽപരം ഭൂകമ്പങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും, ഇതുമൂലം എവിടെയും സുനാമി മുന്നറിയിപ്പോ നാശനഷ്ടങ്ങളോ ഉണ്ടായിട്ടില്ല. അടിസ്ഥാനരഹിതമായ പ്രവചനങ്ങൾക്ക് വഴങ്ങരുതെന്ന് സർക്കാർ ജനങ്ങളോട് അഭ്യർത്ഥിച്ചിട്ടുണ്ടെങ്കിലും, പ്രധാന ദ്വീപുകളുടെ തെക്കുപടിഞ്ഞാറൻ മേഖലയിൽ കൂടുതൽ ശക്തമായ ഭൂകമ്പങ്ങൾ ഉണ്ടാകുമെന്ന മുന്നറിയിപ്പ് അധികൃതർ നൽകിയിട്ടുള്ളതായി ജപ്പാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ഏറ്റവും കൂടുതൽ ഭൂചലനങ്ങൾ രേഖപ്പെടുത്തിയിട്ടുള്ളത് ജൂൺ 23-നാണ്. 183 ഭൂചലനങ്ങളാണ് അന്നേദിവസം ദ്വീപിൽ രേഖപ്പെടുത്തിയത്. ജൂൺ 26, 27 ദിവസങ്ങളിൽ ഈ ഭൂചലനങ്ങളുടെ എണ്ണം 15, 16 ആയി കുറയുകയും ചെയ്തു. പിന്നാലെ ജൂൺ 29-ന് 98 ഭൂചലനങ്ങളും ജൂൺ 30-ന് 62 ഭൂചലനങ്ങളും രേഖപ്പെടുത്തുകയുണ്ടായി. വ്യാഴാഴ്ചയും തെക്കുപടിഞ്ഞാറൻ ജപ്പാനിൽ 5.5 തീവ്രതയുള്ള ഭൂചലനം ഉണ്ടായി. ടോകാറ ദ്വീപ് ആണ് പ്രകമ്പനത്തിന്റെ കേന്ദ്രം. ടോക്കിയോയിൽനിന്ന് ഏകദേശം 1200 കിലോമീറ്റർ അകലെയാണിത്. തോഷിമ ഗ്രാമത്തിൽ 6 തീവ്രതയുള്ള ഒരു ഭൂചലനം രേഖപ്പെടുത്തി. 1919 മുതലുള്ള കണക്ക് പരിശോധിച്ചപ്പോൾ ഇവിടെ ഇത്ര തീവ്രതയുള്ള ഭൂചലനം ആദ്യമാണെന്ന് ജപ്പാൻ കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കി.

ജപ്പാനിലെ നിലവിലെ ശാസ്ത്രീയ അറിവ് ഉപയോഗിച്ച്, ഭൂകമ്പത്തിന്റെ കൃത്യമായ സമയം, സ്ഥലം അല്ലെങ്കിൽ സ്കെയിൽ പ്രവചിക്കാൻ പ്രയാസമാണെന്ന് ജപ്പാൻ കാലാവസ്ഥാ ഏജൻസിയുടെ ഭൂകമ്പ, സുനാമി നിരീക്ഷണ വിഭാഗം ഡയറക്ടർ അയതക എബിറ്റ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

എന്നാൽ, കഴിഞ്ഞ കുറച്ച് ദിവസങ്ങളായി റിയോ തത്സുകിയുടെ പ്രവചനത്തിനെ ഭയന്ന് ഉറക്കം നഷ്ടപ്പെട്ട നിലയിലായിരുന്നു ടോകാറ ദ്വീപുകളിലെ ജനങ്ങൾ. അതേസമയം, പ്രവചന സമയം കഴിഞ്ഞിട്ടും ദുരന്തങ്ങളൊന്നും റിപ്പോർട്ട് ചെയ്യാത്തതിന്റെ ആശ്വാസത്തിലാണ് ജപ്പാനിലെ ജനങ്ങൾ. എന്നാൽ, തത്സുകിയുടെ പ്രവചനത്തിന് പിന്നാലെ ധാരാളം വിനോദസഞ്ചാരികൾ ജപ്പാനിലേക്കുള്ള യാത്ര റദ്ദാക്കിയത് അവിടുത്തെ ടൂറിസത്തെ മോശമായ രീതിയിൽ ബാധിച്ചിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കിയിരുന്നു.

ഫ്യൂച്ചർ ഐ സോ (Future I Saw) എന്ന കൃതിയിലൂടെയാണ് റിയോ തത്സുകി ഇത്തരം പ്രവചനങ്ങൾ നടത്തുന്നത്. ജപ്പാനും ഫിലിപ്പീൻസിനും ഇടയിൽ കടൽ തിളച്ചുമറിയും. ഇത് 2025 ജൂലൈ അഞ്ചിന് പുലർച്ചെ 4.18-ന് സംഭവിക്കുമെന്നായിരുന്നു റിയോ തത്സുകിയുടെ പുസ്തകത്തിലുള്ള ഒരു പ്രവചനം. ഇതിനെ ചുറ്റിപ്പറ്റി സോഷ്യൽ മീഡിയയിൽ വലിയ രീതിയിലുള്ള ചർച്ചകളാണ് നടന്നത്. തത്സുകിയുടെ പ്രവചനം പറയുന്നത് വലിയ ഭൂകമ്പത്തിന്റെ സൂചനയാകാമെന്ന് ചിലർ വാദിച്ചു. കടൽ തിളച്ചുമറിയണമെങ്കിൽ അതൊരു വലിയ ഭൂകമ്പവും അതിനെത്തുടർന്നുണ്ടാകുന്ന സുനാമിയുടേയും സൂചനയാണെന്നുമുള്ള തരത്തിലും ആളുകൾക്കിടയിൽ അഭിപ്രായങ്ങൾ ഉണ്ടായിരുന്നു.

Japanese ‘Baba Vanga’s’ Prediction Fails; No Disaster in Japan, Tourism Faces Setback

Share Email
LATEST
Top