വാഷിംഗ്ടണ്‍: അമേരിക്കന്‍ നീതിന്യായവകുപ്പും എഫ്ബിഐയും തമ്മില്‍ കടുത്ത ഭിന്നതയ്ക്ക് ഇടയാക്കിയ ജെഫ്രി എപ്സ്റ്റീന്‍ കേസില്‍ വ്യക്തമായ വിവരങ്ങള്‍ മുഴുവന്‍ പുറത്തുവിടണമെന്നു പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്.
ലൈംഗിക കുറ്റവാളിയായ ജെഫ്രി എപ്സ്റ്റീനെ സംബന്ധിച്ചുള്ള കേസില്‍ വ്യക്തമായ വിവരങ്ങള്‍ അറ്റോര്‍ണി ജനറല്‍ പാം ബോണ്ടി പുറത്തുവിടണമെന്നാണ് ട്രംപ് ആവശ്യപ്പെട്ടത്.
നീതിന്യായ വകുപ്പും എഫ്ബിഐയും തമ്മില്‍ ഈ വിഷയത്തിലുണ്ടായ പടലപ്പിണക്കം ഏറെ വിവാദമായിരുന്നു. എഫ്ബിഐ ഡയറക്ടറും ഡപ്യൂട്ടി ഡയറക്ടറും പദവികള്‍ രാജിവെയ്ക്കുമെന്ന വാര്‍ത്തകളും പുറത്തു വന്നിരുന്നു. ഇതിനു പിന്നാലെ പ്രസിഡന്റ് ട്രംപ് തന്നെ നേരിട്ട് എഫ്ബിഐ ഡപ്യൂട്ടി ഡയറക്ടര്‍ ഉള്‍പ്പെടെയുള്ളവരുമായി ചര്‍ച്ച നടത്തിയിരുന്നു.
ജെഫ്രി എപ്സ്റ്റീന്‍ കേസില്‍ ചില വസ്തുതകള്‍ ഒളിക്കാന്‍ ശ്രമം നടന്നുവെന്നാരോപിച്ച് തന്റെ വിശ്വസ്ഥരില്‍ നിന്ന് എതിര്‍പ്പുകള്‍ ഉയര്‍ന്നതോടെയാണ് വിശ്വസനീയമായതെന്തും പുറത്തുവിടുന്നതിന് തടസമില്ല എന്ന പ്രസ്താവനയുമായി ട്രംപ് രംഗത്തെത്തിയത്.
ലൈംഗീക കുറ്റവാളിയായ എപ്സ്റ്റീന്‍ തന്റെ ‘ഇടപാടുകാരുടെ പട്ടിക’ സൂക്ഷിച്ചതിനും ശക്തരായ വ്യക്തികളെ ബ്ലാക്ക് മെയില്‍ ചെയ്യുന്നുതിനു തെളിവുകളൊന്നുമില്ലെന്നും പാം ബോണ്ടി കഴിഞ്ഞയാഴ്ച പ്രതികരിച്ചിരുന്നു. ഇതിനു പിന്നാലെ ട്രംപിന്റെ വിശ്വസ്തരായ ചില നേതാക്കള്‍ ബോണ്ടിയെ വിമര്‍ശിച്ച് രംഗത്തു വന്നിരുന്നു.
അന്വേഷണം സംബന്ധിച്ച് സുതാര്യത വേണമെന്ന അഭിപ്രായം സ്പീക്കര്‍ മൈക്ക് ജോണ്‍സണ്‍ ഉള്‍പ്പെടെയുള്ളവര്‍ മുന്നോട്ടു വെച്ചു. ജയിലില്‍മരണപ്പെട്ട എപ്സ്റ്റീനുമായി ഉന്നതര്‍ക്ക് ഇടപാടുകള്‍ ഉണ്ടായിരുന്നുവെന്ന ആരോപണവും ശക്തമായി ഉയരുന്നുണ്ട്. 2019ല്‍ യുഎസ് ജയിലില്‍ വെച്ചാണ് എപ്സ്റ്റീന്‍ മരണപ്പെട്ടത്.
Jeffrey Epstein case: President Trump demands clear information