ബെംഗളൂരു: കർണാടകയിലെ ധർമ്മസ്ഥലയിൽ മൃതദേഹങ്ങൾ കൂട്ടത്തോടെ മറവുചെയ്തുവെന്ന ആരോപണവുമായി ബന്ധപ്പെട്ട കേസ് അന്വേഷിക്കാൻ സംസ്ഥാന സർക്കാർ പ്രത്യേക അന്വേഷണ സംഘം (SIT) രൂപീകരിച്ചു. ആഭ്യന്തര വകുപ്പ് ഇതുസംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിച്ചു. ഡിജിപി പ്രണബ് മൊഹന്തിയുടെ നേതൃത്വത്തിലാണ് അന്വേഷണ സംഘം പ്രവർത്തിക്കുക. 1998 മുതൽ 2014 വരെയുള്ള കാലയളവിൽ ധർമ്മസ്ഥല ക്ഷേത്ര പരിസരത്ത് നടന്ന കൂട്ടക്കൊലകളെക്കുറിച്ച് മുൻ ശുചീകരണ തൊഴിലാളിയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം. വിദ്യാർത്ഥികളടക്കം നൂറിലേറെ പേർ, പ്രത്യേകിച്ച് സ്ത്രീകൾ, പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട് കുഴിച്ചിട്ടതായാണ് ആരോപണം.
അന്വേഷണ സംഘത്തിൽ ഐജി എം.എൻ. അനുചേത്, ഡിസിപി സൗമ്യലത, എസ്.പി. ജിതേന്ദ്രകുമാർ ദായം എന്നിവർ അംഗങ്ങളാണ്. ധർമ്മസ്ഥലയിലെ ക്ഷേത്രവുമായി ബന്ധപ്പെട്ട് 20 വർഷത്തിനിടെ അപ്രത്യക്ഷമായവരുടെയും അസ്വാഭാവിക മരണങ്ങളുടെയും കേസുകൾ പരിശോധിക്കാൻ കർണാടക സ്റ്റേറ്റ് കമ്മിഷൻ ഫോർ വിമൻ ചെയർപേഴ്സൺ ഡോ. നാഗലക്ഷ്മി ചൗധരി ആവശ്യപ്പെട്ടിരുന്നു. പരാതിക്കാരന്റെ മൊഴിയെ അടിസ്ഥാനമാക്കി ദക്ഷിണ കന്നഡ എസ്.പി. അരുൺ കെ. കേസ് രജിസ്റ്റർ ചെയ്തെങ്കിലും, പ്രതികളെ അറസ്റ്റ് ചെയ്യുന്നതിനോ കൂടുതൽ വിവരങ്ങൾ പുറത്തുവിടുന്നതിനോ പോലീസ് തയ്യാറായിട്ടില്ല. അന്വേഷണം രഹസ്യമായാണ് നടക്കുന്നതെന്ന് അധികൃതർ വ്യക്തമാക്കി.