വാഷിംഗ്ടണ്‍: ട്രംപിനൊപ്പം സേവനം ചെയ്യുന്നതും താന്‍ ബഹുമതിയായാണ് കാണുന്നതെന്നും ആ പദവിയില്‍ നിന്നും രാജിവെച്ചൊഴിയാന്‍ താനില്ലെന്നും നിലപാട് വ്യക്തമാക്കി എഫ്ബിഐ ഡയറക്ടറും ഇന്ത്യന്‍ വംശജനുമായ കാഷ് പട്ടേല്‍.
കാഷ് പട്ടേല്‍ രാജിവെയ്ക്കാന്‍ പോകുകയാണെന്നുള്ള പ്രചാരണം വ്യാപകമായതിനു പിന്നാലെയാണ് കാഷ് പട്ടേല്‍ തന്റെ നിലപാട് വ്യക്തമാക്കി എക്‌സില്‍ കുറിപ്പിട്ടത്. ലൈംഗീക കുറ്റകൃത്യം സംബന്ധിച്ചുള്ള ജെഫ്രി എപ്സ്റ്റൈന്‍ കേസ് രേഖകള്‍ കൈകാര്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട് നീതിന്യായ വകുപ്പും എഫ്ബിഐയും തമ്മില്‍ രൂക്ഷമായ ഭിന്നത ഉണ്ടാവുകയും ഇതിനു പിന്നാലെ എഫ്ബിഐ ഡപ്യൂട്ടി ഡയറക്ടര്‍ ഡാന്‍ ബോംഗിനോ രാജി വെയ്ക്കുമെന്നുള്ള വാര്‍ത്തകള്‍ കഴിഞ്ഞ ദിവസം പ്രചരിച്ചിരുന്നു.
ബോംഗിനോ രാജി വെച്ചാല്‍ അദ്ദേഹത്തിനു പിന്തുണ പ്രഖ്യാപിച്ച് എഫ്ബിഐ ഡയറക്ടര്‍ കാഷ് പട്ടേലും രാജിവെയ്ക്കുമെന്ന സൂചനയും സജീവമായിരുന്നു. ഇതിനു പിന്നാലെയാണ് വാര്‍ത്ത പൂര്‍ണമായും നിഷേധിച്ച് കാഷ് പട്ടേല്‍ രംഗത്തു വന്നിട്ടുള്ളത്.
എപ്സ്റ്റൈന്‍ കേസുമായി ബന്ധപ്പെട്ട പ്രധാന രേഖകള്‍ അറ്റോര്‍ണി ജനറല്‍ പാം ബോണ്ടി കൈകാര്യം ചെയ്യുന്നതില്‍ കാഷ് പട്ടേല്‍ അതൃപ്തനാണെന്നും, ഡെപ്യൂട്ടി ഡാന്‍ ബോംഗിനോ സ്ഥാനമൊഴിയുകയാണെങ്കില്‍ താനും രാജിവെക്കാന്‍ തയ്യാറാണെന്നും എന്‍ബിസി, ഡെയ്ലി വയര്‍ തുടങ്ങിയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെയാണ് കാഷ് പട്ടേല്‍ നിലപാട് എക്‌സില്‍ കുറിച്ചത്.
Kash Patel clarifies his stance: He has no intention of resigning