കൊല്ലത്തെ എട്ടാം ക്ലാസുകാരൻ്റെ മരണം; അഞ്ച് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് മന്ത്രി കെ കൃഷ്ണൻകുട്ടി

കൊല്ലത്തെ എട്ടാം ക്ലാസുകാരൻ്റെ മരണം; അഞ്ച് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് മന്ത്രി കെ കൃഷ്ണൻകുട്ടി

കൊല്ലം: തേവലക്കരയിൽ സ്കൂളിൽ നിന്ന് ഷോക്കേറ്റ് മരിച്ച എട്ടാം ക്ലാസ്സ് വിദ്യാർഥി മിഥുൻ്റെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് കേരള വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടി. വൈദ്യുതി ബോർഡിൻ്റെ ഭാഗത്ത് വീഴ്ചയുണ്ടായി എന്ന് സമ്മതിച്ച മന്ത്രി കെഎസ്ഇബി ഉദ്യോഗസ്ഥരുടെ ഭാഗത്ത് വീഴ്ച്ചയുണ്ടെങ്കിൽ നടപടിയെടുക്കുമെന്നും പതിനഞ്ച് ദിവസത്തിനുള്ളിൽ സംഭവത്തിൽ വിശദമായ റിപ്പോർട്ട് കെഎസ്ഇബിയും ജില്ലാ ഇലക്ട്രിക്കൽ ഇൻസ്പെക്ടറും നൽകണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

സ്കൂൾ ഗ്രൌണ്ടിന് സമീപം സൈക്കിൾ ഷെഡ് കെട്ടുമ്പോൾ അനുമതി തേടിയിട്ടില്ലെന്നും ലൈൻ താഴ്ന് കിടന്നിട്ടും കെഎസ്ഇബി ഉദ്യോഗസ്ഥർ ശ്രദ്ധിക്കേണ്ടതായിരുന്നുവെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

വ്യാഴാഴ്ച രാവിലെ തേവലക്കര ബോയ്സ് സ്കൂളിലാണ് ഈ ദാരുണമായ സംഭവം ഉണ്ടായത്. രാവിലെ സ്കൂൾ ഗ്രൌണ്ടിൽ കളിക്കുന്നതിനിടെ സമീപത്തിള്ള സൈക്കിൾ ഷെഡ്ഡിൻ്റെ മേൽക്കൂര ഷീറ്റിന് മുകളിൽ വീണ ചെരുപ്പ് എടുക്കാൻ ശ്രമിക്കവേയാണ് സ്‌കൂള്‍ കെട്ടിടത്തിന് മുകളിലൂടെ കടന്നു പോകുന്ന വൈദ്യുതി ലൈനില്‍ നിന്ന് വിദ്യാർഥിക്ക് ഷോക്കേറ്റത്. ചെരുപ്പെടുക്കാന്‍ ശ്രമിക്കുന്നതിനിടെ കാൽവഴുതിയ മിഥുന്‍ വൈദ്യുതി കമ്പിയില്‍ അബദ്ധത്തിൽ കയറി പിടിക്കുകയും ഷോക്കേല്‍ക്കുകയുമായിരുന്നു. ഉടന്‍തന്നെ സ്‌കൂള്‍ അധികൃതരും സഹപാഠികളും ചേര്‍ന്ന് മിഥുനെ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

അതേസമയം മിഥുൻ്റെ മരണം ഏറെ ദുഃഖപ്പെടുത്തുന്നതാണെന്ന് കേരള മുഖ്യമന്ത്രി പിണറായി വിജയൻ ഫെയ്സ്ബുക്കിൽ കുറിച്ചു. മിഥുന്റെ വിയോഗത്തിൽ വേദനിക്കുന്ന കുടുംബാംഗങ്ങളുടെയും സഹപാഠികളുടെയും അധ്യാപകരുടെയും മറ്റെല്ലാവരുടെയും ദുഃഖത്തിൽ പങ്കുചേരുന്നുവെന്നും അനുശോചനം രേഖപ്പെടുത്തുന്നുവെന്നും അദ്ദേഹം കുറിച്ചു. മിഥുൻ്റെ മരണത്തിലേക്ക് നയിച്ച അപകടത്തിൻ്റെ കാരണം സർക്കാർ വിശദമായി പരിശോധിക്കുമെന്നും മേലിൽ ഇത്തരം അപകടങ്ങൾ ഉണ്ടാകാതിരിക്കാനുള്ള എല്ലാ മുൻകരുതലുകളും സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Share Email
LATEST
Top