നിപ; കേരളത്തിൽ സമ്പർക്കപ്പട്ടികയിലുള്ളത് 648 പേര്‍

നിപ; കേരളത്തിൽ സമ്പർക്കപ്പട്ടികയിലുള്ളത് 648 പേര്‍

തിരുവനന്തപുരം: സംസ്ഥാനത്ത് നിപ സമ്പർക്കപ്പട്ടികയിൽ 648 പേർ ഉള്ളതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. സംസ്ഥാനത്ത് ആകെ 30 പേര്‍ ഹൈയസ്റ്റ് റിസ്‌കിലും 97 പേര്‍ ഹൈ റിസ്‌ക് വിഭാഗത്തിലും നിരീക്ഷണത്തിലാണ്.

മലപ്പുറം ജില്ലയില്‍ 110 പേരും പാലക്കാട് 421 പേരും കോഴിക്കോട് 115 പേരും എറണാകുളം, തൃശൂര്‍ ജില്ലകളില്‍ ഒരാള്‍ വീതവുമാണ് സമ്പര്‍ക്കപ്പട്ടികയിലുള്ളത്.
മലപ്പുറത്ത് 13 പേര്‍ ഐസൊലേഷനില്‍ ചികിത്സയിലുണ്ട്. മലപ്പുറം ജില്ലയില്‍ ഇതുവരെ 97 സാമ്പിളുകള്‍ നെഗറ്റീവ് ആയിട്ടുണ്ട്.
ഐസൊലേഷന്‍ കാലം പൂര്‍ത്തിയാക്കിയ മലപ്പുറം ജില്ലയില്‍ നിന്നുള്ള 21 പേരേയും പാലക്കാട് നിന്നുള്ള 12 പേരേയും സമ്പര്‍ക്കപ്പട്ടികയില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. പാലക്കാട് 17 പേര്‍ ഐസൊലേഷനില്‍ ചികിത്സയിലാണ്.

അതേസമയം മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ ഇന്ന് ഉന്നതതല യോഗം ചേര്‍ന്നിരുന്നു. ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി, എന്‍.എച്ച്.എം. സ്റ്റേറ്റ് മിഷന്‍ ഡയറക്ടര്‍, ആരോഗ്യ വകുപ്പ് ഡയറക്ടര്‍, മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍, അഡീഷണല്‍ ഡയറക്ടര്‍മാര്‍, ജില്ലാ കളക്ടര്‍മാര്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാര്‍, പോലീസ് ഉദ്യോഗസ്ഥര്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

Share Email
LATEST
More Articles
Top