തിരുവനന്തപുരം: ഡിസിസി പ്രസിഡന്റ് പാലോട് രവിയുടെ ഫോൺ സംഭാഷണം ഗൗരവമുള്ള വിഷയമെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്. എഐസിസി നേതൃത്വത്തെ വിഷയം അറിയിച്ചെന്നും സണ്ണി ജോസഫ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. സംസ്ഥാന നേതാക്കളുമായും ചർച്ച ചെയ്യുന്നുണ്ട്. ഉചിതമായ നടപടി സ്വീകരിക്കുമെന്നും കെപിസിസി അധ്യക്ഷൻ കൂട്ടിച്ചേർത്തു. രവിയോട് വിശദീകരണം തേടിയിട്ടുണ്ട്. അദ്ദേഹം സംഭാഷണം നിഷേധിച്ചിട്ടില്ലെന്നും സണ്ണി ജോസഫ് പറഞ്ഞു.
കോണ്‍ഗ്രസിനെ കടുത്ത പ്രതിസന്ധിയിലാക്കിക്കൊണ്ടാണ് തിരുവനന്തപുരം ഡിസിസി പ്രസിഡന്റ് പാലോട് രവിയുടെ ഫോണ്‍ സംഭാഷണം പുറത്ത് വന്നത്. കോണ്‍ഗ്രസ് എടുക്കാച്ചരക്കാകുമെന്നും ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പോടെ കോണ്‍ഗ്രസ് ഇല്ലാതാകുമെന്നുമുള്ള പാലോട് രവിയുടെ ഫോൺ സംഭാഷണമാണ് പുറത്തു വന്നത്.
പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മൂന്നാം സ്ഥാനത്തേക്ക് പോകുമെന്നും തദ്ദേശ തെരഞ്ഞെടുപ്പോടെ കോണ്‍ഗ്രസ് ഇല്ലാതാകുമെന്നും മുസ്ലീം വിഭാഗം മറ്റുപാര്‍ട്ടികളിലേക്കും സിപിഎമ്മിലേക്കും പോകുമെന്നും പാലോട് രവി മുന്നറിയിപ്പ് നല്‍കി. പഞ്ചായത്ത്, നിയമസഭാ തെരഞ്ഞെടുപ്പോടെ ഇതൊരു എടുക്കാച്ചരക്കായി മാറുമെന്നും പാലോട് രവിയുടെ സംഭാഷണത്തിലുണ്ട്
നാട്ടിലിറങ്ങി ജനങ്ങളോട് സംസാരിക്കാന്‍ 10 ശതമാനം സ്ഥലത്തേ നമുക്ക് ആളുള്ളൂ. ആത്മാര്‍ത്ഥമായി ഒറ്റൊരാള്‍ക്കും പരസ്പര ബന്ധമോ സ്നേഹമോ ഇല്ലെന്നും പാലോട് രവി പറയുന്നു.പാലോട് രവിയുടെ ഫോൺ സംഭാഷണം പുറത്തു വന്നതിനു പിന്നാലെ കോൺഗ്രസ് നേതൃത്വത്തിൽ നിന്ന് പ്രതികരണങ്ങൾ വന്നിട്ടില്ല.