സർവ്വത്ര ദുരൂഹത; താജ്മഹലിന് സമീപം പൂട്ടിയിട്ടിരുന്ന കാറിൽ വയോധികനെ കണ്ടെത്തി

സർവ്വത്ര ദുരൂഹത; താജ്മഹലിന് സമീപം പൂട്ടിയിട്ടിരുന്ന കാറിൽ വയോധികനെ കണ്ടെത്തി

ആഗ്ര: താജ്മഹലിന് സമീപം സ്റ്റിക്കർ പതിച്ച് പൂട്ടിയിട്ടിരുന്ന കാറിൽ വയോധികനെ അബോധാവസ്ഥയിൽ കണ്ടെത്തി. താജ്മഹലിന്റെ പടിഞ്ഞാറൻ ഗേറ്റ് പാർക്കിംഗ് ഏരിയയിൽ ആണ് സംഭവം. “മഹാരാഷ്ട്ര സർക്കാർ” എന്ന സ്റ്റിക്കർ പതിച്ച കാറിനുള്ളിൽ നിന്നാണ് വയോധികനെ സുരക്ഷാ ഉദ്യോഗസ്ഥൻ അബോധാവസ്ഥയിൽ കണ്ടെത്തിയത്.

മഹാരാഷ്ട്ര നമ്പർ പ്ലേറ്റുള്ള കാർ സംശയാസ്പദമായി പാർക്ക് ചെയ്തിരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന്, ഗാർഡ് സൂക്ഷ്മമായി പരിശോധിച്ചപ്പോൾ, കൈകളും കാലുകളും തുണികൊണ്ട് ബന്ധിച്ച നിലയിൽ ഒരു വയോധികനെ കാറിനുള്ളിൽ കണ്ടെത്തുകയായിരുന്നു. വാഹനത്തിനുള്ളിലെ കടുത്ത ചൂട് അദ്ദേഹത്തിന്റെ ആരോഗ്യനില കൂടുതൽ വഷളാക്കി.

കാറിന്റെ ജനൽച്ചില്ല് തകർത്താണ് ഇദ്ദേഹത്തെ പുറത്തെടുത്തത്. സുരക്ഷാ ഉദ്യോഗസ്ഥരടക്കം അദ്ദേഹത്തോട് സംഭവത്തെപ്പറ്റി ചോദിച്ചെങ്കിലും ഇയാൾക്ക് പ്രതികരിക്കാൻ കഴിഞ്ഞില്ല. ഇയാളെ സമീപത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ആരോഗ്യ സ്ഥിതി നിരീക്ഷിച്ച് വരുകയാണെന്നാണ് ഡോക്ടർമാർ അറിയിച്ചിരിക്കുന്നത്.

മഹാരാഷ്ട്രയിൽ നിന്നുള്ളവർ താജ്മഹൽ സന്ദർശിക്കാൻ എത്തിയപ്പോൾ ഇയാളെ കാറിൽ ഉപേക്ഷിച്ചിരിക്കാമെന്നണ് പ്രാഥമിക അന്വേഷണത്തിൽ സൂചന ലഭിച്ചിരിക്കുന്നത്. അതേസമയം കാറിൽ പതിപ്പിച്ചിരുന്ന സ്റ്റിക്കറിൽ അടക്കം ദുരൂഹത തുടരുകയാണ്.

Share Email
LATEST
Top