കൊച്ചി: എംഎസ്‌സി എൽസ ത്രീ കപ്പലപകടവുമായി ബന്ധപ്പെട്ട് 9,531 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ. ഇതേ കമ്പനിയുടെ ഇപ്പോൾ വിഴിഞ്ഞത്ത് നങ്കൂരമിട്ടിരിക്കുന്ന മറ്റൊരു കപ്പലായ എംഎസ്‍സി അകിറ്റേറ്റ – II അറസ്റ്റ് ചെയ്യാനുള്ള അനുവാദം ജസ്റ്റിസ് എം.എ.അബ്ദുൾ ഹക്കീമിന്റെ ബെഞ്ച് നൽകി.
മെഡിറ്ററേനിയൻ ഷിപ്പ് കമ്പനിക്കെതിരെ നൽകിയ അഡ്മിറാൽറ്റി സ്യൂട്ടിൽ, എംഎസ്‌സിയുടെ കപ്പൽ പിടിച്ചെടുക്കാൻ ഹൈക്കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചു. എംഎസ്‌സി അകിറ്റെറ്റ 2 എന്ന കപ്പൽ പിടിച്ചെടുക്കാനാണ് ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവിട്ടത്. അകിറ്റെറ്റ 2 വിഴിഞ്ഞം തുറമുഖം വിടുന്നത് ഹൈക്കോടതി തടയുകയും ചെയ്തു. പരിസ്ഥിതിക്കും സമുദ്രോത്പന്നങ്ങൾക്കുമുണ്ടായ നഷ്ടം ചൂണ്ടിക്കാട്ടി പരിസ്ഥിതി വകുപ്പ് സ്പെഷ്യൽ സെക്രട്ടറി നൽകിയ ഹർജിയിലാണ് ജസ്റ്റിസ് എം.എ. അബ്ദുൽ ഹക്കിം അധ്യക്ഷനായ സിംഗിൾ ബെഞ്ചിന്റെ ഉത്തരവ്.
കപ്പലപകടത്തിലൂടെ സംസ്ഥാനത്തിന്റെ പരിസ്ഥിതിക്കും ജൈവ ആവാസവ്യവസ്ഥയ്ക്കും കനത്ത നാശനഷ്ടമുണ്ടായെന്നാണ് സംസ്ഥാന സർക്കാരിന്റെ ഹർജിയിലെ പ്രധാന ആക്ഷേപം. സാമ്പത്തിക, മത്സ്യബന്ധന മേഖലകളെയും ഇത് ദോഷകരമായി ബാധിച്ചുവെന്ന് ഹർജിയിൽ പറയുന്നു. 2017ലെ അഡ്മിറാൽറ്റി നിയമം അനുസരിച്ച് നഷ്ടപരിഹാരം ലഭ്യമാക്കാൻ ഹൈക്കോടതി അധികാരം ഉപയോഗിക്കണമെന്നും സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടു. കഴിഞ്ഞ മെയ് 25നായിരുന്നു തോട്ടപ്പള്ളിയിൽ നിന്ന് 13 നോട്ടിക്കൽ മൈൽ അകലെ എംഎസ്‌സി എൽസ ത്രീ കപ്പലിന് അപകടമുണ്ടായത്.
കപ്പലിൽ പരിസ്ഥിതിക്ക് ദോഷകരമായ 643 കണ്ടെയ്‌നറുകളാണ് ഉണ്ടായിരുന്നത്. ഇതിൽ 61 കണ്ടെയ്‌നറുകളും അവയുടെ അവശിഷ്ടങ്ങളും തീരത്തടിഞ്ഞു. സന്നദ്ധ സംഘടനകളുടെ സഹായത്തോടെ തിരുവനന്തപുരം മുതൽ എറണാകുളം വരെയുള്ള തീരങ്ങളിൽ നിന്ന് 59.6 മെട്രിക് ടൺ മാലിന്യം നീക്കം ചെയ്തു. ഈ കപ്പലപകടം കേരളത്തിന്റെ സമുദ്ര പരിസ്ഥിതിയെ സാരമായി ബാധിച്ചിട്ടുണ്ട്. സംസ്ഥാന സർക്കാർ നിയോഗിച്ച പ്രത്യേക വിദഗ്ദ്ധ സമിതിയാണ് നഷ്ടപരിഹാരം സംബന്ധിച്ച നിർദ്ദേശം സർക്കാരിന് നൽകിയത്. നഷ്ടം കണക്കാക്കുന്നതിൽ പ്രതിദിന മത്സ്യബന്ധന ലഭ്യതയിലെ കുറവും പരിഗണിച്ചുവെന്ന് സംസ്ഥാന സർക്കാർ ഹർജിയിൽ വ്യക്തമാക്കി. സ്വിറ്റ്സർലൻഡ് ആസ്ഥാനമായ മെഡിറ്ററേനിയൻ ഷിപ്പ് കമ്പനി, എംഎസ്‌സി ഇന്ത്യ, അദാനി വിഴിഞ്ഞം പോർട്ട് എന്നിവരാണ് ഈ കേസിൽ എതിർകക്ഷികൾ.
MSC Elsa 3 shipwreck: State government seeks Rs 9531 crore compensation