വാഷിംഗ്ടണ്‍: ട്രംപിന്റെ നികുതി ബില്ലിനെ ചൊല്ലി പ്രസിഡന്റ് ട്രംപും വ്യവസായ ഭീമനും ട്രംപിന്റെ ഉറ്റ സുഹൃത്തുമായിരുന്ന ഇലോണ്‍ മസ്‌കും തമ്മില്‍ തുറന്ന പോര്. ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ സര്‍ക്കാര്‍ സബ്‌സീഡികള്‍ ലഭിച്ച വ്യക്തിയാണ് മസ്‌ക് എന്ന ആരോപണമാണ് ട്രംപ് ഉന്നയിച്ചിരിക്കുന്നത്. ‘സബ്സിഡികള്‍ ഇല്ലാതെയെങ്കില്‍ മസ്‌കിന് തന്റെ ബിസിനസുകള്‍ അടച്ചു പൂട്ടി ജന്മനാടായ ദക്ഷിണാഫ്രിക്കയിലേക്ക് മടങ്ങേണ്ടിവരുമായിരുന്നുവെന്നും ട്രംപ് തുറന്നടിച്ചു.
മസ്‌ക് കഴിഞ്ഞ ദിവസം ട്രംപിന്റെ ബിഗ് ബ്യൂട്ടിഫുള്‍ ബില്‍ എന്ന നികുതി നിയമത്തിനെതിരെ കടുത്ത വിമര്‍ശനം ഉന്നയിച്ചിരുന്നു. അതിനു പിന്നാലെയാണ് ട്രംപിന്റെ ഈ പ്രതികരണം. ട്രംപിന്റെ ബിഗ് ബ്യൂട്ടിഫുള്‍ നിയമം പാസാക്കിയാല്‍ പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുമെന്നും മസ്‌ക് മുന്നറിയിപ്പ് നല്‍കിയിരുന്നു.
ട്രംപും എലോണ്‍ മസ്‌കും തമ്മിലുള്ള പുതിയ വിവാദത്തിന്റെ അടിസ്ഥാനം അമേരിക്കന്‍ ഭരണകൂടം നടപ്പിലാക്കിയ ഇലക്ട്രിക് വാഹന നികുതി ഇളവാണ്. ഇളവ് എടുത്തുകളയുന്ന പ്രമേയം ഇപ്പോള്‍ ചര്‍ച്ചയിലിരിക്കുകയാണ്. 7,500 ഡോളര്‍ വരെയുള്ള ഉപഭോക്തൃ നികുതി ഇളവ് ഇല്ലാതാകുന്നത് ഇലക്ട്രിക് വാഹനങ്ങളുടെ വില കൂട്ടുകയും ടെസ്ല പോലുള്ള കമ്പനികളെ നേരിട്ട് ബാധിക്കുകയും ചെയ്യുമെന്ന് വിമര്‍ശകര്‍ പറയുന്നു.
പ്രമേയം പാസായാല്‍ ഇലക്ട്രിക് വാഹനങ്ങള്‍ക്ക് ആനുകൂല്യം ലഭിക്കാതായേക്കും എന്ന ആശങ്കയാണ് ടെസ്ല സി.ഇ.ഒ എലോണ്‍ മസ്‌കിനെ പ്രകോപിപ്പിച്ചത്. അതോടെയാണ് മസ്‌ക് ട്രംപിന്റെ നയങ്ങള്‍ക്കെതിരെ കടുത്ത വിമര്‍ശനം നടത്തി രംഗത്ത് വന്നത്
Musk received the most subsidies in America: Trump lashes out at Elon Musk