ട്രംപിന്‍റെ നടപടികളുടെ ഭാഗം; നാസയ്ക്ക് ഏകദേശം 3,900 ജീവനക്കാരെ നഷ്ടപ്പെടുമെന്ന് റിപ്പോർട്ട്

ട്രംപിന്‍റെ നടപടികളുടെ ഭാഗം; നാസയ്ക്ക് ഏകദേശം 3,900 ജീവനക്കാരെ നഷ്ടപ്പെടുമെന്ന് റിപ്പോർട്ട്

വാഷിംഗ്ടൺ: യുഎസ് ബഹിരാകാശ ഏജൻസിയായ നാസയ്ക്ക് ഏകദേശം 3,900 ജീവനക്കാരെ നഷ്ടപ്പെടുമെന്ന് റിപ്പോർട്ട്. ഫെഡറൽ ജീവനക്കാരുടെ എണ്ണം കുറയ്ക്കാനുള്ള ഡോണൾഡ് ട്രംപിന്റെ വിപുലമായ ശ്രമങ്ങളുടെ ഭാഗമാണിത്. അതേസമയം, ചന്ദ്രനിലേക്കും ചൊവ്വയിലേക്കും മനുഷ്യരെ അയക്കുന്ന ദൗത്യങ്ങൾക്ക് പ്രസിഡന്‍റ് മുൻഗണന നൽകുന്ന സമയത്താണ് ഈ നടപടി.

വെള്ളിയാഴ്ച അവസാനിച്ച നാസയുടെ ഡെഫേർഡ് റെസിഗ്നേഷൻ പ്രോഗ്രാമിന്റെ രണ്ടാം ഘട്ടത്തിൽ ഏകദേശം 3,000 ജീവനക്കാർ പങ്കെടുത്തതായി നാസ പ്രസ്താവനയിൽ അറിയിച്ചു. ആദ്യ ഘട്ടത്തിൽ പങ്കെടുത്ത 870 പേരെയും സാധാരണയായി സർവീസിൽ നിന്ന് വിരമിക്കുന്നവരെയും കൂടി കണക്കിലെടുക്കുമ്പോൾ, ട്രംപ് ജനുവരിയിൽ അധികാരമേൽക്കുന്നതിന് മുമ്പ് 18,000ൽ അധികമുണ്ടായിരുന്ന ഏജൻസിയുടെ സിവിൽ സർവീസ് ജീവനക്കാരുടെ എണ്ണം ഏകദേശം 14,000 ആയി കുറയും. ഇത് 20 ശതമാനത്തിലധികം കുറവാണ്.

ഡെഫേർഡ് റെസിഗ്നേഷൻ പ്രോഗ്രാം വഴി നാഷണൽ എയറോനോട്ടിക്സ് ആൻഡ് സ്പേസ് അഡ്മിനിസ്ട്രേഷനിൽ നിന്ന് വിരമിക്കുന്നവരെ, ധാരണയിലെത്തിയ വിരമിക്കൽ തീയതി വരെ അഡ്മിനിസ്ട്രേറ്റീവ് ലീവിൽ പ്രവേശിപ്പിക്കും. അടുത്ത ഏതാനും ആഴ്ചകളിൽ ഈ കണക്കുകളിൽ ചെറിയ മാറ്റങ്ങൾ വന്നേക്കാമെന്ന് ഏജൻസി വക്താവ് പറഞ്ഞു.

Share Email
Top