വാഷിങ്ടൺ: അമേരിക്കയിൽ സന്ദർശനം നടത്തുന്ന ഇസ്രായേൽ പ്രസിഡന്‍റ് ബിന്യമിൻ നെതന്യാഹു രണ്ടാം ദിവസവും വൈറ്റ് ഹൗസിലെത്തുകയും ട്രംപുമായി ചർച്ച നടത്തി പ്രസ്താവനകളൊന്നും നടത്താതെ തിരികെ പോകുകയും ചെയ്തതായി ടൈംസ് ഓഫ് ഇസ്രായേൽ. ചർച്ച ഒരു മണിക്കൂറിലധികം നീണ്ടു. അമേരിക്കൻ വൈസ് പ്രസിഡന്‍റ് ജെ.ഡി. വാൻസ് അടക്കം പങ്കെടുത്ത യോഗത്തിന്‍റെ കൂടുതൽ വിശദാംശങ്ങൾ പുറത്തുവിട്ടിട്ടില്ല.
എന്നാൽ, ഫലസ്തീനൊപ്പം ഇറാനും ചർച്ചയായെന്ന് ഇസ്രായേൽ ഹയോം റിപ്പോർട്ട് ചെയ്യുന്നു. ഇറാൻ ആണവായുധ പദ്ധതി പുനരാരംഭിക്കുന്നത് തടയാനുള്ള വഴികളെക്കുറിച്ച് ചർച്ചയുണ്ടായെന്ന് റിപ്പോർട്ട് പറയുന്നു.
വൈറ്റ് ഹൗസിൽ നടത്തിയ ആദ്യ കൂടിക്കാഴ്ചയിൽ ഫലസ്തീനികളെ പ്രദേശത്തുനിന്ന് ഒഴിപ്പിക്കാനുള്ള പദ്ധതിയാണ് ഇസ്രായേലും അമേരിക്കയും ചർച്ച ചെയ്തത്. ചർച്ചക്ക് ശേഷം ഫലസ്തീനികളുടെ മികച്ച ഭാവിക്കുവേണ്ടിയാണ് ഇസ്രായേൽ ഗസ്സയിൽനിന്ന് അവരെ ഒഴിപ്പിക്കുന്ന നിർദേശം മുന്നോട്ടുവെക്കുന്നതെന്ന് നെതന്യാഹു പ്രസ്താവിച്ചിരുന്നു. നിൽക്കാൻ ആഗ്രഹിക്കുന്ന ജനങ്ങൾക്ക് നിൽക്കാം. എന്നാൽ, പോകാൻ ആഗ്രഹിക്കുന്നവരെ അതിന് അനുവദിക്കണമെന്നും നെതന്യാഹു പറഞ്ഞിരുന്നു.
60 ദിവസത്തെ വെടിനിർത്തൽ നിർദേശം ചർച്ച ചെയ്യാൻ ഇസ്രായേലും ഹമാസും ഖത്തറിന്റെ മധ്യസ്ഥതയിൽ ചർച്ച നടത്തുന്നതിനിടെയാണ് ട്രംപും നെതന്യാഹുവും വൈറ്റ്ഹൗസിലെ ബ്ലൂ റൂമിൽ കൂടിക്കാഴ്ച നടത്തിയത്. ഒരേ കെട്ടിടത്തിലെ വെവ്വേറെ മുറികളിൽ ഇരുന്ന് ഖത്തറിന്റെ മധ്യസ്ഥതയിലാണ് ചർച്ച. ഖത്തറിൽ മൂന്നു ദിവസത്തിനിടെ നാലുവട്ടം ചർച്ച നടന്നെങ്കിലും ഫലമുണ്ടായിട്ടില്ല.
ഇതിനിടെ ‘സമാധാനം കെട്ടിപ്പടുക്കുന്നതിൽ’ ട്രംപ് നിർണായക പങ്കുവഹിച്ചതായി ചൂണ്ടിക്കാട്ടി ട്രംപിനെ നൊബേൽ സമാധാന സമ്മാനത്തിന് നാമനിർദേശം ചെയ്തിരിക്കുകയാണ് നെതന്യാഹു. സമാധാന നൊബേൽ കമ്മിറ്റിക്ക് അയച്ച നാമനിർദേശ കത്തിന്റെ പകർപ്പ് വൈറ്റ് ഹൗസിൽ നടന്ന അത്താഴ വിരുന്നിനിടെ നെതന്യാഹു കൈമാറുകയും ചെയ്തിരുന്നു.
Netanyahu returns to White House for second day without making any statement