തിരുവനന്തപുരം: ബിജെപി കേരള ഘടകത്തിൽ പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു. സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ചുമതലയേറ്റെടുത്തതിന് ശേഷമുള്ള ആദ്യ ഭാരവാഹി പട്ടികയിൽ കെ. സുരേന്ദ്രൻ പക്ഷത്തെ പൂർണ്ണമായും അവഗണിച്ചുവെന്നതാണ് ശ്രദ്ധേയം. മുൻ ഡിജിപി ആർ. ശ്രീലേഖ ഐപിഎസും പി.സി. ജോർജിന്റെ മകൻ ഷോൺ ജോർജും നേതൃനിരയിലേക്ക് എത്തുന്നുവെന്നതും എടുത്തുപറയേണ്ടതാണ്.
എം.ടി.രമേശ്, ശോഭാ സുരേന്ദ്രന്‍, എസ്.സുരേഷ്, അനൂപ് ആന്റണി ജോസഫ് എന്നിവരാണ് ജനറല്‍ സെക്രട്ടറിമാര്‍. ഇ.കൃഷ്ണദാസ് ട്രഷററാകും. മേഖല അധ്യക്ഷൻമാരായി കെ.ശ്രീകാന്ത്, വി.ഉണ്ണികൃഷ്ണൻ, എ.നാഗേഷ്, എൻ.ഹരി, ബി.ബി.ഗോപകുമാർ എന്നിവരെയും നിയോഗിച്ചു.
വൈസ് പ്രസിഡന്റുമാര്‍ ഡോ.കെ.എസ്.രാധാകൃഷ്ണൻ (എറണാകുളം), സി.സദാനന്ദൻ (കണ്ണൂർ), പി.സുധീർ (തിരുവനന്തപുരം), സി.കൃഷ്‌ണകുമാർ (പാലക്കാട്), ബി.ഗോപാലകൃഷ്‌ണൻ (തൃശ്ശൂർ), ഡോ.അബ്ദുൾ സലാം (തിരുവനന്തപുരം), ആർ.ശ്രീലേഖ ( ഐപിഎസ് റിട്ടയർഡ്) (തിരുവനന്തപുരം), കെ. സോമൻ (ആലപ്പുഴ), കെ.കെ. അനീഷ് കുമാർ (തൃശൂർ), ഷോൺ ജോർജ് (കോട്ടയം)
സെക്രട്ടറിമാർ അശോകൻ കുളനട (പത്തനംതിട്ട), കെ.രഞ്ജിത്ത് (കണ്ണൂർ), രേണു സുരേഷ് (എറണാകുളം), വി.വി.രാജേഷ് (തിരുവനന്തപുരം), പന്തളം പ്രതാപൻ (ആലപ്പുഴ), ജിജി ജോസഫ് (എറണാകുളം), എം.വി.ഗോപകുമാർ (ആലപ്പുഴ), പൂന്തുറ ശ്രീകുമാർ (തിരുവനന്തപുരം), പി.ശ്യാംരാജ് (ഇടുക്കി), എം.പി.അഞ്ജന രഞ്ജിത്ത് (തിരുവനന്തപുരം)
ഓഫിസ് സെക്രട്ടറി – ജയരാജ് കൈമൾ (തിരുവനന്തപുരം), സോഷ്യൽ മീഡിയ കൺവീനർ – അഭിജിത്ത് ആർ.നായർ (ഇടുക്കി), മുഖ്യ വക്താവ് – ടി.പി.ജയചന്ദ്രൻ മാസ്റ്റർ (കോഴിക്കോട്), മീഡിയ കൺവീനർ– സന്ദീപ് സോമനാഥ് (കോട്ടയം), സംസ്ഥാന സെൽ കോ-ഓർഡിനേറ്റർ – അഡ്വ.വി.കെ.സജീവൻ (കോഴിക്കോട്)
ഗ്രൂപ്പ് സമവാക്യങ്ങൾ മാറിമറിയുന്നു
എം.ടി. രമേശ്, ശോഭ സുരേന്ദ്രൻ, എസ്. സുരേഷ്, അനൂപ് ആന്റണി എന്നിവരാണ് പുതിയ ജനറൽ സെക്രട്ടറിമാർ. ജനറൽ സെക്രട്ടറിമാരിൽ കെ. സുരേന്ദ്രൻ പക്ഷത്തുനിന്നും ആരും ഇല്ല എന്നത് ശ്രദ്ധേയമാണ്. കെ. സുരേന്ദ്രൻ പക്ഷം അവഗണിച്ചിരുന്ന ശോഭ സുരേന്ദ്രൻ കൂടുതൽ കരുത്തയായെന്നതാണ് പുതിയ നേതൃനിരയിലെ ഒരു പ്രധാന പ്രത്യേകത. വൈസ് പ്രസിഡന്റായിരുന്ന ശോഭ സുരേന്ദ്രൻ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് എത്തിയത് അവരുടെ പോരാട്ടവീര്യത്തിനുള്ള അംഗീകാരമായി കണക്കാക്കപ്പെടുന്നു. കെ. സുരേന്ദ്രൻ അധ്യക്ഷനായിരുന്ന കാലയളവിൽ ശോഭ സുരേന്ദ്രനെ പൂർണ്ണമായും മാറ്റിനിർത്തിയിരുന്നു. ഇതിനെതിരെ അവർ പരസ്യമായി രംഗത്തെത്തുകയും ദേശീയ നേതൃത്വത്തെ അതൃപ്തി അറിയിക്കുകയും ചെയ്തിരുന്നു.
പത്ത് വൈസ് പ്രസിഡന്റുമാരിൽ മുൻ ഡിജിപി ശ്രീലേഖയും ഷോൺ ജോർജുമാണ് പ്രധാനികൾ. ഡോ. കെ.എസ്. രാധാകൃഷ്ണൻ, സി. സദാനന്ദൻ മാസ്റ്റർ, അഡ്വ. പി. സുധീർ, സി. കൃഷ്ണകുമാർ, അഡ്വ. ബി. ഗോപാലകൃഷ്ണൻ, കെ. സോമൻ, അഡ്വ. കെ. അനീഷ് കുമാർ, ഡോ. അബ്ദുൾ സലാം എന്നിവരാണ് മറ്റ് വൈസ് പ്രസിഡന്റുമാർ.
സംസ്ഥാന അധ്യക്ഷനായി രാജീവ് ചന്ദ്രശേഖർ എത്തിയതോടെ കേരള ബിജെപിയിലെ ഗ്രൂപ്പ് സമവാക്യങ്ങൾ മാറിമറിയുന്നു എന്നതിൻ്റെ സൂചനയാണ് ഈ ഭാരവാഹി പട്ടിക വ്യക്തമാക്കുന്നത്. ഒരു പതിറ്റാണ്ടിലേറെയായി സംസ്ഥാന നേതൃത്വത്തിൽ സർവാധിപത്യം പുലർത്തിയിരുന്ന മുരളീധരപക്ഷത്തിന് ഇത്തവണ കാര്യങ്ങൾ അത്ര അനുകൂലമല്ല. സംസ്ഥാന അധ്യക്ഷ സ്ഥാനത്തുനിന്ന് വി. മുരളീധരന്റെ വലംകൈയായ കെ. സുരേന്ദ്രനെ മാറ്റിയാണ് രാജീവ് ചന്ദ്രശേഖരനെ നിയമിച്ചത്. വി. മുരളീധരന് കേന്ദ്ര സഹമന്ത്രി സ്ഥാനം നഷ്ടപ്പെട്ടതിന് പിന്നാലെയാണ് സുരേന്ദ്രന് സംസ്ഥാന അധ്യക്ഷ പദവിയും നഷ്ടമാകുന്നത്. സുരേന്ദ്രൻ അധ്യക്ഷ സ്ഥാനത്തിരിക്കെയാണ് കേരളത്തിൽ നിന്ന് ആദ്യമായി ഒരു ലോക്സഭാ എംപി (തൃശൂരിൽ നിന്ന് സുരേഷ് ഗോപി) ബിജെപി ടിക്കറ്റിൽ വിജയിക്കുന്നത്.
സുരേഷ് ഗോപിയും പുതിയ നേതൃത്വവും
ബിജെപിയുമായി സഹകരിച്ച് നിൽക്കാൻ തുടങ്ങിയ കാലം മുതൽ സംസ്ഥാന നേതൃത്വത്തോട് അൽപം അകലം പാലിച്ചാണ് സുരേഷ് ഗോപി പ്രവർത്തിക്കുന്നത്. നരേന്ദ്ര മോദിയുമായും അമിത് ഷായുമായും നേരിട്ടാണ് തൻ്റെ ഇടപാട് എന്ന് സുരേഷ് ഗോപി തന്നെ നേരത്തെ പലകുറി വ്യക്തമാക്കിയിട്ടുമുണ്ട്. ഇതിനിടെയാണ് രാജീവ് ചന്ദ്രശേഖർ ബിജെപിയുടെ സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് എത്തിയത്.
രാജീവിന്റെ പല നടപടികളും മുരളീധരപക്ഷത്തെ പ്രത്യക്ഷത്തിൽ തന്നെ തഴയുന്ന തരത്തിലുള്ളതായിരുന്നു. പുതിയ ഭാരവാഹി പട്ടികയും ഇത് വ്യക്തമാക്കുന്നു. രാജീവ് ചന്ദ്രശേഖർ നയിക്കുന്ന സംസ്ഥാന നേതൃനിരയിലേക്ക് മുരളീധരൻ പക്ഷത്തെ പാടേ അവഗണിച്ച മട്ടാണ്. മാത്രമല്ല, മുരളീധരപക്ഷത്തിന്റെ എതിർചേരിയായ കൃഷ്ണദാസ് പക്ഷത്തെയും കഴിഞ്ഞ വർഷങ്ങളിൽ കെ. സുരേന്ദ്രനോട് നേരിട്ട് ഏറ്റുമുട്ടിയ ശോഭ സുരേന്ദ്രനെയും കാര്യമായി പരിഗണിച്ചിട്ടുമുണ്ട്. ക്രൈസ്തവ മുഖമായി ഷോൺ ജോർജും ബിജെപി നേതൃത്വത്തിലേക്ക് എത്തുന്നുവെന്നതും ശ്രദ്ധേയമാണ്.
New team for BJP; M.T. Ramesh and Shobha as general secretaries, Sreelekha and Shawn as vice presidents