പാലക്കാട്ട് നിപ വൈറസ് കേസുകൾ സ്ഥിരീകരിച്ചതിനെ തുടർന്ന് തമിഴ്നാട് അതിർത്തിയിൽ ജാഗ്രത ശക്തമാക്കി. കോയമ്പത്തൂർ ജില്ലയെ വൈറസ് ബാധയിൽ നിന്ന് രക്ഷിക്കാനാണ് തമിഴ്നാട് ആരോഗ്യവകുപ്പിന്റെ നടപടി. ആനക്കട്ടി മുതൽ ചെമ്മണാമ്പതിവരെ 11 പ്രധാന ചെക്പോസ്റ്റുകളിൽ പരിശോധന കർശനമാക്കി. പെർസണൽ പ്രൊട്ടക്ഷൻ കിറ്റ് (PPE) ധരിച്ച ഉദ്യോഗസ്ഥർ നിയന്ത്രണങ്ങൾ കർശനമായി പാലിക്കുന്നു.
ബസുകൾ, ട്രക്കുകൾ, മറ്റ് വാഹനങ്ങൾ എന്നിവ പരിശോധിച്ച ശേഷം മാത്രമാണ് തമിഴ്നാട്ടിലേക്കുള്ള പ്രവേശനം അനുവദിക്കുന്നത്. യാത്രക്കാർ മാസ്ക് ധരിക്കണമെന്ന നിർദേശവും നൽകിയിട്ടുണ്ട്. വാളയാറിലൂടെയുള്ള യാത്രക്കാർക്ക് താപനില പരിശോധിക്കുന്നുണ്ടെന്ന് മധുക്കരൈ സർക്കിൾ ഹെൽത്ത് ഇൻസ്പെക്ടർ രാജ്കുമാർ അറിയിച്ചു. മൂന്ന് ഷിഫ്റ്റുകളിലായി 24 മണിക്കൂർ പരിശോധന നടക്കുന്നുണ്ട്.
താപനില കൂടിയ യാത്രക്കാരെ ഉടൻ ആശുപത്രിയിലേക്ക് മാറ്റും. അവരിൽ നിന്ന് പേരും വിവരങ്ങളും ശേഖരിക്കും. വാളയാർ, ഗോപാലപുരം, മീനാക്ഷിപുരം ഭാഗങ്ങളിൽ പ്രത്യേക മെഡിക്കൽ ടീമുകൾ നിലയുറപ്പിച്ചിട്ടുണ്ട്. ചെക്പോസ്റ്റുകൾ ഇല്ലാത്ത ചെറുവഴികളിലും മൊബൈൽ സ്ക്വാഡുകൾ നിരീക്ഷണം നടത്തുകയാണ്.
അതേസമയം, നിപ സമ്പർക്കപ്പട്ടികയിൽ 723 പേരാണ് ഇപ്പോൾ ഉള്ളത്. ഇതിൽ 51 പേർ പുതുതായി ചേർന്നവരാണ്. ജില്ലതോറുള്ള ബാധിതരുടെ എണ്ണം :
പാലക്കാട് – 394
മലപ്പുറം – 212
കോഴിക്കോട് – 114
എറണാകുളം – 2
തൃശൂർ – 1
മലപ്പുറത്ത് 10 പേർ ഐസൊലേഷനിൽ, 38 പേർ ഹൈയസ്റ്റ് റിസ്‌ക്, 142 പേർ ഹൈറിസ്‌ക് വിഭാഗത്തിലായി നിരീക്ഷണത്തിലുണ്ട്. പാലക്കാട്ട് മരിച്ചയാളുടെ മകന്റെ നിപ സംശയം സ്ഥിരീകരിച്ചതോടെ റൂട്ട് മാപ്പ് തയാറാക്കി പ്രതിരോധം ശക്തമാക്കിയതായി ആരോഗ്യമന്ത്രി അറിയിച്ചു.
രോഗം എവിടെ നിന്ന് വന്നത് എന്നതറിയാൻ, പാലക്കാട്ട് കുമരംപുത്തൂർ പഞ്ചായത്തിൽ വളർത്തുമൃഗങ്ങളിൽ നിന്ന് രക്തസാമ്പിളുകൾ ശേഖരിക്കുന്നു. മൃഗസംരക്ഷണ വകുപ്പിന്റെ ജന്തുരോഗ നിയന്ത്രണ വിഭാഗമാണ് ഈ പരിശോധന നടത്തുന്നത്. 10 കന്നുകാലികൾ, 11 ആടുകൾ, 1 നായ എന്നിവയിൽ നിന്ന് സാമ്പിളുകൾ ശേഖരിച്ച് ഭോപാലിലെ ഹൈസെക്യൂരിറ്റി ലാബിലേക്ക് അയച്ചു.
തുടർന്ന് തെരുവുനായകളിൽ നിന്നുമുള്ള സാമ്പിളുകൾ ശേഖരിക്കുമെന്നും അധികൃതർ അറിയിച്ചു.
Nipah Confirmed in Palakkad; Tamil Nadu Health Department Tightens Vigil at Border