തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനെതിരെ ക്യാപിറ്റല്‍ പണിഷ്‌മെന്റ് പ്രയോഗം നടന്നുവെന്ന സുരേഷ് കുറുപ്പിന്റെ വെളിപ്പെടുത്തൽ തള്ളി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. ഞാനും പങ്കെടുത്ത സമ്മേളനം തന്നെയാണ് ആലപ്പുഴ സമ്മേളനമെന്നും ഒരാളും ക്യാപിറ്റല്‍ പണിഷ്‌മെന്റ് പ്രയോഗം നടത്തിയിട്ടില്ലെന്നും ശിവന്‍കുട്ടി പറഞ്ഞു. യുവ വനിതാ നേതാവെന്നല്ല ഒരാളും വി എസിനെതിരെ ഇങ്ങനെ ചര്‍ച്ച നടത്തിയിട്ടില്ലെന്നും അദ്ദേഹം വിവരിച്ചു.
വി എസ് മരിച്ച ശേഷം അനാവശ്യ വിവാദങ്ങള്‍ക്ക് ശ്രമിക്കുന്നു. പാര്‍ട്ടിയുടെ വളര്‍ച്ചയില്‍ ഉത്കണ്ഠപ്പെടുന്നവരാണ് ഇത്തരം ചര്‍ച്ചകള്‍ ഉണ്ടാക്കുന്നതെന്നും ശിവന്‍കുട്ടി കൂട്ടിച്ചേര്‍ത്തു. പിരപ്പന്‍കോട് മുരളി പറഞ്ഞത് ശുദ്ധ നുണയാണ്. പറയാന്‍ ആണെങ്കില്‍ അന്നേ പറയാമായിരുന്നു. ഇപ്പോള്‍ പറയുന്നതിന് പിന്നില്‍ മറ്റു ലക്ഷ്യങ്ങളാണെന്നും വി ശിവന്‍കുട്ടി കൂട്ടിച്ചേര്‍ത്തു.
വി എസ് അച്യുതാനന്ദന് ക്യാപിറ്റല്‍ പണിഷ്‌മെന്റ് കൊടുക്കണമെന്ന് പറഞ്ഞത് കൊച്ചുപെണ്‍കുട്ടിയാണെന്നായിരുന്നു സുരേഷ് കുറുപ്പിന്റെ പരാമര്‍ശം. ‘ആലപ്പുഴ സംസ്ഥാന സമ്മേളനത്തില്‍ ഒരു കൊച്ചു പെണ്‍കുട്ടി വി എസിന് ക്യാപിറ്റല്‍ പണിഷ്‌മെന്റ് കൊടുക്കണമെന്ന് പറഞ്ഞു. ഈ അധിക്ഷേപം സഹിക്കാന്‍ പറ്റാതെ വി എസ് വേദി വിട്ട് പുറത്തേക്കിറങ്ങി’യെന്നാണ് സുരേഷ് കുറുപ്പ് വെളിപ്പെടുത്തിയിരിക്കുന്നത്. മാതൃഭൂമി ദിനപത്രത്തിന്റെ വാരാന്തപതിപ്പില്‍ ‘ഇങ്ങനെയൊക്കെയായിരുന്നു എന്റെ വി എസ്’ എന്ന പേരിലെഴുതിയ ലേഖനത്തിലാണ് സുരേഷ് കുറുപ്പിന്റെ വെളിപ്പെടുത്തല്‍.