കണ്ണൂർ∙ ട്രെയിനിൽനിന്ന് സൌമ്യ എന്ന പെൺകുട്ടിയെ തള്ളിയിട്ട് ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതി ഗോവിന്ദ ചാമി ജയിൽ ചാടിയതായി വിവരം. കണ്ണൂർ സെൻട്രൽ ജയിലിൽ ജീവപര്യന്തം തടവിന് ശിക്ഷ അനുഭവിക്കെയാണ് ഗോവിന്ദ ചാമി ജയിൽ ചാടിയത്. രാവിലെ സെൽ തുറന്ന് പരിശോധിച്ചപ്പോഴാണ് ഗോവിന്ദ ചാമിയെ കാണാതായ വിവരം അറിയുന്നത്. പ്രതി ജയിൽ ചാടിയതായി ജയിൽ അധികൃതർ സ്ഥിരീകരിച്ചു.
ജയിൽ അധികൃതർ കൂടുതൽ പരിശോധനകൾ നടത്തുകയാണ്. ഇയാളെ കഴിഞ്ഞ ദിവസം വരെ ജയിലിനകത്ത് കണ്ടിരുന്നു. നേരത്തെ ഇയാളുടെ വധശിക്ഷ സുപ്രീം കോടതി റദ്ദാക്കിയിരുന്നു.
ജയിൽ അധികൃതർ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയാണ്. സെൻട്രൽ ജയിൽ ചാടിയ ഗോവിന്ദച്ചാമി പുറത്തുകടന്നത് എങ്ങനെയെന്ന് അവ്യക്തമാണ്. ജയിൽ വളപ്പിനുള്ളിൽ ഇയാൾ ഇല്ല എന്ന് അധികൃതർ ഉറപ്പാക്കിയിട്ടുണ്ട്. തുടർന്ന് പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. തമിഴ്നാട് വിരുദാചലം സ്വദേശിയാണ് ഗോവിന്ദച്ചാമി. ചാർളി തോമസ് എന്ന പേരിലും ഇയാൾക്കെതിരെ തമിഴ്നാട് പൊലീസ് രേഖകളിൽ കേസുകളുണ്ട്. മോഷണകേസുകളിലും പ്രതിയാണ് ഗോവിന്ദച്ചാമി. സംസ്ഥാന വ്യാപകമായി ഇയാൾക്കായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വൈകുന്നേരം 5 മണിയോടെയാണ് ജയിൽ അധികൃതർ പ്രതികളെ അകത്ത് കയറ്റുന്നത്. സെല്ലിനകത്ത് ഗോവിന്ദച്ചാമി ഇല്ലെന്ന വിവരം രാവിലെ 7 മണിയോടെയാണ് സ്ഥിരീകരിച്ചത്. തുണി ചേർത്ത് കെട്ടി അതുപയോഗിച്ച് വടമാക്കിയാണ് ഇയാൾ ജയിലിനു പുറത്തേക്ക് ചാടിയതെന്നാണ് പുറത്തു വരുന്ന വിവരം.
Notorious criminal Govinda Chami escapes from Kannur central jail