ജയിൽ ചാടിയ കേസിൽ കൊടുംകുറ്റവാളി ഗോവിന്ദച്ചാമിക്ക് 14 ദിവസം റിമാൻഡ്, അതിവ സുരക്ഷയുള്ള വിയ്യൂർ ജയിലേക്ക് മാറ്റാൻ തീരുമാനം

ജയിൽ ചാടിയ കേസിൽ കൊടുംകുറ്റവാളി ഗോവിന്ദച്ചാമിക്ക് 14 ദിവസം റിമാൻഡ്, അതിവ സുരക്ഷയുള്ള വിയ്യൂർ ജയിലേക്ക് മാറ്റാൻ തീരുമാനം

കണ്ണൂർ: ജയിൽ ചാടിയ കൊടുംകുറ്റവാളി ഗോവിന്ദച്ചാമിയെ കണ്ണൂർ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. കണ്ണൂർ സെൻട്രൽ ജയിലിലേക്ക് മാറ്റാനാണ് കോടതി നിർദ്ദേശിച്ചത്. എന്നാൽ ജയിൽ വകുപ്പിന്റെ തീരുമാനപ്രകാരം ഇന്ന് അതീവ സുരക്ഷാ വ്യവസ്ഥകളോടെ വിയ്യൂർ ജയിലിലേക്ക് മാറ്റും. ഗോവിന്ദച്ചാമിയുടെ ജയിൽ ചാട്ടം സുരക്ഷാ വീഴ്ചകൾ ചർച്ചയാക്കിയ സാഹചര്യത്തിൽ, കർശന നടപടികളോടെയാണ് പ്രതിയെ കോടതിയിൽ ഹാജരാക്കിയതും ജയിലിലേക്ക് മാറ്റുന്നതും.

അതേസമയം കേരളത്തിൽ കോളിളക്കമുണ്ടാക്കിയ സൗമ്യ വധക്കേസിൽ ശിക്ഷിക്കപ്പെട്ട ഗോവിന്ദച്ചാമി ജയില്‍ ചാടിയത് ഒന്നരമാസത്തെ ആസൂത്രണത്തിനു ശേഷമാണെന്ന് വ്യക്തമായിട്ടുണ്ട്. പിടിയിലായതിനു പിന്നാലെ പോലീസ് ചോദ്യം ചെയ്യലിലാണ് ഗോവിന്ദച്ചാമി ഇക്കാര്യം വ്യക്തമാക്കിയത്. ജയില്‍ ചാടിയശേഷം തമിഴ്‌നാട്ടിലേക്ക് രക്ഷപെടുകയായിരുന്നു ലക്ഷ്യം. ജയില്‍ ചാടാനായി സെല്ലിലെ ഇരുമ്പ് മുറിക്കാന്‍ ഒന്നര മാസത്തോളം സമയമെടുത്തുവെന്ന് പ്രതി സമ്മതിച്ചു. മുറിച്ചതിന്റെ പാടുകള്‍ പുറത്തുനിന്ന് കാണാതിരിക്കാന്‍ തുണി കൊണ്ട് കെട്ടിവെച്ചതായും ഇയാള്‍ മൊഴി നല്‍കി.

ജയിലിന്റെ മതില്‍ ചാടുന്നതിനായി പാല്‍പ്പാത്രങ്ങളും ഡ്രമ്മുകളും ഉപയോഗിച്ചതായും പ്രതി വെളിപ്പെടുത്തി.
ജയിലില്‍ നിന്നും രക്ഷപെട്ടശേഷം കവര്‍ച്ച നടത്തി തമിഴ്‌നാട്ടിലേക്ക് പോകാനായിരുന്നു ലക്ഷ്യമിട്ടിരുന്നത്. ജയില്‍ ചാടിയ ശേഷം റെയില്‍വേ സ്‌റ്റേഷന്‍ എവിടെയന്നു അറിയാത്തതിനാലാണ് ഇവിടെ തന്നെ കെട്ടിട വളിപ്പിലെ പൊന്തക്കാട്ടില്‍ ഒളിച്ചിരുന്നത്. എന്നാല്‍ ഗോവിന്ദച്ചാമിക്ക് ഇത്തരത്തിലൊരു നീക്കം നടത്താന്‍ പുറത്തുനിന്നും ആരുടെ സഹായമാണ് ലഭിച്ചതെന്നതിലും അന്വേഷണം നടക്കുന്നുണ്ട്. ജയില്‍ അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ സുരക്ഷാ വീഴ്ചയും പോലീസ് അന്വേഷിക്കുന്നുണ്ട്.

Share Email
Top