ഗവർണർ സ്ഥാനത്ത് നിന്ന് പി.എസ്. ശ്രീധരൻ പിള്ളയെ മാറ്റി; അശോക് ഗജപതി രാജു ഗോവ ഗവർണർ

ഗവർണർ സ്ഥാനത്ത് നിന്ന് പി.എസ്. ശ്രീധരൻ പിള്ളയെ മാറ്റി; അശോക് ഗജപതി രാജു ഗോവ ഗവർണർ

പനാജി: ഗോവ ഗവർണർ സ്ഥാനത്തുനിന്ന് അഡ്വ. പി.എസ്. ശ്രീധരൻപിള്ളയെ മാറ്റി. മുൻ വ്യോമയാന മന്ത്രിയായിരുന്ന അശോക് ഗജപതി രാജുവാണ് പുതിയ ഗോവ ഗവർണർ.

ഗോവയ്ക്ക് പുറമെ ഹരിയാനയിലും ലഡാക്കിലും പുതിയ ഗവർണർമാരെ നിയമിച്ചു. അഷിം കുമാർ ഘോഷ് ഹരിയാന ഗവർണറായും കവീന്ദർ ഗുപ്ത ലഡാക്ക് ലഫ്റ്റനന്റ് ഗവർണറായും ചുമതലയേൽക്കും. പി.എസ്. ശ്രീധരൻപിള്ളക്ക് നിലവിൽ പുതിയ ചുമതലകളൊന്നും നൽകിയിട്ടില്ല.

ലഡാക്ക് കേന്ദ്രഭരണ പ്രദേശത്തിന്റെ ലഫ്റ്റനന്റ് ഗവർണർ ബി.ഡി. മിശ്ര രാജിവെച്ചതിനെ തുടർന്നാണ് പുതിയ ഗവർണറെ നിയമിച്ചത്.

2019 മുതൽ 2021 വരെ മിസോറാം ഗവർണറായിരുന്ന പി.എസ്. ശ്രീധരൻപിള്ള, പിന്നീട് ഗോവയുടെ ഗവർണറായി നിയമിതനാകുകയായിരുന്നു. മിസോറാമിൽ അദ്ദേഹം കാലാവധി പൂർത്തിയാക്കിയിരുന്നു. ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ്, ജനറൽ സെക്രട്ടറി, വൈസ് പ്രസിഡന്റ് തുടങ്ങിയ വിവിധ സംഘടനാ ചുമതലകളും ശ്രീധരൻപിള്ള വഹിച്ചിട്ടുണ്ട്. 400റോളം പുസ്തകങ്ങളും അദ്ദേഹം രചിച്ചിട്ടുണ്ട്.

ഗവർണർ സ്ഥാനത്തുനിന്ന് മടങ്ങുന്നത് പൂർണ സംതൃപ്തിയോടെയാണെന്ന് പി.എസ്. ശ്രീധരൻപിള്ള പ്രതികരിച്ചു. കാലാവധി പൂർത്തിയാക്കിയതിന് പിന്നാലെ ഗോവ ഗവർണർ സ്ഥാനത്തുനിന്ന് പടിയിറങ്ങുന്ന പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ ഈ പ്രതികരണം.

“മിസോറാമിലും ഗോവയിലുമായി ഗവർണർ പദവിയിൽ ആറുവർഷം പൂർത്തിയാക്കി. മിസോറാമിൽ നാലുവർഷവും ഗോവയിൽ രണ്ടുവർഷവും ഞാൻ ഗവർണർ പദവിയിലിരുന്നു. ഭാവി പരിപാടിയെക്കുറിച്ച് ആലോചിച്ചിട്ടില്ല,” ശ്രീധരൻപിള്ള പറഞ്ഞു.

“ഒരു പദവിയോ സ്ഥാനമോ ചോദിച്ച് വാങ്ങിയ ആളല്ല ഞാൻ. 50 വർഷമായി ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ ഭാഗമാണ്. പ്രസ്ഥാനം എനിക്ക് തരാൻ കഴിയാവുന്നതെല്ലാം തന്നു, അതിൽ പൂർണ സംതൃപ്തനാണ്. ഗവർണറാകുന്നതിന് മുമ്പ് 117 പുസ്തകങ്ങളും ഗവർണറായ ശേഷം 270 പുസ്തകങ്ങളും എഴുതി. ഗവർണറായ ശേഷം എഴുത്തിന്റെ മേഖലയിൽ നല്ല മുന്നേറ്റമുണ്ടായി. ഏറ്റവും ഒടുവിൽ അടിയന്തരാവസ്ഥക്കെതിരെ ഇറക്കിയ രണ്ട് പുസ്തകങ്ങളുടെ റോയൽറ്റി ഉപയോഗിച്ചാണ് ഗോവയിലെ അന്നദാന പദ്ധതി നടപ്പാക്കിയത്,” അദ്ദേഹം കൂട്ടിച്ചേർത്തു.

ഗോവയ്ക്ക് വേണ്ടി ഒരുപാട് കാര്യങ്ങൾ ചെയ്യാൻ കഴിഞ്ഞെന്നും, ഗോവയിലെ എല്ലാ ഗ്രാമങ്ങളിലും സഞ്ചരിച്ച് രാജ്ഭവനെ ‘ലോക് ഭവൻ’ ആക്കി മാറ്റിയെന്നും ശ്രീധരൻപിള്ള അവകാശപ്പെട്ടു. തുടർന്നുവരുന്ന ആളും താൻ തുടങ്ങിവെച്ച പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ടുപോകുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

കേന്ദ്രസർക്കാറിന്റെ സോളിസിറ്റർ ജനറൽ പദവി വരെ വഹിക്കാൻ കഴിഞ്ഞതായും, മൂന്ന് യൂണിവേഴ്സിറ്റികളിൽ നിന്ന് ഡോക്ടറേറ്റ് പദവി ലഭിച്ചതായും അദ്ദേഹം സൂചിപ്പിച്ചു. എല്ലാറ്റിലും താൻ സംതൃപ്തനാണെന്നും, പുതിയ ഗവർണർ എത്തി ചുമതലയേറ്റ ശേഷം നാട്ടിലേക്ക് മടങ്ങുമെന്നും മറ്റ് കാര്യങ്ങൾ ആലോചിച്ച് തീരുമാനിക്കുമെന്നും ശ്രീധരൻപിള്ള വ്യക്തമാക്കി.

P.S. Sreedharan Pillai removed from the post of Governor; Ashok Gajapathi Raju appointed as Governor of Goa

Share Email
LATEST
More Articles
Top