ഇന്ത്യ-പാക് വെടിനിർത്തൽ സംബന്ധിച്ച ട്രംപിന്റെ വാദം എസ്. ജയശങ്കർ തള്ളി; പഹൽഗാം ആക്രമണം ‘സാമ്പത്തിക യുദ്ധം’

ഇന്ത്യ-പാക് വെടിനിർത്തൽ സംബന്ധിച്ച ട്രംപിന്റെ വാദം എസ്. ജയശങ്കർ തള്ളി; പഹൽഗാം ആക്രമണം  ‘സാമ്പത്തിക യുദ്ധം’

ന്യൂയോർക്ക്: പാകിസ്താനുമായി ഇന്ത്യ നടത്തിയ വെടിനിർത്തൽ ചർച്ചകളിൽ അമേരിക്കയ്ക്ക് പങ്കുണ്ടെന്ന യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ അവകാശവാദത്തെ തള്ളിക്കളഞ്ഞ വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ, ഭീകരതയ്‌ക്കെതിരായ ഇന്ത്യയുടെ പ്രതികരണങ്ങളിൽ ആണവശക്തി കാണിച്ച് ഭീഷണിപ്പെടുത്താൻ പാകിസ്താനെ അനുവദിക്കില്ലെന്നും വ്യക്തമാക്കി. ന്യൂയോർക്കിൽ ‘ന്യൂസ് വീക്ക്’ മാഗസിന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് ജയശങ്കർ ഇക്കാര്യങ്ങൾ പറഞ്ഞത്.

‘ഓപ്പറേഷൻ സിന്ദൂർ’ നടക്കുന്നതിനിടെ മേയ് 9-ന് രാത്രി യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഫോണിൽ വിളിച്ചിരുന്നു. താൻ പ്രധാനമന്ത്രിക്കൊപ്പം ആ മുറിയിൽ സംഭാഷണത്തിന് സാക്ഷിയായി ഉണ്ടായിരുന്നെന്നും ജയശങ്കർ പറഞ്ഞു.

“യുഎസുമായുള്ള വ്യാപാരവും പാകിസ്താനുമായുള്ള വെടിനിർത്തലും തമ്മിൽ യാതൊരു ബന്ധവുമില്ല. പാകിസ്താൻ ഇന്ത്യയ്‌ക്കെതിരെ വലിയ ആക്രമണത്തിന് തയ്യാറെടുക്കുകയാണെന്ന് മനസ്സിലായി. പക്ഷേ, ഇന്ത്യ ശക്തമായി തിരിച്ചടിക്കുമെന്നാണ് മോദി ഫോൺ സംഭാഷണത്തിൽ പറഞ്ഞത്,” ജയശങ്കർ വെളിപ്പെടുത്തി.

മേയ് 9-ന് രാത്രി പാകിസ്താൻ ഇന്ത്യയെ ആക്രമിച്ചുവെന്നും, എന്നാൽ ഇന്ത്യൻ സൈന്യം അതിവേഗം തിരിച്ചടി നൽകിയെന്നും ജയശങ്കർ ചൂണ്ടിക്കാട്ടി. യുഎസുമായുള്ള അടുത്ത ചർച്ച പിറ്റേദിവസം രാവിലെയാണ് നടന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. “വിദേശകാര്യ മന്ത്രിയും യുഎസ് സ്റ്റേറ്റ് സെക്രട്ടറിയും തമ്മിലായിരുന്നു ആ സംഭാഷണം. മാർക്കോ റൂബിയോ പാകിസ്താൻ ചർച്ചയ്ക്ക് തയ്യാറാണെന്ന് അറിയിച്ചു.

അന്ന് ഉച്ചകഴിഞ്ഞ്, പാകിസ്താൻ മിലിട്ടറി ഓപ്പറേഷൻസ് ഡയറക്ടർ മേജർ ജനറൽ കാഷിഫ് അബ്ദുള്ള, ലഫ്റ്റനന്റ് ജനറൽ രാജീവ് ഘായിയെ നേരിട്ട് വിളിച്ച് വെടിനിർത്തൽ ആവശ്യപ്പെടുകയായിരുന്നു,” ജയശങ്കർ വിശദീകരിച്ചു.

“ഇത് ഒരു സാമ്പത്തിക യുദ്ധമായിരുന്നു. കശ്മീരിലെ സമ്പദ്‌വ്യവസ്ഥയുടെ പ്രധാന നട്ടെല്ലായിരുന്നു ടൂറിസം. അതിനെ നശിപ്പിക്കുക എന്നതായിരുന്നു ഇതിന്റെ ലക്ഷ്യം. കൊല്ലപ്പെടുന്നതിന് മുൻപ് ആളുകളുടെ മതം തിരിച്ചറിയാൻ ഭീകരവാദികൾ ശ്രമിച്ചിരുന്നു. അതിനാൽ, ഈ ഭീകരാക്രമണം മതപരമായ അക്രമം സൃഷ്ടിക്കുക എന്ന ഉദ്ദേശ്യത്തോടെയായിരുന്നു.

ഭീകരർ ശിക്ഷിക്കപ്പെടാതെ പോകരുതെന്ന് ഞങ്ങൾ തീരുമാനിച്ചു. അവർ അതിർത്തിയുടെ മറുഭാഗത്താണെന്നത് തിരിച്ചടി നൽകുന്നതിന് തടസ്സമാകുമെന്ന് കരുതിയിരുന്നു. എന്നാൽ, ആ വെല്ലുവിളി നേരിടണമെന്ന് ഞങ്ങൾ തീരുമാനിച്ചു. അതാണ് ഞങ്ങൾ ചെയ്തു കാണിച്ചതും,” ജയശങ്കർ പറഞ്ഞു.

Pahalgam attack: ‘Economic war’ to destroy tourism in Kashmir – S. Jaishankar

Share Email
LATEST
More Articles
Top