ഗാസാ സിറ്റി: ഇസ്രയേൽ-ഹമാസ് യുദ്ധം 22 മാസം പിന്നിടുമ്പോഴും ഗാസയിൽ അന്നം കാത്തുനിൽക്കുന്നവരെ കൂട്ടക്കൊല ചെയ്യുന്നത് തുടരുന്നു. വിവിധയിടങ്ങളിലെ സഹായവിതരണകേന്ദ്രങ്ങളിൽ ഞായറാഴ്ചയുണ്ടായ ആക്രമണങ്ങളിൽ 85 പേർ മരിച്ചു. സികിം അതിർത്തിവഴി വടക്കൻ ഗാസയിലേക്ക് സഹായവുമായെത്തിയ യുഎന്നിന്റെ ട്രക്കുകൾക്കടുത്തേക്ക് ഓടിക്കൂടിയവർക്കുനേരെ ഇസ്രയേൽ സൈന്യം നടത്തിയ വെടിവെപ്പിലാണ് 85 പേർ മരിച്ചത്. 150-ലേറെപ്പേർക്ക് പരിക്കേറ്റു. ചിലരുടെ നില ഗുരുതരമാണ്.
ഇസ്രയേലിന്റെ അനുമതിയോടെ പ്രവർത്തിക്കുന്ന ഗാസ ഹ്യുമാനിറ്റേറിയൻ ഫണ്ടിന്റെ ഭക്ഷണവിതരണകേന്ദ്രങ്ങൾക്കടുത്ത് ഇസ്രയേൽ സൈന്യം പലതവണ വെടിവെപ്പ് നടത്തിയിരുന്നു. അതിൽ 800-ലേറെപ്പേർ മരിച്ചെന്നാണ് യുഎൻ കണക്ക്. അതിനിടെ, സഹായവിതരണം നേരാംവണ്ണം നടക്കാത്തതിനെത്തുടർന്ന് ഭക്ഷ്യക്ഷാമം രൂക്ഷമായ മുനമ്പിൽ ക്ഷീണവും തലകറക്കവുകൊണ്ട് അവശരായ രോഗികളാൽ ആശുപത്രികൾ നിറഞ്ഞിരിക്കുകയാണെന്നും നൂറുകണക്കിന് രോഗികൾ പട്ടിണികൊണ്ട് ഉടൻ മരിക്കുമെന്നും പലസ്തീൻ ആരോഗ്യമന്ത്രാലയം മുന്നറിയിപ്പുനൽകി.
പോഷകാഹാരക്കുറവിനാൽ 71 കുട്ടികൾ മരിച്ചെന്നും 60,000 പേർ പോഷകാഹാരക്കുറവ് നേരിടുന്നുണ്ടെന്നും മന്ത്രാലയം അറിയിച്ചു. ഹമാസിനെ ലക്ഷ്യമിട്ടുള്ള സൈനികനടപടി ശക്തിപ്പെടുത്തുന്നതിനുമുന്നോടിയായി മധ്യഗാസയിൽനിന്ന് ഒഴിഞ്ഞുപോകാൻ പലസ്തീൻകാരോട് ഇസ്രയേൽ സൈന്യം ഞായറാഴ്ച നിർദേശിച്ചു. മധ്യഗാസയിലെ മുഖ്യപട്ടണമായ ഡെയ്ർ അൽ ബലായാണ് പ്രധാനമായും ഒഴിപ്പിക്കുന്നത്. പലസ്തീൻകാരോട് കൂടുതൽ തെക്കൻ ഭാഗങ്ങളിലേക്ക് നീങ്ങണമെന്നാവശ്യപ്പെടുന്ന ലഘുലേഖകൾ ആകാശമാർഗം ഇസ്രയേൽ സൈന്യം പട്ടണത്തിലുടനീളം വിതറി. അതേസമയം, ഹമാസിന്റെ പക്കൽ അവശേഷിക്കുന്ന ബന്ദികളെ ഇവിടെയാണ് പാർപ്പിച്ചിട്ടുള്ളതെന്ന് കരുതുന്നതിനാൽ ഇസ്രയേൽ സൈന്യത്തിന്റെ പുതിയ നീക്കത്തിൽ ബന്ദികളുടെ കുടുംബാംഗങ്ങൾ ആശങ്ക പ്രകടിപ്പിച്ചു.
Palestinians seeking aid are killed in Gaza