വാഷിംഗ്ടൺ: അമേരിക്കയിൽ പറന്നുയർന്നതിനു പിന്നാലെ വിമാനത്തിന്റെ എൻജിനു തകരാർ. ഇതേ തുടർന്ന് വിമാനം അടിയന്തിരമായി തിരിച്ചിറക്കി. യാത്രക്കാർ സുരക്ഷിതരാണ്.
ഡാളസ് വിമാനത്താവളത്തിലാണ് സംഭവം. യുണൈറ്റഡ് എയർലൈൻസിന്റെ ബോയിംംഗ് 787-8 ഡ്രീംലൈനർ വിമാനമാണ് വൻ ദുരന്തത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്. ഈ മാസം 25-നായിരുന്നു സംഭവം.
ജർമ്മനിയിലെ മ്യൂണിക്കിലേക്ക് പോകാനായി ടേക്ക് ഓഫ് ചെയ്ത വിമാനം 5000 അടി ഉയരത്തിലെത്തിയതിന് പിന്നാലെ ഇടതുവശത്തെ എൻജിൻ പ്രവർത്തനരഹിതമാവുകയായിരുന്നു.
ഇതോടെ പൈലറ്റ് അപായസന്ദേശം എയർട്രാഫിക് കൺട്രോളിലേക്ക് അയച്ചു. തിരികെ വിമാനത്താവളത്തിൽ അടിയന്തര ലാൻഡിങ്ങിന് അവസരമൊരുക്കി. നിറയെ ഇന്ധനവുമായി പറന്നുയർന്ന വിമാനം തിരികെ ലാൻഡ് ചെയ്യുന്നതിന് മുമ്പ് ഇന്ധനം കളയുന്നതിനായി രണ്ടര മണിക്കൂറോളമാണ് വിമാനത്താവളത്തിന് ചുറ്റും വട്ടമിട്ട് പറന്നത്.
ഈ സമയത്ത് ഡള്ളസ് വിമാനത്താവളത്തിൽനിന്ന് മറ്റ് വിമാനങ്ങൾ ലാൻഡ് ചെയ്യുന്നതിനും പറന്നുയരുന്നതിനും നിയന്ത്രണമേർപ്പെടുത്തി. ഇന്ധനം കളഞ്ഞതിന് ശേഷം ആശങ്കകൾക്ക് വിരാമമിട്ട് വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്തു. യാത്രക്കാർക്ക് ആർക്കും അപകടമുണ്ടായില്ല.
ബോയിംംഗ് 787 ഡ്രീംലൈനർ വിഭാഗത്തിൽപ്പെട്ട വിമാനമാണ് അഹമ്മദാബാദ് വിമാനാപകടത്തിലും ഉൾപ്പെട്ടത്.
Plane’s engine fails after takeoff in US, lands safely