ഈറോഡ്: പെൺകുട്ടികളോട് സംസാരിച്ചതിനെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്നുണ്ടായ സംഘർഷത്തിൽ ഈറോഡിൽ പന്ത്രണ്ടാം ക്ലാസ് വിദ്യാർഥിയായ 17-കാരൻ കൊല്ലപ്പെട്ടു. ഈറോഡ് സർക്കാർ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥിയായ ആദിത്യയാണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ഇതേ സ്കൂളിലെ രണ്ട് വിദ്യാർഥികളെ ഈറോഡ് ടൗൺ പോലീസ് അറസ്റ്റ് ചെയ്തു.
ബയോളജി ഗ്രൂപ്പ് വിദ്യാർഥിയായ ആദിത്യയെ പന്ത്രണ്ടാം ക്ലാസിലെ മറ്റ് ഗ്രൂപ്പുകളിൽ പഠിക്കുന്ന രണ്ട് വിദ്യാർഥികൾ ചേർന്നാണ് മർദിച്ച് കൊലപ്പെടുത്തിയത്. കഴിഞ്ഞ ബുധനാഴ്ച വൈകുന്നേരം 5:15 ഓടെ സ്കൂൾ പരിസരത്ത് നിന്ന് ഏകദേശം 200 മീറ്റർ അകലെ വെച്ചായിരുന്നു സംഭവം. പെൺകുട്ടികളോട് സംസാരിച്ചതിനെ ചൊല്ലി ആദിത്യയും മറ്റ് വിദ്യാർഥികളും തമ്മിൽ വാക്കേറ്റമുണ്ടാവുകയും പിന്നീട് സംഘർഷത്തിലേക്ക് വഴിമാറുകയുമായിരുന്നു. പ്രതികളുടെ നേതൃത്വത്തിലുള്ള സംഘം ആദിത്യയെ ആക്രമിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
മർദനത്തിൽ അബോധാവസ്ഥയിലായ ആദിത്യയെ നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് പിതാവ് ഉടൻ തന്നെ ഈറോഡ് സർക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഒരാഴ്ച മുൻപ് മറ്റ് ഗ്രൂപ്പുകളിലുള്ള വിദ്യാർഥികളുമായി വഴക്കുണ്ടായതായി ആദിത്യ പിതാവിനെ അറിയിച്ചിരുന്നു. തങ്ങളുടെ ക്ലാസിലെ പെൺകുട്ടികളോട് സംസാരിക്കരുതെന്ന് പറഞ്ഞ് ആദിത്യയെ ഭീഷണിപ്പെടുത്തിയിരുന്നതായും പോലീസ് വൃത്തങ്ങൾ അറിയിച്ചു. സംഭവ ദിവസം പിതാവാണ് ആദിത്യയെ സ്കൂളിൽ കൊണ്ടുവിട്ടത്. എന്നാൽ ക്ലാസിൽ കയറാതെ ആദിത്യ രണ്ട് സുഹൃത്തുക്കൾക്കൊപ്പം പുറത്തുപോവുകയായിരുന്നു.
ആദിത്യയുടെ അച്ഛൻ ശിവയുടെ പരാതിയെ തുടർന്നാണ് പോലീസ് അന്വേഷണം ആരംഭിച്ചത്. ആദിത്യയുടെ സുഹൃത്തുക്കളിൽ നിന്നും മറ്റ് വിദ്യാർഥികളിൽ നിന്നുമുള്ള മൊഴികളുടെ അടിസ്ഥാനത്തിൽ കസ്റ്റഡിയിലെടുത്ത രണ്ട് വിദ്യാർഥികളുടെ അറസ്റ്റ് വ്യാഴാഴ്ച വൈകുന്നേരം രേഖപ്പെടുത്തി.
Plus Two student killed in clash after not liking talking to girls; two classmates arrested