എഡിൻബർഗ്: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ സ്കോട്ട്ലൻഡ് സന്ദർശനത്തോടനുബന്ധിച്ച് വൻ സുരക്ഷാ സന്നാഹങ്ങളാണ് ഒരുക്കിയിരിക്കുന്നത്. എലിസബത്ത് രാജ്ഞിയുടെ ശവസംസ്കാര ചടങ്ങുകൾക്ക് ഏർപ്പെടുത്തിയിരുന്നതിന് തുല്യമായ സുരക്ഷാ ക്രമീകരണങ്ങളാണ് ഇതിനായി തയ്യാറാക്കിയിട്ടുള്ളത്. ആറായിരത്തോളം ഉദ്യോഗസ്ഥരെയാണ് ഇതിനായി നിയോഗിച്ചിരിക്കുന്നത്. അടുത്ത വെള്ളിയാഴ്ച സ്കോട്ട്ലൻഡിൽ എത്തുന്ന ട്രംപ് ചൊവ്വാഴ്ച വരെ അവിടെ തുടരും. ട്രംപിന്റെ സുരക്ഷയ്ക്കായി മൂന്ന് മില്യൺ പൗണ്ടാണ് സർക്കാർ ചെലവഴിക്കുന്നത്.
സ്കോട്ട്ലൻഡിൽ ട്രംപിന് സ്വന്തമായി രണ്ട് ഗോൾഫ് കോഴ്സുകളുണ്ട്. ട്രംപ് ഈ സ്ഥലങ്ങൾ സന്ദർശിക്കുമെന്നാണ് കരുതപ്പെടുന്നത്. നിലവിലുള്ള ആറായിരം സൈനികരെ കൂടാതെ യു.കെയുടെ മറ്റ് ഭാഗങ്ങളിൽ നിന്ന് ആയിരം പേരെക്കൂടി സുരക്ഷയ്ക്കായി ഉൾപ്പെടുത്താൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്. ട്രംപ് താമസിക്കുന്ന ഹോട്ടലിനും ഗോൾഫ് കോഴ്സിനും ചുറ്റും പത്തടി ഉയരത്തിൽ ഒരു ഇരുമ്പ് വേലി സ്ഥാപിച്ചിരിക്കുകയാണ്. ഇതിന്റെ പരിസരത്തുള്ള റോഡുകൾ അടച്ചിട്ടുണ്ട്. നിരവധി ചെക്ക് പോസ്റ്റുകളും ഇവിടെ സ്ഥാപിച്ചിട്ടുണ്ട്.
പ്രസ്റ്റ്വിക്ക് വിമാനത്താവളത്തിൽ നിരവധി ചിനൂക്ക് ഹെലികോപ്റ്ററുകൾ കാണപ്പെട്ടിരുന്നു. അമേരിക്കയുടെ സൈനിക വിമാനങ്ങളും ഹെലികോപ്റ്ററുകളും ട്രംപിന്റെ സന്ദർശനത്തിന് മുന്നോടിയായി എത്തിയിട്ടുണ്ട്. ഇത്രയധികം പോലീസുകാരെ സുരക്ഷയ്ക്ക് നിയോഗിച്ചതിനാൽ സാധാരണക്കാർക്ക് തങ്ങളുടെ ആവശ്യങ്ങളുമായി പോലീസിനെ സമീപിക്കാൻ കഴിയുന്നില്ല എന്ന പരാതിയും ഉയരുന്നുണ്ട്. അതേസമയം, ട്രംപിന്റെ ഈ സന്ദർശനം തികച്ചും സ്വകാര്യമാണ്. എന്നാൽ ബ്രിട്ടീഷ് പ്രധാനമന്ത്രി കീർ സ്റ്റാമറുമായി ട്രംപ് ചർച്ച നടത്തുമെന്നാണ് കരുതുന്നത്.
ട്രംപ് നേരത്തേ സ്കോട്ട്ലൻഡിൽ സന്ദർശനം നടത്തിയ അവസരങ്ങളിലെല്ലാം ശക്തമായ പ്രതിഷേധ പ്രകടനങ്ങൾ നടന്നിരുന്നു. 2018-ൽ ട്രംപ് ഇവിടെ എത്തിയ സമയത്ത് ഒരു പാരാഗ്ലൈഡറിൽ പ്രതിഷേധക്കാർ ട്രംപിനെതിരെ ഒരു ബാനർ പറത്തിയിരുന്നു. അന്ന് ഈ പാരാഗ്ലൈഡർ എത്തുമ്പോൾ ഹോട്ടലിന്റെ മുൻവശത്ത് നിൽക്കുകയായിരുന്ന ട്രംപിനെ സുരക്ഷാ ജീവനക്കാർ പെട്ടെന്ന് തന്നെ അകത്തേക്ക് മാറ്റുകയായിരുന്നു. ബ്രിട്ടനിലെ എല്ലാ തെരുവുകളിലും തങ്ങൾ ട്രംപിനും അദ്ദേഹത്തിന്റെ വിദ്വേഷ രാഷ്ട്രീയത്തിനും എതിരെ പ്രതിഷേധിക്കുമെന്ന് ‘സ്റ്റോപ്പ് ട്രംപ് കോളിഷൻ’ എന്ന പ്രസ്ഥാനം വ്യക്തമാക്കിയിട്ടുണ്ട്.
2022-ൽ എലിസബത്ത് രാജ്ഞിയുടെ ശവസംസ്കാര ചടങ്ങുകൾക്ക് ശേഷം സ്കോട്ടിഷ് പോലീസിന്റെ ഏറ്റവും വലിയ ഓപ്പറേഷനായിരിക്കും ഇതെന്ന് സ്കോട്ട്ലൻഡ് പോലീസ് വ്യക്തമാക്കിയിരുന്നു. അയർഷയർ, അബെർഡീൻ, ഗ്ലാസ്ഗോ, എഡിൻബർഗ് എന്നിവിടങ്ങളിൽ പ്രതിഷേധങ്ങൾ ഉണ്ടാകുമെന്ന അനുമാനത്തിലാണ് പോലീസ്. എന്നാൽ സമാധാനപരമായി പ്രതിഷേധിക്കാൻ എല്ലാവർക്കും അവകാശമുണ്ടെന്നും പോലീസ് വ്യക്തമാക്കി. സന്ദർശനത്തിന്റെ കൃത്യമായ ഷെഡ്യൂൾ ഇപ്പോഴും ലഭിച്ചിട്ടില്ല എന്നും അവർ വെളിപ്പെടുത്തി. ട്രംപിന്റെ സന്ദർശനവുമായി ബന്ധപ്പെട്ട് പോലീസുകാർക്ക് അവധി നൽകുന്നതല്ല എന്നകാര്യം സർക്കാർ നേരത്തേ അറിയിച്ചിരുന്നു.
President Trump Visits Scotland: Largest Security Operation Since Queen Elizabeth’s Funeral