മോസ്കോ: യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഫോൺ കോൾ അറ്റൻഡ് ചെയ്യാൻ, പങ്കെടുത്തുകൊണ്ടിരുന്ന പരിപാടി വിട്ട് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ. ട്രംപും പുട്ടിനും തമ്മിൽ വ്യാഴാഴ്ച ഫോണിൽ സംസാരിക്കാൻ തീരുമാനിച്ചിരുന്നു. സ്ട്രാറ്റജിക് ഇനിഷ്യേറ്റീവ്സ് ഏജൻസി നടത്തിയ പരിപാടിയിൽ പങ്കെടുത്തുകൊണ്ടിരിക്കെയാണ് പുട്ടിന് ട്രംപിന്റെ ഫോൺ കോൾ വന്നത്. സംഘാടകരോടും പരിപാടിയിൽ പങ്കെടുത്തുകൊണ്ടിരുന്നവരോടും ക്ഷമ പറഞ്ഞ പുട്ടിൻ, താൻ ട്രംപുമായി ഫോണിൽ സംസാരിക്കാൻ പോകുകയാണെന്ന് പറഞ്ഞു. ‘ദയവായി ദേഷ്യം തോന്നരുത്. നമ്മൾക്ക് വീണ്ടും സംസാരിക്കാമെന്ന് ഞാൻ മനസിലാക്കുന്നു. എന്നാൽ ട്രംപിനെ കാത്തുനിർത്തുന്നത് ശരിയല്ല. ട്രംപിന് നീരസം തോന്നിയേക്കാം’ – പുട്ടിൻ പറഞ്ഞു.
വ്യോമ പ്രതിരോധ മിസൈലുകളടക്കം യുക്രെയ്ന് നൽകുന്ന ആയുധസഹായം യുഎസ് വെട്ടിക്കുറച്ചതിനു പിന്നാലെയായിരുന്നു ട്രംപും പുട്ടിനും തമ്മിലുള്ള ഫോൺ സംഭാഷണം. താനുമായി സംസാരിക്കാൻ ലോക നേതാക്കളെ കാത്തിരുത്തുന്നതിൽ പേരുകേട്ടയാളാണ് പുട്ടിൻ. മാർച്ച് 18ന് റഷ്യയിലെ ബിസിനസുകാരുമായി കൂടിക്കാഴ്ച നടത്തുകയായിരുന്ന പുട്ടിൻ, ഒരു മണിക്കൂറോളം വൈകിയാണ് ട്രംപിന്റെ കോൾ അറ്റൻഡ് ചെയ്യാൻ എത്തിയത്. യുക്രെയിൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കിയുമായും ട്രംപ് ഫോണിൽ സംസാരിക്കുമെന്ന് റിപ്പോർട്ടുകളുണ്ട്.
Putin leaves event to answer Trump’s phone call