ന്യൂഡൽഹി : അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ച 26 ശതമാനം തിരിച്ചടി തീരുവ പ്രാബല്യത്തിൽ വരാൻ ദിവസങ്ങൾ മാത്രം ബാക്കി നില്കെ ഈ വിഷയത്തിൽ ഇന്ത്യ അമേരിക്കയ്ക്ക് കീഴടങ്ങുകയാണെന്ന രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. പ്രധാന മന്ത്രി നരേന്ദ്ര മോദിയെ രൂക്ഷമായ ഭാഷയിലാണ് രാഹുൽ വിമർശിച്ചത്.
മോദി ട്രംപിന്റെ നികുതിക്കു മുന്നിൽ കീഴടങ്ങുമെന്നും താൻ പറഞ്ഞ ഈ വാക്കുകൾ ഓർത്തിരുന്നോളു എന്നും രാഹുൽ കൂട്ടിച്ചേർത്തു.
ട്രംപ് ഏപ്രിൽ രണ്ടിന് പ്രഖ്യാപിച്ച അധിക നികുതിയിൽ 26 ശതമാനം ആണ് ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് ഏർപ്പെടുത്തിയത്, ഇന്ത്യയെ “ടാരിഫ് കിംഗ്” എന്നായിരുന്നു അന്ന് പരാമർശിച്ചത്. പിന്നീട് ഈ നികുതി ഈടാക്കൽ ആരംഭിക്കൽ 90 ദിവസത്തേക്ക് താൽക്കാലികമായി നീട്ടി. ഇത് ഈ മാസം ഒൻപതിന് അവസാനിക്കും. അതിനുമുമ്പായി ഇരുരാഷ്ട്രങ്ങളും ഇടക്കാല കരാറിൽ ഒപ്പുവെയ്ക്കാൻ ശ്രമിക്കുകയാണ്, തർക്കവിഷയങ്ങളായ കാർഷിക മേഖല, ഡയറി മേഖല എന്നിവയെ തട്ടി തീരുമാനം വൈകുകയാണ്.
ഇരു രാജ്യങ്ങളും തമ്മിൽ വ്യാപാര കരാർ ചർച്ച ചെയ്യാൻ ഇന്ത്യൻ സംഘം നിലവിൽ വാഷിംഗ്ടണിലുണ്ട്. ഇന്ത്യൻ സംഘത്തിലെ പ്രത്യേക സെക്രട്ടറി രാജേഷ് അഗർവാൾ ആണ് നേതൃത്വം നല്കുന്നത്.
നമ്മുടെ കർഷകരുടെയും ഡയറി മേഖലയുടെയും താത്പര്യങ്ങൾ സംരക്ഷിക്കപ്പെട്ടുള്ള കരാറാവും ഉണ്ടാവുകയെന്നു കേന്ദ്രമന്ത്രി പിയൂഷ് ഗോയൽ ട്വീറ്റ് ചെയ്തു.
Rahul Gandhi’s forecast on trade deal: Modi will bow to Trump tariff deadline