ട്രംപ് സത്യം പറഞ്ഞതിനെ പിന്തുണക്കുന്നു, ‘ഡെഡ് ഇക്കോണമി’ പ്രയോഗത്തിന് രാഹുൽ ഗാന്ധിയുടെ പിന്തുണ; മോദി സർക്കാരിനെതിരെ രൂക്ഷ വിമർശനം

ട്രംപ് സത്യം പറഞ്ഞതിനെ പിന്തുണക്കുന്നു, ‘ഡെഡ് ഇക്കോണമി’ പ്രയോഗത്തിന് രാഹുൽ ഗാന്ധിയുടെ പിന്തുണ; മോദി സർക്കാരിനെതിരെ രൂക്ഷ വിമർശനം

ഡൽഹി: യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ‘ഡെഡ് ഇക്കോണമി’ (മൃതമായ സമ്പദ്‌വ്യവസ്ഥ) എന്ന പ്രയോഗത്തിന് പിന്തുണയുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി രംഗത്തെത്തി. മോദി സർക്കാർ രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെ നശിപ്പിച്ചുവെന്നും, ഈ അവസ്ഥയ്ക്ക് കാരണം മോദി സർക്കാരാണെന്നും രാഹുൽ ഗാന്ധി മാധ്യമങ്ങളോട് പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ധനകാര്യമന്ത്രിക്കും ഒഴികെ രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയുടെ തകർച്ചയെക്കുറിച്ച് മറ്റ് എല്ലാവർക്കും അറിയാമെന്നും, ട്രംപ് സത്യം പറഞ്ഞതിനെ താൻ പിന്തുണയ്ക്കുന്നുവെന്നും രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു. രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെയും പ്രതിരോധ മേഖലയേയും വിദേശനയത്തെയും ഈ സർക്കാർ നശിപ്പിച്ചു. ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ നിശ്ചലമാണെന്ന് ലോകത്തിന് മുഴുവൻ അറിയാം. അദാനിയെ സഹായിക്കാൻ ബിജെപി ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥയെ നശിപ്പിച്ചുവെന്നും, പ്രധാനമന്ത്രി മോദി അദാനിക്ക് വേണ്ടി മാത്രമാണ് പ്രവർത്തിക്കുന്നതെന്നും രാഹുൽ ഗാന്ധി വിമർശിച്ചു.

ഇന്ത്യയും യുഎസും തമ്മിലുള്ള വ്യാപാര കരാർ നടപ്പാകുമെന്നും അദ്ദേഹം പറഞ്ഞു. ട്രംപിന്റെ ‘ഓപ്പറേഷൻ സിന്ദൂറിൽ വെടിനിർത്തലിന് ഇടപെട്ടു’ എന്ന പ്രസ്താവനയോട് കേന്ദ്രസർക്കാർ മൗനം പാലിക്കുന്നതിനെയും രാഹുൽ വിമർശിച്ചു. ട്രംപ് ഇക്കാര്യം പലതവണ അവകാശപ്പെട്ടുവെന്നും, അഞ്ച് ഇന്ത്യൻ യുദ്ധവിമാനങ്ങൾ പാകിസ്താൻ വെടിവെച്ചിട്ടെന്നും പറഞ്ഞിരുന്നു. ഇപ്പോൾ ഇന്ത്യയ്ക്ക് 25 ശതമാനം നികുതി ചുമത്തുമെന്നാണ് ട്രംപ് പ്രഖ്യാപിച്ചിരിക്കുന്നത്. എന്തുകൊണ്ടാണ് പ്രധാനമന്ത്രി മറുപടി നൽകാത്തതെന്നും, എന്താണ് കാരണമെന്നും, ആരാണ് മോദിയെ നിയന്ത്രിക്കുന്നതെന്നും രാഹുൽ ഗാന്ധി ചോദ്യങ്ങൾ ഉന്നയിച്ചു.

Share Email
LATEST
Top