റജിസ്ട്രാറുടെ സസ്‌പെന്‍ഷൻ: രാജ്ഭവനിലേക്ക് മാർച്ച് നടത്തി എസ്എഫ്ഐ, സംഘർഷം, പൊലീസ് ജലപീരങ്കി പ്രയോഗിച്ചു

റജിസ്ട്രാറുടെ സസ്‌പെന്‍ഷൻ: രാജ്ഭവനിലേക്ക് മാർച്ച് നടത്തി എസ്എഫ്ഐ, സംഘർഷം, പൊലീസ് ജലപീരങ്കി പ്രയോഗിച്ചു

കേരള സർവകലാശാലാ രജിസ്ട്രാർക്ക് നേരെയുണ്ടായ സസ്‌പെൻഷൻ നടപടിയിൽ പ്രതിഷേധിച്ച് എസ്‌എഫ്‌ഐ രാജ്ഭവന് മുൻപാകെ ശക്തമായ മാർച്ചിനാണ് നേതൃത്വം നൽകിയത്.ബാരിക്കേഡുകള്‍ മറികക്കാന്‍ ശ്രമിച്ചതോടെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. പോലീസുമായി പ്രവര്‍ത്തകര്‍ സംഘർഷവും വാക്കേറ്റവുമുണ്ടായി. എസ്എഫ്ഐ മാർച്ചിന് പിന്നാലെ ഡിവൈഎഫ്ഐയും മാർച്ച് നടത്തി. ഈ മാർച്ചിലും സംഘർഷമുണ്ടായി. പോലീസ് ജലപീരങ്കി പ്രയോഗിച്ചു. നൂറോളം പ്രവർത്തകർ മാർച്ചിൽ പങ്കെടുത്തു.

സെനറ്റ് ഹാളിലെ ഭാരതാംബ ചിത്രവിവാദത്തിലാണ് കേരള സര്‍വകലാശാല രജിസ്ട്രാറെ സസ്പെന്‍ഡ് ചെയ്തത്. ഭാരതാംബ വിവാദത്തെ തുടര്‍ന്ന് സെനറ്റ് ഹാളില്‍ നടത്താനിരുന്ന പരിപാടി റദ്ദാക്കിയതിനാണ് നടപടി. രജിസ്ട്രാര്‍ കെ.എസ്. അനില്‍കുമാറിനെ വിസി ഡോ:മോഹനന്‍ കുന്നുമ്മേല്‍ ആണ് സസ്പെന്‍ഡ് ചെയ്തത്.

ഗവര്‍ണര്‍ വിളച്ചിലെടുക്കരുതെന്ന് എസ്എഫ്‌ഐ നേതാക്കള്‍ പറഞ്ഞു. എസ്എഫ്‌ഐ ശക്തി അറിയാന്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ വിളിച്ചാല്‍ മതിയെന്നും നേതാക്കള്‍ പറഞ്ഞു. ആര്‍എസ്എസിന്റെ ഇംഗിതങ്ങള്‍ക്ക് വഴങ്ങാത്തവര്‍ക്കെതിരെ നടപടി എടുത്ത് പുറത്താക്കുന്ന രീതി തെറ്റാണ്. അത് തിരുത്തിയില്ലെങ്കില്‍ വലിയ പ്രതിഷേധങ്ങള്‍ കാണേണ്ടി വരുമെന്നും ഇത് സൂചനാ പ്രതിഷേധമാണെന്നും എസ്എഫ്‌ഐ നേതാക്കള്‍ പറഞ്ഞു.

രജിസ്ട്രാറെ സസ്പെന്‍ഡ് ചെയ്ത വൈസ് ചാന്‍സിലറുടെ നടപടിക്കെതിരേ ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍. ബിന്ദുവും രംഗത്തെത്തിയിട്ടുണ്ട്. വൈസ് ചാന്‍സിലര്‍ അധികാരദുര്‍വിനിയോഗമാണ് നടത്തിയതെന്ന് മന്ത്രി പറഞ്ഞു. ആര്‍എസ്എസ് കൂറ് തെളിയിച്ചതിന്റെ ഭാഗമായിട്ട് കേരള സര്‍വകലാശാല വിസി ആ സ്ഥാനത്തെത്തിയതെന്നും വിദ്യാഭ്യാസമേഖലയെ കലുഷിതമാക്കാനാണ് തീരുമാനിച്ചിട്ടുള്ളതെങ്കില്‍ അത് ആ നിലയില്‍ കൈകാര്യം ചെയ്യുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

കേരളത്തിലെ സ്വതന്ത്ര പരമാധികാര സംവിധാനവും ഉന്നത വിദ്യാഭ്യാസ കേന്ദ്രവുമായ സർവകലാശാലകളെ സംഘപരിവാറിന്റെ ആലയിൽ കെട്ടാൻ വേണ്ടി ചാൻസിലർ പദവിയിലിരിക്കുന്ന ഗവർണർ ശ്രമിക്കുകയാണെന്ന് ഡിവൈഎഫ്ഐ ആരോപിച്ചു. കേവലം ആർ എസ് എസ് ഏജൻ്റായി ഗവർണർ അധപതിച്ചു. അതിൻറെ ഒടുവിലത്തെ ഉദാഹരണമാണ് മതേതരത്വത്തിന് വേണ്ടി നിലപാടെടുത്ത രജിസ്ട്രാറെ സസ്പെൻഡ് ചെയ്യാനുള്ള തീരുമാനം. ഇങ്ങനെ ഉന്നത വിദ്യാഭ്യാസ മേഖലയിൽ സംഘവത്കരണം നടത്താമെന്ന ചാൻസിലറുടെ വ്യാമോഹം കേരളത്തിൽ വിലപോവില്ല.ഇത്തരം സ്ഥാപനങ്ങളെ തകർക്കുന്ന ചാൻസിലറുടെ നടപടിക്കെതിരെ ശക്തമായ പ്രതിഷേധം രേഖപ്പെടുക്കുന്നു. ഇതിനെതിരെ ജനാധിപത്യ സമൂഹം ഒറ്റക്കെട്ടായി പ്രതിരോധം തീർക്കണമെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവിച്ചു.

Registrar’s Suspension: SFI Stages March to Raj Bhavan, Clashes Erupt, Police Deploy Water Cannons

Share Email
Top