വാഷിംഗ്ടണ്‍ ഡി.സി: അമേരിക്കന്‍ വിസ അഭിമുഖ ഇളവുകള്‍ക്ക് സെപ്റ്റംബര്‍ മുതല്‍ നിയന്ത്രണം വരുന്നു. ഈ വര്‍ഷം സെപ്റ്റംബര്‍ രണ്ടു മുതല്‍ പ്രാബല്യത്തില്‍ വരുന്ന രീതിയില്‍ യു.എസ്. സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് (DOS) വിസ അഭിമുഖ ഇളവ് നയങ്ങളില്‍ മാറ്റങ്ങള്‍ പ്രഖ്യാപിച്ചു. ഇതനുസരിച്ച് മിക്ക വിസ അപേക്ഷകര്‍ക്കും ഇനി അഭിമുഖ ഇളവ് ലഭ്യമല്ല.
പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പ്രകാരം E-1, E-2, F-1, H-1B, J-1, L-1, O-1 തുടങ്ങിയ മിക്ക വിസ വിഭാഗങ്ങള്‍ക്കും നേരിട്ടുള്ള അഭിമുഖം നിര്‍ബന്ധമാക്കും. വിസ പുതുക്കുന്നവര്‍ക്കും ആവര്‍ത്തിച്ചുള്ള അപേക്ഷകര്‍ക്കും പോലും അഭിമുഖ ഇളവ് ലഭിക്കില്ല. കൂടാതെ, 14 വയസ്സില്‍ താഴെയുള്ളവരും 79 വയസ്സില്‍ കൂടുതല്‍ പ്രായമുള്ളവരും ഇനി നേരിട്ടുള്ള അഭിമുഖത്തിന് ഹാജരാകേണ്ടി വരും.
ഇളവുകള്‍ ലഭിക്കുന്ന വിസകള്‍:
പൂര്‍ണ്ണ സാധുതയുള്ള B-1, B-2, B1/B2 വിസ അല്ലെങ്കില്‍ ബോര്‍ഡര്‍ ക്രോസിംഗ് കാര്‍ഡ്/ഫോയില്‍ പുതുക്കുന്ന ചില അപേക്ഷകര്‍ക്ക് മാത്രമാണ് ഇനി അഭിമുഖ ഇളവുകള്‍ക്ക് അര്‍ഹതയുള്ളത്. ഇതിന് മുന്‍ വിസയുടെ കാലാവധി കഴിഞ്ഞ് 12 മാസത്തിനുള്ളില്‍ അപേക്ഷിക്കുകയും, മുന്‍ വിസ ലഭിക്കുമ്പോള്‍ കുറഞ്ഞത് 18 വയസ്സ് പ്രായം ഉണ്ടായിരിക്കുകയും, സ്വന്തം രാജ്യത്ത് നിന്ന് അപേക്ഷിക്കുകയും, വിസ നിരസിക്കപ്പെടാതിരിക്കുകയും വേണം.
A-1, A-2, C-3, G-1, G-2, G-3, G-4, NATO-1 മുതല്‍ NATO-6, അല്ലെങ്കില്‍ TECRO E-1 എന്നീ നയതന്ത്ര അല്ലെങ്കില്‍ ഔദ്യോഗിക വിസകള്‍ക്ക് അഭിമുഖ ഇളവ് തുടരും.
പുതിയ മാറ്റങ്ങള്‍ കാരണം വിസ അപ്പോയിന്റ്മെന്റുകള്‍ക്കും പ്രോസസ്സിംഗിനും കാലതാമസം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നും, അപേക്ഷകര്‍ അതത് എംബസി, കോണ്‍സുലേറ്റ് വെബ്‌സൈറ്റുകള്‍ സന്ദര്‍ശിച്ച് കൂടുതല്‍ വിവരങ്ങള്‍ മനസ്സിലാക്കണമെന്നും അധികൃതര്‍ അറിയിച്ചു.
Restrictions on US visa interview exemptions from September