ധർമസ്ഥല ക്ഷേത്രത്തിലെ മുൻ ശുചീകരണ തൊഴിലാളിയുടെ വെളിപ്പെടുത്തലിനെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ മനുഷ്യന്റെ അസ്ഥിയുടെ ഭാഗങ്ങൾ കണ്ടെത്തിയതായി പൊലീസ് അറിയിച്ചു. നേത്രാവതി നദിയോടടുത്തുള്ള ആറാമത്തെ പോയിന്റിലാണ് പുതിയ കണ്ടെത്തൽ നടന്നത്. കണ്ടെത്തിയ അസ്ഥികൾ പുരുഷന്റെതായേക്കാമെന്നാണ് പൊലീസിന്റെ പ്രാഥമിക സംശയം.
കഴിഞ്ഞ ദിവസങ്ങളിൽ ഈ മുൻ ശുചീകരണ തൊഴിലാളി ചൂണ്ടിക്കാണിച്ച അഞ്ച് സ്ഥലങ്ങളിൽ പൊലീസ് അന്വേഷണം നടത്തിയിരുന്നെങ്കിലും അവിടെ നിന്നൊന്നും കണ്ടെത്താനായിരുന്നില്ല. എന്നാൽ ഏറ്റവും ഒടുവിലായി ഇയാൾ ചൂണ്ടിക്കാട്ടിയ സ്ഥലത്ത് ഈ കണ്ടെത്തൽ വലിയ പ്രാധാന്യമാർന്നതായി പൊലീസ് പറയുന്നു.
നൂറോളം പെൺകുട്ടികളുടെയും യുവതികളുടെയും മൃതദേഹങ്ങൾ താനാണ് കത്തിച്ചതെന്നും കുഴിച്ചുമൂടിയതെന്നും അയാൾ കോടതിയെ സമീപിച്ച് വെളിപ്പെടുത്തിയതോടെയാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. 1998 മുതൽ 2014 വരെയുള്ള കാലഘട്ടത്തിൽ സ്കൂൾ വിദ്യാർത്ഥിനികൾ ഉൾപ്പെടെ നിരവധി പെൺകുട്ടികൾ ബലാത്സംഗത്തിനിരയായി കൊലചെയ്യപ്പെട്ടെന്നും അവരുടെ മൃതദേഹങ്ങൾ രഹസ്യമായി സംസ്‌കരിക്കാനായിരുന്നു തന്റെ ജോലി എന്നും ഇയാൾ പൊലീസിനോട് പറഞ്ഞു.
ധർമസ്ഥല ക്ഷേത്ര ഭരണസമിതിയ്ക്ക് കീഴിലായിരുന്നു ഇയാൾ ശുചീകരണ തൊഴിലാളിയായി ജോലി ചെയ്തിരുന്നത്. മൃതദേഹങ്ങൾ കത്തിക്കാൻ, കുഴിച്ചുമൂടാൻ താൻ നിർബന്ധിതനായതായും, ഇത് ചെയ്തത് തന്റെ സൂപ്പർവൈസറുടെ നിർദേശപ്രകാരമാണെന്നും അദ്ദേഹം പറഞ്ഞു. വെളിപ്പെടുത്തലിനു പിന്നാലെ തനിക്കും കുടുംബത്തിനും സുരക്ഷ ഉറപ്പാക്കണമെന്ന് ഇയാൾ ആവശ്യപ്പെട്ടു.
നേത്രാവതി നദിക്കരയിലും സമീപ വനംപ്രദേശങ്ങളിലും റോഡരികിലുമായി 13 ഇടങ്ങളാണ് പൊലീസ് അന്വേഷണം തുടരുന്നത്. കുറ്റകൃത്യങ്ങൾ മറയ്ക്കാനായി സാമൂഹ്യമായി അംഗീകരിക്കപ്പെട്ട ആരാധനാലയങ്ങൾ ഉപയോഗിച്ചിട്ടുണ്ടോ എന്നതും അന്വേഷിക്കുന്നതായി ഉദ്യോഗസ്ഥർ വ്യക്തമാക്കി.
സംഭവം ശക്തമായ സാമൂഹിക രാഷ്ട്രീയപ്രതികരണങ്ങൾക്കും അന്വേഷണ ആവശ്യങ്ങൾക്കും വഴിതുറക്കുകയാണ് ഇപ്പോൾ .
Revelation by Former Dharmasthala Employee; Human Bone Fragments Recovered