മോസ്കോ: പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ പുറത്താക്കിയതിനെ തുടർന്ന് റഷ്യയുടെ ഗതാഗത മന്ത്രിയായിരുന്ന റോമൻ സ്റ്റാരോവോട്ട് ആത്മഹത്യ ചെയ്തതായി റിപ്പോർട്ട്. മന്ത്രിസ്ഥാനം രാജിവെച്ചതിന് ശേഷം മോസ്കോയിലെ പ്രാന്തപ്രദേശത്ത് സ്റ്റാരോവോട്ട് സ്വയം വെടിവച്ചു മരിച്ചതായി റഷ്യൻ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. മൃതദേഹം കാറിൽ നിന്നാണ് കണ്ടെത്തിയത്. 2024 മെയിലാണ് ഇദ്ദേഹം മന്ത്രിയാകുന്നത്. എന്നാൽ ഇദ്ദേഹത്തെ പുറത്താക്കി, ഡെപ്യൂട്ടി ആൻഡ്രി നികിറ്റിനെ രാജ്യത്തിന്റെ ആക്ടിംഗ് ഗതാഗത മന്ത്രിയായി നിയമിച്ചുകൊണ്ട് ഉത്തരവിൽ പുടിൻ ഒപ്പുവച്ചു.
മുൻ മന്ത്രിയുടെ മരണത്തിന് പിന്നിലെ അന്വേഷണം നടന്നുവരികയാണെന്ന് അന്വേഷണ സമിതി വക്താവ് സ്വെറ്റ്‌ലാന പെട്രെങ്കോ പറഞ്ഞു. ഗതാഗത മന്ത്രിയായി നിയമിക്കപ്പെടുന്നതിന് മുമ്പ് സ്റ്റാരോവോട്ട് റഷ്യയിലെ കുർസ്ക് ഒബ്ലാസ്റ്റിന്റെ ഗവർണറായിരുന്നു. അഴിമതി ആരോപണത്തെ തുടർന്നാണ് ഇദ്ദേഹത്തെ പുറത്താക്കിയത്. ആയുധ നിർമാണത്തിൽ 12 മില്യൺ ഡോളർ അഴിമതിയിൽ സ്റ്റാരോവോയിറ്റിന്റെ ഡെപ്യൂട്ടി ആയി മുമ്പ് സേവനമനുഷ്ഠിച്ചിരുന്ന മുൻ കുർസ്ക് ഒബ്ലാസ്റ്റ് ഉദ്യോഗസ്ഥനായ അലക്സി സ്മിർനോവിനെ അറസ്റ്റ് ചെയ്തിരുന്നു. ഇയാൾ മന്ത്രിയുടെ പേര് വെളിപ്പെടുത്തിയതിനെ തുടർന്നാണ് പുറത്താക്കിയത്. സ്റ്റാരോവോയിറ്റിന്റെ മുൻ ഡെപ്യൂട്ടികളിൽ പലരും സംശയത്തിന്റെ നിഴലിൽ തുടരുകയാണ്.
Russian Transport Minister Commits Suicide After Being Fired by Putin