കൊച്ചി: യു.ഡി.എഫിനെ തകര്‍പ്പന്‍ ഭൂരിപക്ഷത്തില്‍ അധികാരത്തില്‍ തിരിച്ചെത്തിക്കാന്‍ സാധിച്ചില്ലെങ്കില്‍ താൻ രാഷ്ട്രീയ വനവാസത്തിനു പോകുമെന്നു പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. അങ്കമാലിയിൽ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു സതീശൻ.
വെള്ളാപ്പളളി നടേശൻ കഴിഞ്ഞ ദിവസം നടത്തിയ പരാമർശത്തോട് പ്രതികരിക്കുകയായിരുന്നു സതീശൻ.വെള്ളാപ്പള്ളിയുമായി മത്സരിക്കാനോ തര്‍ക്കത്തിനോ പോകുന്നില്ല. എന്നാല്‍ ഇതിനിടയ്ക്ക് അദ്ദേഹം ഒരു സത്യം തുറന്നു പറഞ്ഞു; 98 സീറ്റ് യു.ഡി.എഫിന് കിട്ടിയാല്‍ അദ്ദേഹം രാജിവയ്ക്കുമെന്ന്.
അപ്പോള്‍ 97 സീറ്റുകള്‍ വരെ അദ്ദേഹത്തിന് യാതൊരു സംശയവുമില്ല. സംസ്ഥാനത്തെ രാഷ്ട്രീയം സൂഷ്മമായി നിരീക്ഷിക്കുന്ന അദ്ദേഹത്തെ പോലെ പരിണിത പ്രജ്ഞനായ ഒരു സമുദായ നേതാവ് യു.ഡി.എഫിന് 97 സീറ്റുകള്‍ വരെ ലഭിക്കുമെന്ന് സമ്മതിച്ചിട്ടുണ്ട്. ബാക്കി നാലഞ്ച് സീറ്റ് കൂടി കിട്ടിയാല്‍ നൂറു കവിയും.
ഞങ്ങള്‍ കഠിനാദ്ധ്വാനം ചെയ്ത് അത് നൂറില്‍ അധികം സീറ്റുകളാക്കും. പക്ഷെ അദ്ദേഹവുമായി ഒരു വെല്ലുവിളിക്കുമില്ല. യു.ഡി.എഫിനെ നല്ല ഭൂരിപക്ഷത്തോടെ അധികാരത്തില്‍ തിരിച്ചു കൊണ്ടു വരാന്‍ കഴിഞ്ഞില്ലെങ്കില്‍ ഞാന്‍ രാഷ്ട്രീയ വനവാസത്തിന് പോകുമോയെന്നാണ് അദ്ദേഹം ചോദിക്കുന്നത്. യു.ഡി.എഫിനെ നല്ല ഭൂരിപക്ഷത്തില്‍ അധികാരത്തില്‍ തിരിച്ച് കൊണ്ടു വരാന്‍ സാധിച്ചില്ലെങ്കില്‍ ഞാന്‍ രാഷ്ട്രീയ വനവാസത്തിന് പോകും. പിന്നെ നിങ്ങള്‍ എന്നെ കാണില്ല.
യു.ഡി.എഫ് നൂറിലധികം സീറ്റില്‍ വിജയിച്ചാലും വെള്ളാപ്പള്ളി സ്ഥാനം രാജിവയ്ക്കരുത്. അദ്ദേഹം ആ ജീവനാന്തം ആ സ്ഥാനത്ത് തുടരണം. പക്ഷെ അദ്ദേഹം പറഞ്ഞ കാര്യം ഞാന്‍ ചെയ്യുമെന്നും സതീശൻ കൂട്ടിച്ചേർത്തു.
Satheesan says he will go into political exile if UDF cannot be returned to power with a landslide majority