കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് ഗോവിന്ദച്ചാമിയുടെ ജയിൽ ചാട്ടത്തിൽ ഗൂഢാലോചനയില്ലെന്നും, ആരുടെയും സഹായം ലഭിച്ചില്ലെന്നുമാണ് ജയിൽ വകുപ്പ് ഉത്തരമേഖല ഡിഐജി വി. ജയകുമാറിന്റെ അന്വേഷണ റിപ്പോർട്ട് വ്യക്തമാക്കുന്നത്. അതിസുരക്ഷയുള്ള പത്താം ബ്ലോക്കിലെ സെല്ലിൽ നിന്ന് രക്ഷപ്പെടുമ്പോൾ സഹതടവുകാരുടെയോ ജീവനക്കാരുടെയോ പങ്കില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.
ജയിൽ മേധാവി ബൽറാം കുമാർ ഉപാധ്യായക്ക് സമർപ്പിച്ച റിപ്പോർട്ടിൽ, സംഭവം കൂടുതൽ അന്വേഷണം ആവശ്യപ്പെടുന്നതായി വ്യക്തമാക്കിയിട്ടുണ്ട്. ആഭ്യന്തര വകുപ്പിന് റിപ്പോർട്ട് കൈമാറിയതോടെയാണ് തുടർ നടപടികൾ പ്രഖ്യാപിക്കുക.
രക്ഷപ്പെടൽ സംഭവത്തിൽ ജയിൽവകുപ്പിന്റെ ഭാഗത്ത് നിന്ന് സുരക്ഷാ വീഴ്ച ഉണ്ടായതായി റിപ്പോർട്ട് അംഗീകരിച്ചെങ്കിലും, ഉദ്യോഗസ്ഥർക്കെതിരെ ശക്തമായ വിമർശനം ഉന്നയിക്കാനില്ല. ജീവനക്കാരുടെ കുറവും താങ്ങാവുന്നതിനേക്കാൾ ഏറെ തടവുകാർ കഴിയുന്നതും പ്രശ്നങ്ങളായി റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
948 തടവുകാർക്ക് കഴിയാനുള്ള സൗകര്യമുള്ള കണ്ണൂർ സെൻട്രൽ ജയിലിൽ നിലവിൽ 1119 തടവുകാർ കഴിയുന്നുണ്ടെന്ന് കണക്ക്. ഇവരിൽ 873 പേർ കോടതി ശിക്ഷ വിധിച്ചവരാണ് . 62 പേർ വിചാരണ തടവുകാരും, 94 പേർ റിമാൻഡ് തടവുകാരും, 87 പേർ ഗുണ്ടാ ആക്ട് പ്രകാരമുള്ളവരുമാണ്. സാമ്പത്തിക തട്ടിപ്പുകേസ് ബന്ധപ്പെട്ട് മൂന്ന് പേരും ജയിലിലുണ്ട്.
അതിസുരക്ഷയുള്ള ബ്ലോക്കിൽ ഇരട്ടിയോളം തടവുകാർ കഴിയുന്ന സാഹചര്യവും, ജീവനക്കാർ നേരിടുന്ന മൗലികസൗകര്യങ്ങളിലെ കുറവുകളും അന്വേഷണ റിപ്പോർട്ട് തെളിയിക്കുന്നു.
Security Lapse in Govindachami’s Jailbreak, No External Assistance Involved: DIG Report