യുവാക്കളിലെ ഹൃദയാഘാതം: കോവിഡ് വാക്‌സിനുമായി ബന്ധമില്ലെന്നു പഠന റിപ്പോര്‍ട്ട്

യുവാക്കളിലെ ഹൃദയാഘാതം: കോവിഡ് വാക്‌സിനുമായി ബന്ധമില്ലെന്നു പഠന റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: കോവിഡ് വാക്‌സിന്‍ എടുത്ത യുവാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ ഹൃദയാഘാതം സംഭവിച്ച് മരിക്കുന്നു എന്ന പ്രചാരണത്തിന് അടിസ്ഥാനമില്ലെന്നു കേന്ദ്ര ആരോഗ്യ മന്ത്രാലയം.  കോവിഡ് 19 വാക്‌സിന്‍ എടുത്തവരില്‍ ഹൃദയാഘാതം കൂടുതലായി കാണുന്നു എന്ന പ്രചാരണം വ്യാപകമയാതിനു പിന്നാലെയാണ് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസേര്‍ച്ചിന്റെ പഠന റിപ്പോര്‍ട്ട് പുറത്തു വിട്ടത്.  

കോവിഡ്-19 വാക്‌സിനുകളും യുവാക്കളിലെ ഹൃദയാഘാതവും തമ്മില്‍ യാതൊരു ബന്ധവുമില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. യുവാക്കളില്‍ ഹൃദയാഘാതം കൂടുതലായതിന്റെ കാരണം ജീവിതശൈലിയാണെന്നും പഠന റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 19 സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ഉള്‍പ്പെടെ 47 ആശുപത്രികളില്‍ ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചും (ഐസിഎംആര്‍) എയിംസും സംയുക്തമായാണ് പഠനം നടത്തിയത്.

രാജ്യത്ത് 40 വയസിനു താഴെയുള്ളവരില്‍ ഹൃദയാഘാത നിരക്ക് വര്‍ദ്ധിക്കുന്നതിനെക്കുറിച്ചുള്ള ആശങ്കകള്‍ക്കിടയിലാണ് ഈ കണ്ടെത്തലുകള്‍.
18 നും 45 നും ഇടയില്‍ പ്രായമുള്ളവരില്‍ ഹൃദയാഘാതം വര്‍ധിക്കുന്നതിനു പിന്നിലെ കാരണങ്ങള്‍ കണ്ടെത്താന്‍  ഐസിഎംആറും നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോളും (എന്‍സിഡിസി) പഠനം തുടരും.


 പെട്ടെന്നുള്ള മരണങ്ങളുമായി ബന്ധപ്പെട്ട  പഠനം 2023 മെയ് മുതല്‍ ഓഗസ്റ്റ് വരെ 19 സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും 47 ആശുപത്രികളില്‍ നടത്തി. 2021 ഒക്ടോബറിനും 2023 മാര്‍ച്ചിനും ഇടയില്‍  പെട്ടെന്ന് മരിച്ചവ്യക്തികളിലാണ് പഠനം ശ്രദ്ധ കേന്ദ്രീകരിച്ചത്.


‘ജനിതകകാരണം, ജീവിതശൈലി, മുന്‍കാല അവസ്ഥകള്‍, കോവിഡിനു ശേഷമുള്ള സങ്കീര്‍ണതകള്‍ എന്നിവയുള്‍പ്പെടെ നിരവധി ഘടകങ്ങള്‍ പെട്ടെന്നുള്ള ഹൃദയാഘാതത്തിന് കാരണമാകാംമെന്നാണ് കേന്്ദര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കുന്നത്.

കോവിഡ്-19 വാക്‌സിന്‍ സംസ്ഥാനത്തെ യുവാക്കള്‍ക്കിടയില്‍ പെട്ടെന്നുള്ള മരണങ്ങളുടെ വര്‍ദ്ധനവിന് കാരണമാകുമെന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടതിനു പിന്നാലെയാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം് ഈ കണ്ടെത്തലുകള്‍ പരസ്യമാക്കിയത്.

Study finds no link between COVID vaccine and heart attack
Share Email
Top