ടെക്സസ് മിന്നൽ പ്രളയം: മരണം 104 കടന്നു, ഇനിയും കാണാമറയത്ത് നിരവധി പേർ

ടെക്സസ് മിന്നൽ പ്രളയം: മരണം 104 കടന്നു, ഇനിയും കാണാമറയത്ത് നിരവധി പേർ

ടെക്‌സസ് : മധ്യ ടെക്‌സസിലെ പ്രളയ മരണസംഖ്യ 104 ആയി ഉയര്‍ന്നു. ഡസന്‍ കണക്കിന് ആളുകളെ ഇപ്പോഴും കാണാനില്ല. വെള്ളിയാഴ്ച പുലര്‍ച്ചെയുണ്ടായ മിന്നല്‍ പ്രളയത്തില്‍ ഗ്വാഡലൂപ്പ് നദിയില്‍ അസാധാരണമായി ജലനിരപ്പ് ഉയര്‍ന്ന് നിരവധി പേരെ കാണാതാകുകയായിരുന്നു. രണ്ട് നില കെട്ടിടത്തിന്റെ ഉയരത്തിലേക്കാണ് നദിയിലെ ജലനിരപ്പ് ഉയര്‍ന്നത്.

പെണ്‍കുട്ടികളുടെ വേനല്‍ക്കാല ക്യാമ്പായ കെര്‍ കൗണ്ടിയിലെ ക്യാമ്പ് മിസ്റ്റില്‍ നിന്ന് 27 പെണ്‍കുട്ടികളെ കാണാതായിരുന്നു. ഈ 27 കുട്ടികളും മരിച്ചതായി സ്ഥിരീകരിച്ചു. വെള്ളപ്പൊക്കം ഉണ്ടായപ്പോള്‍ ക്യാമ്പ് മിസ്റ്റില്‍ ഏകദേശം 750 കുട്ടികളുണ്ടായിരുന്നു. നദിക്കരയിലെ വീടുകളിലുള്ളവരും ദാരുണ ദുരന്തത്തിന് ഇരകളായി. ഇതുവരെയുള്ള മരണങ്ങളില്‍ 84 എണ്ണം കെര്‍ കൗണ്ടിയിലാണ് സംഭവിച്ചതെന്ന് തിങ്കളാഴ്ച ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ടെക്‌സസ് ഗവര്‍ണര്‍ ഗ്രെഗ് ആബട്ടിന്റെ അഭ്യര്‍ത്ഥനപ്രകാരം കെര്‍ കൗണ്ടിയിലേത് ഒരു വലിയ ദുരന്തമാണെന്ന പ്രഖ്യാപനത്തില്‍ പ്രസിഡന്റ് ട്രംപ് ഒപ്പുവച്ചു. ട്രംപ് ഈയാഴ്ച ദുരന്തഭൂമി സന്ദര്‍ശിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.

ദുരന്തത്തില്‍ കുടുങ്ങിയ ആരെങ്കിലും ജീവനോടെ അവശേഷിക്കുന്നുണ്ടോ എന്ന് കണ്ടെത്തുന്നതിനായി പ്രവര്‍ത്തനങ്ങള്‍ 24 മണിക്കൂറും തുടരുമെന്ന് ഗവര്‍ണര്‍ പറഞ്ഞു.യഥാര്‍ത്ഥത്തില്‍ എത്ര പേരെ കാണാതായിട്ടുണ്ടെന്നത് ഇപ്പോഴും വ്യക്തമല്ല.

Texas flash floods Death toll passes 104 many more missing

Share Email
Top