ടെക്സസ്: അമേരിക്കയിലെ ടെക്സസിലുണ്ടായ മിന്നൽപ്രളയത്തിൽ 14 കുട്ടികളടക്കം 37 പേർക്ക് ജീവൻ നഷ്ടമായെന്ന് ഏറ്റവും പുതിയ വിവരം. 27 കുട്ടികളെ കുറിച്ച് ഇനിയും വിവരം ലഭിച്ചിട്ടില്ല. രക്ഷാപ്രവർത്തകർ തിരച്ചിൽ തുടരുകയാണ്. ഏകദേശം 850 പേരെ രക്ഷപ്പെടുത്തി.
വെള്ളിയാഴ്ച പുലർച്ചെ ഒരു മണിക്കൂറിനുള്ളിൽ ഗ്വാഡലൂപ്പ് നദിയിലെ ജലം 26 അടി (8 മീറ്റർ) ഉയർന്നു. ഒരുമാസം പെയ്യേണ്ട മഴ ഏതാനും മണിക്കൂറുകൊണ്ട് പെയ്യുകയായിരുന്നു. രാത്രി ഉറക്കത്തിലായിരുന്ന ആളുകളെയാണ് നദി കരകവിഞ്ഞ് കൊണ്ടുപോയത്.
നദിക്കരയിൽ നടത്തിയിരുന്ന കാമ്പ് മിസ്റ്റിക് എന്ന ക്രിസ്ത്യൻ ഗേൾസ് സമ്മർ ക്യാമ്പിലെ 27 കുട്ടികളെ കാണാതായതായി കെർ കൗണ്ടിയിലെ ഉദ്യോഗസ്ഥർ പറഞ്ഞു. ഇവരെ കണ്ടെത്താനായുള്ള തിരച്ചിൽ തുടരുകയാണ്.
ഇനിയും ശക്തമായ മഴയും പ്രളയവും ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ പ്രവചനങ്ങൾ സൂചിപ്പിക്കുന്നു.
പ്രാദേശിക പൊലീസ് വിഭാഗം ഈ പ്രളയത്തെ “വിനാശകരം” എന്നാണ് വിശേഷിപ്പിച്ചത്. ടെക്സസ് ഹിൽ കൺട്രിയിൽ തിരച്ചിലും രക്ഷാപ്രവർത്തനങ്ങളും തുടരുകയാണെന്ന് കെർ കൗണ്ടി ഷെരീഫ് ലാറി ലീത പറഞ്ഞു. വേനൽക്കാല ക്യാംപിൽ ഉറങ്ങുകയായിരുന്ന 27 പെൺകുട്ടികൾ ഉൾപ്പെടെ ഒട്ടേറെപ്പേരെയാണ് കാണാതായിട്ടുള്ളത്. 237 പേരെ ഇതുവരെ രക്ഷപ്പെടുത്തിയതായി അധികൃതർ അറിയിച്ചു.
രക്ഷാപ്രവർത്തനങ്ങൾ തുടരുകയാണ്, സെർച്ച് ആൻഡ് റെസ്ക്യൂ ടീമുകൾ ഗ്വാഡലൂപ്പ് നദിയുടെ തീരത്ത് തിരച്ചിൽ നടത്തുന്നുണ്ട്. ടെക്സസ് ഗവർണർ ഗ്രെഗ് അബോട്ട് 15 കൗണ്ടികൾക്കായി ദുരന്ത പ്രഖ്യാപനം നടത്തിയിട്ടുണ്ട്, കൂടാതെ 1,000-ലധികം സംസ്ഥാന രക്ഷാപ്രവർത്തകരെ വിന്യസിച്ചിട്ടുണ്ട്. യു.എസ്. കോസ്റ്റ് ഗാർഡ് ഹെലികോപ്റ്ററുകളും ഡ്രോണുകളും ഉപയോഗിച്ച് രക്ഷാപ്രവർത്തനം നടത്തുകയാണ്. പല റോഡുകളും ഒലിച്ചുപോയി. മരങ്ങൾ കടപുഴകി വീഴുകയും ചെളിയും മറ്റ് അവശിഷ്ടങ്ങളും നദിക്കരയിൽ അടിഞ്ഞുകൂടുകയും ചെയ്തതിനാൽ രക്ഷാപ്രവർത്തനം ദുഷ്കരമാണ്.
‘പ്രളയത്തെ ഭയാനകം എന്ന് വിശേഷിപ്പിച്ച പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്, ഈ ദുരന്തം ടെക്സസിന്റെ ഹൃദയത്തെ തകർത്തിരിക്കുന്നുവെന്നും വ്യക്തമാക്കിക്കൊണ്ട് ദുരന്തബാധിതർക്ക് പിന്തുണ പ്രഖ്യാപിച്ചു. സമൂഹമാധ്യമങ്ങളിൽ നിരവധി പേർ കാണാതായവരെ കുറിച്ചുള്ള വിവരങ്ങൾ പങ്കുവച്ച് ആശങ്ക രേഖപ്പെടുത്തുന്നുണ്ട്. കാലാവസ്ഥാ പ്രവചനങ്ങൾ കൃത്യമല്ലാതിരുന്നതാണ് ഈ ദുരന്തത്തിന്റെ തീവ്രത വർധിപ്പിച്ചതെന്ന ആരോപണവും ഉയർന്നിട്ടുണ്ട്.
കനത്ത മഴ പ്രവചിച്ചിരുന്നെങ്കിലും കണക്കുകൂട്ടലുകളെല്ലാം തെറ്റിച്ചായിരുന്നു മിന്നൽപ്രളയം ടെക്സസിനെ കണ്ണീരിലാഴ്ത്തിയത്. 3 മണിക്കൂർ കൊണ്ട് സൗത്ത് സെൻട്രൽ ടെക്സസിൽ പലയിടത്തും പെയ്തത് 254 മില്ലിമീറ്റർ മഴയാണ്. ടെക്സസിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രം കൂടിയായ പ്രദേശത്താണ് ദുരന്തമുണ്ടായത്. ക്രൈസ്തവ വിശ്വാസികളായ പെൺകുട്ടികൾക്കു വേണ്ടി 1926 മുതൽ നടക്കുന്ന മിസ്റ്റിക് വേനൽക്കാല ക്യാംപിലെ കുട്ടികളെയാണ് കാണാതായത്. നദീതീരത്ത് ഇവർക്ക് താമസിക്കാൻ സജ്ജമാക്കിയ കാബിനുകൾ കൂട്ടത്തോടെ ഒഴുകിപ്പോയി. 8 വയസ്സു മുതലുള്ള കുട്ടികൾ ക്യാംപിലുണ്ടായിരുന്നുവെന്നാണ് വ്യക്തമാകുന്നത്.
Texas floods 37 dead, including 14 children 27 children still missing