ടെക്സസ് പ്രളയം: 28 കുട്ടികൾ ഉൾപ്പെടെ 80 മരണം, 47 പേരെ കാണാതായി, മൂന്നാം ദിനവും തിരച്ചിൽ തുടരുന്നു

ടെക്സസ് പ്രളയം: 28 കുട്ടികൾ ഉൾപ്പെടെ  80 മരണം, 47 പേരെ കാണാതായി, മൂന്നാം ദിനവും തിരച്ചിൽ തുടരുന്നു

ടെക്സസ്: അമേരിക്കയിലെ ടെക്സസിലുണ്ടായ മിന്നൽപ്രളയത്തിൽ 80 മരണം. 47 പേരെ കാണാതായി. മരിച്ചവരിൽ 28 പേർ കുട്ടികളാണ്.

മരണസംഖ്യ ഇങ്ങനെയാണ്

കെർ കൗണ്ടിയിൽ 68 പേർ , ട്രാവിസ് കൗണ്ടിയിൽ 5, ബർനെറ്റ് കൗണ്ടിയിൽ 3, കെൻഡാൽ കൗണ്ടിയിൽ 2 , ടോം ഗ്രീൻ കൗണ്ടിയിൽ ഒരാൾ, വില്യംസൺ കൗണ്ടിയിൽ ഒരാൾ. ടെക്സസിൽ വീണ്ടും മഴ തുടരുകയാണ്. മൂന്നാം ദിവസത്തിലേക്ക് കടന്ന രക്ഷാപ്രവർത്തനത്തിന് മഴ ഒരു തടസ്സമാണ്. ചെളിമൂടിക്കിടക്കുന്ന നദീതീരങ്ങളിൽ നിറയെ വിഷപാമ്പുകളും രക്ഷാപ്രവർത്തകരെ ബുദ്ധിമുട്ടിക്കുകയാണ്. കെർ കൌണ്ടിയിലെ ഗ്വാഡലൂപ് നദിക്കരയിലുണ്ടായിരുന്ന കാമ്പ് മിസ്റ്റിക് എന്ന ക്രിസ്ത്യൻ ഗേൾസ് സമ്മർ ക്യാമ്പിൽ നിന്ന് കാണാതായ 11 കുട്ടികളെ ഇതുവരെ കണ്ടെത്താനായിട്ടില്ല.

വെള്ളിയാഴ്ച പുലർച്ചെയാണ് മിന്നൽ പ്രളയമുണ്ടായത്. ഒരു മണിക്കൂറിനുള്ളിൽ ഗ്വാഡലൂപ്പ് നദിയിലെ ജലം 26 അടി (8 മീറ്റർ) ഉയർന്നു. ഒരുമാസം പെയ്യേണ്ട മഴ ഏതാനും മണിക്കൂറുകൊണ്ട് പെയ്യുകയായിരുന്നു. രാത്രി ഉറക്കത്തിലായിരുന്ന ആളുകളെയാണ് നദി കരകവിഞ്ഞ് കൊണ്ടുപോയത്.

ഇനിയും ശക്തമായ മഴയും പ്രളയവും ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ പ്രവചനങ്ങൾ സൂചിപ്പിക്കുന്നു.

രക്ഷാപ്രവർത്തനങ്ങൾ തുടരുകയാണ്, സെർച്ച് ആൻഡ് റെസ്ക്യൂ ടീമുകൾ ഗ്വാഡലൂപ്പ് നദിയുടെ തീരത്ത് തിരച്ചിൽ നടത്തുന്നുണ്ട്. ടെക്സസ് ഗവർണർ ഗ്രെഗ് അബോട്ട് 20 കൗണ്ടികൾക്കായി ദുരന്ത പ്രഖ്യാപനം നടത്തിയിട്ടുണ്ട്, കൂടാതെ 1,000-ലധികം സംസ്ഥാന രക്ഷാപ്രവർത്തകരെ വിന്യസിച്ചിട്ടുണ്ട്. യു.എസ്. കോസ്റ്റ് ഗാർഡ് ഹെലികോപ്റ്ററുകളും ഡ്രോണുകളും ഉപയോഗിച്ച് രക്ഷാപ്രവർത്തനം നടത്തുകയാണ്. പല റോഡുകളും ഒലിച്ചുപോയി.

‘പ്രളയത്തെ ഭയാനകം എന്ന് വിശേഷിപ്പിച്ച പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്, ഈ ദുരന്തം ടെക്സസിന്റെ ഹൃദയത്തെ തകർത്തിരിക്കുന്നുവെന്നും വ്യക്തമാക്കിക്കൊണ്ട് ദുരന്തബാധിതർക്ക് പിന്തുണ പ്രഖ്യാപിച്ചു. കാലാവസ്ഥ വകുപ്പിൽ നിന്നും മറ്റും നിരവധി ഫെഡറൽ ഉദ്യോഗസ്ഥരെ പിരിച്ചുവിട്ടതിനാലാണ് ദുരന്തം മുൻകൂട്ടി പ്രവചിക്കാൻ കഴിയാതിരുന്നത് എന്ന വിമർശനം അദ്ദേഹം തള്ളി.

കനത്ത മഴ പ്രവചിച്ചിരുന്നെങ്കിലും കണക്കുകൂട്ടലുകളെല്ലാം തെറ്റിച്ചായിരുന്നു മിന്നൽപ്രളയം ടെക്സസിനെ കണ്ണീരിലാഴ്ത്തിയത്. 3 മണിക്കൂർ കൊണ്ട് സൗത്ത് സെൻട്രൽ ടെക്സസിൽ പലയിടത്തും പെയ്തത് 254 മില്ലിമീറ്റർ മഴയാണ്. ടെക്സസിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രം കൂടിയായ പ്രദേശത്താണ് ദുരന്തമുണ്ടായത്. ക്രൈസ്തവ വിശ്വാസികളായ പെൺകുട്ടികൾക്കു വേണ്ടി 1926 മുതൽ നടക്കുന്ന മിസ്റ്റിക് വേനൽക്കാല ക്യാംപിലെ കുട്ടികളെയാണ് കാണാതായത്. നദീതീരത്ത് ഇവർക്ക് താമസിക്കാൻ സജ്ജമാക്കിയ കാബിനുകൾ കൂട്ടത്തോടെ ഒഴുകിപ്പോയി. 8 വയസ്സു മുതലുള്ള കുട്ടികൾ ക്യാംപിലുണ്ടായിരുന്നുവെന്നാണ് വ്യക്തമാകുന്നത്.

Texas floods 80 dead including 28 children 47 missing search continues for third day

Share Email
Top